എപ്പോഴും ക്ഷീണമാണോ? ഈ മൂന്ന് വിറ്റാമിനുകളുടെ കുറവാകാം...

By Web TeamFirst Published Sep 23, 2020, 2:53 PM IST
Highlights

ചില രോഗങ്ങളുടെ ഭാഗമായും അമിതമായി ക്ഷീണം അനുഭവപ്പെടാം. എന്നാല്‍ മിക്കയാളുകളിലും വിറ്റാമിനുകളുടെ കുറവ് കൊണ്ടാകാം ഇത്തരത്തില്‍ ക്ഷീണം ഉണ്ടാകുന്നത്. 

ക്ഷീണം ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്. ഒരു ജോലിയും ചെയ്യാന്‍ തോന്നാത്ത വിധം ക്ഷീണം അനുഭവപ്പെടുക, മന്ദത, തളര്‍ച്ച എന്നിവയൊക്കെ പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം. ഉറക്കമില്ലായ്മ , ഭക്ഷണക്കുറവ് എന്നിവയൊക്കെ ക്ഷീണം അനുഭവപ്പെടാന്‍ കാരണമാകാം. 

ചില രോഗങ്ങളുടെ ഭാഗമായും അമിതമായി ക്ഷീണം അനുഭവപ്പെടാം. എന്നാല്‍ മിക്കയാളുകളിലും വിറ്റാമിനുകളുടെ കുറവ് കൊണ്ടാകാം ഇത്തരത്തില്‍ ക്ഷീണം ഉണ്ടാകുന്നത്. അത്തരത്തില്‍ വിറ്റാമിനുകളുടെ കുറവ് മൂലം ക്ഷീണം അനുഭവിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍, താഴെ പറയുന്ന വിറ്റാമിനുകള്‍ ഡയറ്റില്‍ ഉറപ്പായും ഉള്‍പ്പെടുത്തുക. 

ഒന്ന്...

വിറ്റാമിന്‍ ബി12ന്‍റെ കുറവ് മൂലം ചിലരില്‍ ക്ഷീണവും തളര്‍ച്ചയും ഉണ്ടാകാം.  ചുവന്ന രക്താണുവിന്റെ രൂപീകരണത്തെ സഹായിക്കുക, ഉപാപചയ ‌പ്രവർത്തനനിരക്ക് നിയന്ത്രിക്കുക, കേന്ദ്രനാഡീ വ്യവസ്ഥയെ സംരക്ഷിക്കുക, എന്നിവയിലെല്ലാം വിറ്റാമിന്‍ ബി12 പ്രധാന പങ്കുവഹിക്കുന്നു. തലച്ചോറിന്റെ ശരിയായ പ്ര‌‌വർത്തനത്തിനും വികസനത്തിനും വിറ്റാമിന്‍ ബി12 ആവശ്യമാണ്. ഡിഎൻഎയുടെ രൂപപ്പെടലിനും ബി12 ആവശ്യമാണ്. 

പാലിലും ‌മുട്ടയിലും മത്സ്യത്തിലും വിറ്റാമിന്‍ ബി12 ഉണ്ട്. മത്സ്യങ്ങളിൽ ചൂര, മത്തി എന്നിവയിൽ വിറ്റാമിൻ ബി12 ധാരാളം അടങ്ങിയിട്ടുണ്ട്. 

രണ്ട്...

സൂര്യരശ്മികള്‍ നമ്മുടെ ചര്‍മ്മത്തില്‍ വീഴുന്നത് വഴി നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് വേണ്ട ഒന്നാണ് വിറ്റാമിന്‍ ഡി. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം  ചെയ്യാന്‍ വിറ്റാമിന്‍ ഡി സഹായിക്കും. ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് വിറ്റാമിന്‍ ഡി. വിറ്റാമിന്‍ ഡിയുടെ കുറവ്  പല ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കാം. അമിതമായ ക്ഷീണം, എല്ലുകളില്‍ വേദന, പേശികള്‍ക്ക് ബലക്ഷയം തുടങ്ങിയവയാണ് വിറ്റാമിന്‍ ഡി കുറഞ്ഞാലുള്ള ലക്ഷണങ്ങള്‍.

സൂര്യപ്രകാശത്തില്‍ നിന്നു മാത്രമല്ല, ചില ഭക്ഷണങ്ങളിലൂടെയും വിറ്റാമിന്‍ ഡി നമുക്ക് ലഭിക്കും. പാല്‍, തൈര്, ബട്ടര്‍, ചീസ് തുടങ്ങിയ പാല്‍ ഉല്‍പന്നങ്ങളില്‍ നിന്ന് ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കും. അതുപോലെ, മുട്ട, സാൽമൺ മത്സ്യം, കൂണ്‍, ധാന്യങ്ങള്‍, പയർ വർഗങ്ങള്‍, തുടങ്ങിയവയില്‍ നിന്നും വിറ്റാമിന്‍ ഡി ലഭിക്കും. 

മൂന്ന്...

ശരീരത്തിന് ഏറ്റവും ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ സി. രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ വിറ്റാമിന്‍ സി സഹായിക്കും. വിറ്റാമിന്‍ സിയുടെ കുറവ് മൂലവും ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടാം. 

നാരങ്ങ, ഓറഞ്ച് തുടങ്ങിയ പഴവര്‍ഗങ്ങളില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ കിവി, പൈനാപ്പിള്‍, പപ്പായ, സ്ട്രോബറി, തണ്ണിമത്തന്‍, മാമ്പഴം, നെല്ലിക്ക, ബ്രക്കോളി, മറ്റ് ഇലക്കറികള്‍ തുടങ്ങിയവയില്‍  നിന്നും വിറ്റാമിന്‍ സി ലഭ്യമാണ്. 

Also Read: വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ വേണം ഈ വിറ്റാമിന്‍; പഠനം...

click me!