
കേരളത്തിന്റെ ആരോഗ്യമേഖല ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായി അർബുദ രോഗങ്ങൾ മാറിക്കഴിഞ്ഞു. ഇതിൽ തന്നെ വർദ്ധിച്ചുവരുന്ന കാൻസർ നിരക്കാണ് ആരോഗ്യപ്രവർത്തകരെ ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തുന്നത്. പണ്ടുകാലങ്ങളിൽ വാർദ്ധക്യസഹജമായ ഒരു രോഗമായി മാത്രം കണക്കാക്കപ്പെട്ടിരുന്ന പല അർബുദങ്ങളും ഇന്ന് ചെറുപ്പക്കാരിലേക്കും മധ്യവയസ്കരിലേക്കും അതിവേഗം പടർന്നുപിടിക്കുന്ന കാഴ്ചയാണ് നാം ദൈനംദിനമെന്നോണം കാണുന്നത്. ഇതിൽ തന്നെ നാം ഏറ്റവും ഗൗരവത്തോടെയും ജാഗ്രതയോടെയും കാണേണ്ട ഒന്നാണ് വൻകുടലിലെ ക്യാൻസർ അഥവാ കൊളോറെക്ടൽ കാൻസർ (Colorectal Cancer).
ദഹനവ്യവസ്ഥയുടെ സുപ്രധാന ഭാഗമായ വൻകുടലിനെയും മലാശയത്തെയും ബാധിക്കുന്ന ഈ അർബുദം ലോകമെമ്പാടും മരണകാരണമാകുന്ന കാൻസറുകളുടെ പട്ടികയിൽ മുൻപന്തിയിലാണ് നിൽക്കുന്നത്. മുൻകാലങ്ങളിൽ അൻപതോ അറുപതോ വയസ്സിനു മുകളിൽ പ്രായമുള്ളവരിലായിരുന്നു ഈ രോഗം കൂടുതലായി കണ്ടുവന്നിരുന്നതെങ്കിൽ, ഇന്നത്തെ കേരളത്തിന്റെ സാഹചര്യം തികച്ചും വ്യത്യസ്തമാണ്.
നാൽപ്പത് വയസ്സ് കഴിഞ്ഞവരിൽ, ചിലപ്പോൾ അതിനു താഴെ പ്രായമുള്ള യുവാക്കളിൽ പോലും വൻകുടൽ കാൻസർ സർവസാധാരണമായി മാറിക്കൊണ്ടിരിക്കുകയാണ്. തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ പൂർണ്ണമായും ഭേദമാക്കാൻ കഴിയുന്ന ഒന്നാണ് ഈ രോഗം. എന്നാൽ, നിർഭാഗ്യവശാൽ മിക്ക രോഗികളും വളരെ വൈകിയാണ് കൃത്യമായ ചികിത്സയ്ക്കായി ഡോക്ടർമാരെ സമീപിക്കുന്നത്.
നാൽപ്പത് വയസ്സ് പിന്നിട്ട ഓരോ വ്യക്തിയും തങ്ങളുടെ ശരീരത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങളെപ്പോലും കൃത്യമായി നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ദിനംപ്രതി വർദ്ധിച്ചുവരുന്ന ഈ അർബുദ നിരക്ക് വിരൽചൂണ്ടുന്നത്.
വൻകുടൽ ക്യാൻസർ ഉണ്ടാകുന്നത് എങ്ങനെ?
നമ്മുടെ ദഹനവ്യവസ്ഥയുടെ അവസാന ഭാഗമാണ് വൻകുടലും മലാശയവും. നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും അവശ്യ പോഷകങ്ങളും വെള്ളവും വലിച്ചെടുത്ത ശേഷം അവശേഷിക്കുന്ന മാലിന്യങ്ങളെ ശരീരത്തിൽ നിന്ന് മലമായി പുറന്തള്ളാൻ സഹായിക്കുന്നത് ഈ പ്രധാന അവയവങ്ങളാണ്. വൻകുടലിന്റെ ആവരണത്തിലുണ്ടാകുന്ന ചില കോശങ്ങളുടെ അനിയന്ത്രിതവും അസാധാരണവുമായ വളർച്ചയാണ് പിന്നീട് കാൻസറായി മാറുന്നത്. മിക്കവാറും ഈ വളർച്ച ആരംഭിക്കുന്നത് 'പോളിപ്പുകൾ' (Polyps) എന്ന് വിളിക്കപ്പെടുന്ന വളരെ ചെറിയ മുഴകളായാണ്.
തുടക്കത്തിൽ ഈ മുഴകൾ അർബുദ സ്വഭാവം ഇല്ലാത്തവയായിരിക്കും (Benign). എന്നാൽ പത്തോ പതിനഞ്ചോ വർഷങ്ങൾ പിന്നിടുമ്പോൾ ഇവയിൽ ചിലത് കാൻസറായി (Malignant) രൂപാന്തരപ്പെടാൻ വലിയ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കൊളോണോസ്കോപ്പി പോലെയുള്ള പരിശോധനകളിലൂടെ വൻകുടലിന്റെ ഉൾഭാഗം പരിശോധിച്ച് ഈ പോളിപ്പുകളെ തുടക്കത്തിൽ തന്നെ കണ്ടെത്തി നീക്കം ചെയ്യുന്നത് വൻകുടൽ കാൻസറിനെ പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ചതും ശാസ്ത്രീയവുമായ മാർഗ്ഗമാണ്.
രോഗകാരണങ്ങളും മാറുന്ന ജീവിതശൈലിയും
ജനിതകപരമായ കാരണങ്ങൾ വൻകുടൽ ക്യാൻസറിന് കാരണമാകാമെങ്കിലും, ഇന്ന് കേരളത്തിൽ നാം കാണുന്ന ഭൂരിഭാഗം കേസുകൾക്കും പിന്നിൽ തികച്ചും അനാരോഗ്യകരമായ ജീവിതശൈലിയാണ് മുഖ്യ വില്ലനാകുന്നത്. നാരുകൾ (Dietary Fiber) തീരെയില്ലാത്ത ഭക്ഷണക്രമം, ഫാസ്റ്റ് ഫുഡുകളുടെ അമിത ഉപയോഗം, കൃത്രിമ നിറങ്ങളും പ്രിസർവേറ്റീവുകളും അടങ്ങിയ സംസ്കരിച്ച മാംസത്തിന്റെ സ്ഥിരമായ ഉപയോഗം, ബീഫ്, മട്ടൺ, പോർക്ക് തുടങ്ങിയ ചുവന്ന മാംസത്തിന്റെ നിരന്തരമുള്ള ഉപഭോഗം എന്നിവ കുടലിലെ കാൻസർ സാധ്യത വലിയ തോതിൽ വർദ്ധിപ്പിക്കുന്നു.
മാംസാഹാരങ്ങൾ ദഹിക്കാൻ കൂടുതൽ സമയമെടുക്കുന്നതിനാൽ അവ കുടലിൽ കൂടുതൽ നേരം തങ്ങിനിൽക്കുകയും ഇത് കുടലിന്റെ ഭിത്തികളിൽ കേടുപാടുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇതിനുപുറമെ, ദിനചര്യയിൽ വ്യായാമമില്ലായ്മ, ചെറുപ്പത്തിൽ തന്നെയുണ്ടാകുന്ന അമിതവണ്ണം, പുകവലി, അമിതമായ മദ്യപാനം എന്നിവയും കാൻസർ സാധ്യതയെ പലമടങ്ങ് വേഗത്തിലാക്കുന്നു. നാൽപ്പത് വയസ്സാകുമ്പോഴേക്കും മനുഷ്യശരീരത്തിലെ കോശങ്ങളുടെ സ്വാഭാവിക പ്രതിരോധശേഷിയിലും വിഭജന പ്രക്രിയയിലും മാറ്റങ്ങൾ വന്നുതുടങ്ങും.
നാൽപ്പത് കഴിഞ്ഞവർ നിർബന്ധമായും ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ
വൻകുടൽ ക്യാൻസറിന്റെ ഏറ്റവും വലിയ പ്രത്യേകതയും അപകടവും, അതിന്റെ പ്രാരംഭദശയിൽ യാതൊരുവിധ ലക്ഷണങ്ങളും പുറത്തുകാണിക്കില്ല എന്നതാണ്. രോഗം കുറച്ചുകൂടി വളർന്ന് കുടലിന്റെ പ്രവർത്തനങ്ങളെ ബാധിച്ചു തുടങ്ങുമ്പോഴാണ് ശരീരത്തിൽ ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു തുടങ്ങുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതും എന്നാൽ ആളുകൾ ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കുന്നതുമായ ലക്ഷണമാണ് മലത്തിലൂടെ രക്തം പോകുന്നത്.
മലവിസർജ്ജന സമയത്ത് ചുവന്ന നിറത്തിലോ അല്ലാതെയോ രക്തം കാണപ്പെടുന്നത് അല്ലെങ്കിൽ മലം കറുത്ത നിറത്തിൽ പോകുന്നത് വൻകുടൽ ക്യാൻസറിന്റെ ഒരു പ്രധാന സൂചനയാണ്. എന്നാൽ ബഹുഭൂരിപക്ഷം ആളുകളും ഇതിനെ പൈൽസ് അഥവാ അർശസ്സ് ആണെന്ന് സ്വയം തെറ്റിദ്ധരിക്കുകയും, മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് സ്വന്തമായി മരുന്നുകൾ വാങ്ങി കഴിക്കുകയും ചെയ്യുന്നു.
മാസങ്ങളോളം പൈൽസിനുള്ള ചികിത്സ സ്വന്തമായി ചെയ്ത ശേഷം, രോഗം കുറയാതെ വരുമ്പോഴും കടുത്ത വേദന അനുഭവപ്പെടുമ്പോഴും മാത്രം വിദഗ്ദ്ധ പരിശോധനയ്ക്ക് എത്തുന്നവരാണ് ഏറെയും. ആ സമയത്ത് അർബുദം വൻകുടൽ വിട്ട് കരൾ ഉൾപ്പെടെയുള്ള മറ്റ് അവയവങ്ങളിലേക്ക് പടർന്നിട്ടുണ്ടാകും. അതിനാൽ മലത്തിലൂടെ രക്തം പോകുന്നത് ഒരിക്കലും നിസ്സാരമായി കാണരുത്.
രക്തം പോകുന്നതുപോലെ തന്നെ ഗൗരവമുള്ള മറ്റൊരു ലക്ഷണമാണ് മലവിസർജ്ജന ശീലങ്ങളിൽ ഉണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങൾ. അതുവരെ കൃത്യമായി എല്ലാ ദിവസവും ശോധനയുണ്ടായിരുന്ന ഒരാൾക്ക് പെട്ടെന്ന് വിട്ടുമാറാത്ത മലബന്ധം അനുഭവപ്പെടുക, അല്ലെങ്കിൽ ചില ദിവസങ്ങളിൽ കടുത്ത മലബന്ധവും മറ്റു ചില ദിവസങ്ങളിൽ കടുത്ത വയറിളക്കവും ഉണ്ടാവുക എന്നിവ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.
ഇവയ്ക്കൊപ്പം തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് അകാരണമായ ശരീരഭാരം കുറയലും കടുത്ത ക്ഷീണവും. നാം പ്രത്യേകിച്ച് വ്യായാമങ്ങളോ കടുത്ത ഭക്ഷണനിയന്ത്രണമോ ചെയ്യാതെ തന്നെ ശരീരഭാരം മാസങ്ങൾക്കുള്ളിൽ ക്രമാതീതമായി കുറയുന്നുണ്ടെങ്കിൽ അത് ക്യാൻസറിന്റെ ഒരു പ്രാരംഭ ലക്ഷണമാകാം.
വൻകുടലിലെ മുഴകളിൽ നിന്ന് വളരെ ചെറിയ അളവിൽ നിരന്തരം രക്തം വാർന്നുപോകുന്നത് പലപ്പോഴും നാം അറിയാറില്ല. ഇത് കാലക്രമേണ ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറയാനും വിളർച്ച അഥവാ അനീമിയ ഉണ്ടാകുന്നതിനും കാരണമാകുന്നു. രക്തക്കുറവ് കാരണം ശരീരകോശങ്ങൾക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വരുമ്പോൾ എപ്പോഴും കടുത്ത ക്ഷീണവും തളർച്ചയും അനുഭവപ്പെടും. ഇതിനുപുറമെ, അടിവയറ്റിൽ അനുഭവപ്പെടുന്ന വിട്ടുമാറാത്ത വേദന, പേശിവലിവ്, എപ്പോഴും ഗ്യാസ് നിറഞ്ഞിരിക്കുന്നതുപോലുള്ള തോന്നൽ, മലവിസർജ്ജനം കഴിഞ്ഞാലും കുടൽ പൂർണ്ണമായും ഒഴിവായില്ലെന്നും വീണ്ടും പോകണമെന്നുമുള്ള തോന്നൽ നിലനിൽക്കുക എന്നിവയും വൻകുടൽ അർബുദത്തിന്റെ ലക്ഷണങ്ങളായി കണക്കാക്കി അടിയന്തര വൈദ്യസഹായം തേടേണ്ടതാണ്.
ലജ്ജ മാറ്റിവെച്ച് വൈദ്യസഹായം തേടേണ്ടതിന്റെ ആവശ്യകത
നമ്മുടെ സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന ഒരു വലിയ പ്രശ്നമാണ് സ്വകാര്യ ഭാഗങ്ങളുമായി ബന്ധപ്പെട്ട അസുഖങ്ങളെക്കുറിച്ച് തുറന്നുപറയാനുള്ള മടി. പ്രത്യേകിച്ചും മലവിസർജ്ജനവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ അടുത്ത കുടുംബാംഗങ്ങളോട് പോലും പലരും മറച്ചുവെക്കുന്നു. നാൽപ്പത് വയസ്സ് കഴിഞ്ഞവർ തങ്ങളുടെ ശരീരത്തിൽ കാണുന്ന ഇത്തരം മാറ്റങ്ങളെ പ്രായാധിക്യം കൊണ്ടാണെന്ന് സ്വയം ആശ്വസിക്കാൻ ശ്രമിക്കുന്നു.
മുകളിൽ പറഞ്ഞ ലക്ഷണങ്ങളിൽ ഏതെങ്കിലും ഒന്ന് രണ്ടോ മൂന്നോ ആഴ്ചകളിൽ കൂടുതൽ നീണ്ടുനിൽക്കുന്നുണ്ടെങ്കിൽ ഒരു ഗ്യാസ്ട്രോഎൻട്രോളജിസ്റ്റിനെയോ ഗ്യാസ്ട്രോ സർജനെയോ കണ്ട് കൃത്യമായ പരിശോധനകൾ നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്. രോഗനിർണ്ണയത്തിനായി ഇന്ന് ഏറ്റവും മികച്ച സംവിധാനങ്ങൾ ലഭ്യമാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കൊളോണോസ്കോപ്പി.
ഒരു ചെറിയ ക്യാമറ ഘടിപ്പിച്ച ഫ്ലെക്സിബിൾ ആയ ട്യൂബ് മലദ്വാരത്തിലൂടെ കടത്തിവിട്ട് വൻകുടലിന്റെയും മലാശയത്തിന്റെയും ഉൾഭാഗം പൂർണ്ണമായും പരിശോധിക്കുന്ന ശാസ്ത്രീയ രീതിയാണിത്. കാൻസർ മുഴകളോ, കാൻസറായി മാറാൻ സാധ്യതയുള്ള പോളിപ്പുകളോ വൻകുടലിൽ ഉണ്ടെങ്കിൽ കൃത്യമായി കണ്ടെത്താൻ ഇതിലൂടെ സാധിക്കും.
കുടുംബ ചരിത്രവും ജനിതക ഘടകങ്ങളും
വൻകുടൽ കാൻസറിന്റെ കാര്യത്തിൽ കുടുംബ ചരിത്രത്തിന് വലിയ പങ്കുണ്ട്. മാതാപിതാക്കൾ, സഹോദരങ്ങൾ, മക്കൾ എന്നിവർക്കാർക്കെങ്കിലും വൻകുടൽ കാൻസറോ കുടലിലെ പോളിപ്പുകളോ വന്നിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ഈ രോഗം വരാനുള്ള സാധ്യത സാധാരണക്കാരേക്കാൾ ഇരട്ടിയാണ്.
ലിഞ്ച് സിൻഡ്രോം (Lynch syndrome), ഫെമിലിയൽ അഡിനോമാറ്റസ് പോളിപ്പോസിസ് (Familial adenomatous polyposis - FAP) തുടങ്ങിയ ജനിതക അവസ്ഥകൾ ഉള്ള കുടുംബങ്ങളിൽ ചെറുപ്പത്തിൽ തന്നെ കാൻസർ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ ഇത്തരം കുടുംബ പശ്ചാത്തലമുള്ളവർ നാൽപ്പത് വയസ്സ് വരെ കാത്തിരിക്കാതെ അതിനു മുൻപ് തന്നെ ഡോക്ടറെ കണ്ട് കൃത്യമായ സ്ക്രീനിംഗ് ആരംഭിക്കേണ്ടതാണ്.
ആധുനിക ശസ്ത്രക്രിയാ രീതികളും ചികിത്സാ പുരോഗതിയും
വൻകുടൽ കാൻസർ സ്ഥിരീകരിച്ചാൽ രോഗികൾ ആദ്യം ഭയപ്പെടുന്നത് വലിയ ശസ്ത്രക്രിയകളെയും അതിനുശേഷമുള്ള ജീവിതത്തെയുമോർത്താണ്. വയറു പൂർണ്ണമായും കീറിയുള്ള വലിയ ശസ്ത്രക്രിയകളും, മലം പോകുന്നതിനായി വയറ്റിൽ സഞ്ചി വെക്കേണ്ടി വരുമോ എന്നതുമാണ് എല്ലാവരുടെയും പ്രധാന ഭയം. എന്നാൽ ആധുനിക ഗ്യാസ്ട്രോ സർജറി രംഗം വലിയ കുതിച്ചുചാട്ടമാണ് ഈ മേഖലയിൽ നടത്തിയിരിക്കുന്നത്. ഇന്ന് വൻകുടൽ കാൻസർ ചികിത്സയ്ക്ക് ലാപ്രോസ്കോപ്പിക് അഥവാ കീഹോൾ ശസ്ത്രക്രിയാ രീതിയാണ് വ്യാപകമായി ഉപയോഗിക്കുന്നത്.
വയറ്റിൽ വലിയ മുറിവുകൾ ഉണ്ടാക്കാതെ, ചെറിയ സുഷിരങ്ങളിലൂടെ അത്യാധുനിക ക്യാമറകളുടെയും അതിസൂക്ഷ്മ ഉപകരണങ്ങളുടെയും സഹായത്തോടെ കാൻസർ ബാധിച്ച ഭാഗം കൃത്യമായി മുറിച്ചുമാറ്റുന്ന രീതിയാണിത്. കൊളോറെക്ടൽ കാൻസറുകൾക്ക് കീഹോൾ ശസ്ത്രക്രിയ ചെയ്യുന്നത് രോഗിക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വേദന വളരെ കുറവായിരിക്കും എന്നതും, അണുബാധയ്ക്കുള്ള സാധ്യത കുറയുന്നതും, പെട്ടെന്ന് തന്നെ ആശുപത്രി വിടാനും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും സാധിക്കും എന്നതും ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയുടെ വലിയ ഗുണങ്ങളാണ്. കാൻസറിന്റെ ഘട്ടമനുസരിച്ച് ശസ്ത്രക്രിയയ്ക്ക് മുൻപോ ശേഷമോ കീമോതെറാപ്പിയോ റേഡിയേഷനോ ചിലപ്പോൾ ആവശ്യമായി വന്നേക്കാം. ഇന്നത്തെ ടാർഗെറ്റഡ് തെറാപ്പികളും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഇമ്മ്യൂണോതെറാപ്പികളും അർബുദ ചികിത്സയെ മുൻപെന്നത്തേക്കാളും കൂടുതൽ ഫലപ്രദമാക്കിയിട്ടുണ്ട്.
ശരിയായ ജീവിതശൈലിയിലൂടെ രോഗപ്രതിരോധം
കാൻസർ വന്നിട്ട് അത് ചികിത്സിക്കുന്നതിനേക്കാൾ വരാതെ നോക്കുക എന്നതാണ് ഏറ്റവും ബുദ്ധിപരമായ കാര്യം. വൻകുടൽ കാൻസറിന്റെ കാര്യത്തിൽ നമ്മുടെ ജീവിതശൈലിയിലെ ചെറിയ മാറ്റങ്ങൾ പോലും വലിയൊരു പ്രതിരോധമാണ് തീർക്കുന്നത്. നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ നാരുകൾ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം.
ഇലക്കറികൾ, ബ്രൊക്കോളി, ക്യാരറ്റ് തുടങ്ങിയ പച്ചക്കറികൾ, തവിടുള്ള കുത്തരി, ചെറുധാന്യങ്ങൾ, ഓട്സ്, വിവിധതരം പഴവർഗ്ഗങ്ങൾ എന്നിവ കുടലിന്റെ ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. നാരുകൾ അടങ്ങിയ ഭക്ഷണം കുടലിലൂടെയുള്ള മാലിന്യങ്ങളുടെ സുഗമമായ സഞ്ചാരത്തിന് സഹായിക്കുകയും അർബുദത്തിന് കാരണമാകുന്ന വിഷാംശങ്ങളെ ശരീരത്തിൽ നിന്ന് വേഗത്തിൽ പുറന്തള്ളുകയും ചെയ്യുന്നു.
ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നത് കുടലിന്റെ പ്രവർത്തനം സുഗമമാക്കും. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾക്ക് പകരം ആവിയിൽ വേവിച്ച നാടൻ ഭക്ഷണങ്ങൾ ശീലമാക്കുക. ദിവസവും കുറഞ്ഞത് മുപ്പത് മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നത് കുടലിന്റെ സ്വാഭാവിക ചലനങ്ങളെ ഉദ്ദീപിപ്പിക്കാനും ക്യാൻസറിന് കാരണമാകുന്ന അമിതവണ്ണം കുറയ്ക്കാനും വലിയ തോതിൽ സഹായിക്കും.
(പ്രമുഖ ഗ്യാസ്ട്രോഎൻട്രോളജി സർജൻ ഡോ. ബൈജു സേനാധിപൻ തയ്യാറാക്കിയ ലേഖനം)
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam