
പല മരുന്നുകള്‍ക്കും പല തരത്തിലുള്ള പാര്‍ശ്വഫലങ്ങളുമുണ്ടെന്ന് നമുക്കറിയാം. ചിലതെല്ലാം നമുക്ക് എളുപ്പത്തില്‍ വിട്ടുകളയാവുന്നതോ അല്ലെങ്കില്‍ കൈകാര്യം ചെയ്യാവുന്നതോ ആയ പാര്‍ശ്വഫലങ്ങളായിരിക്കും. അതേസമയം ചില പാര്‍ശ്വഫലങ്ങള്‍ നമ്മെ കാര്യമായിത്തന്നെ ബാധിക്കാം.
ഇതുമായി ബന്ധപ്പെട്ട് വന്നിരിക്കുന്ന ഏതാനും റിപ്പോര്‍ട്ടാണിപ്പോള്‍ ഏറെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. ഏറെ കാലമായി പ്രമേഹത്തിന് നല്‍കിവന്നിരുന്ന- നിലവില്‍ അമിതവണ്ണം കുറയ്ക്കാനും നല്‍കുന്ന ചില മരുന്നുകളുടെ ഞെട്ടിക്കുന്ന പാര്‍ശ്വഫലമാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. യൂറോപ്യൻ യൂണിയന്‍റെ ഡ്രഗ്സ് റെഗുലേറ്റര്‍ ഏജൻസി കണ്ടെത്തിയ കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.
പ്രമേഹത്തിനും അമിതവണ്ണത്തിനും നല്‍കിവന്നിരുന്ന ചില മരുന്നുകള്‍ രോഗികളില്‍ ആത്മഹത്യാ പ്രവണതയുണ്ടാക്കുന്നു എന്നാണ് ഏജൻസി കണ്ടെത്തിയിരിക്കുന്നത്. കടുത്ത മാനസികപ്രശ്നങ്ങള്‍ രോഗിയില്‍ തീര്‍ക്കും, സ്വയം മുറിവേല്‍പിക്കാനോ അപകടപ്പെടുത്താനോ എല്ലാം രോഗി ശ്രമിക്കാം. ഇതിന് പുറമെ ആത്മഹത്യാപ്രവണതയിലേക്കും രോഗി എത്തുന്നു. ഇങ്ങനെയാണത്രേ ഈ മരുന്നുകളുടെ പാര്‍ശ്വഫലം.
ആഗോളതലത്തില്‍ തന്നെ പേരുകേട്ട മരുന്നുകമ്പനികളായ 'Novo Nordisk', 'Eli Lilly & Co.' എന്നിവരുടെ മരുന്നുകളടക്കമാണ് ആരോപണവിധേയമായിരിക്കുന്നത്. ഈ മരുന്നുകളാണെങ്കില്‍ ഫാര്‍മസികളില്‍ വലിയ രീതിയില്‍ വിറ്റഴിയുന്നതും ആണത്രേ. ഏതായാലും കമ്പനികള്‍ ഈ കണ്ടെത്തലുകളെയൊന്നും അംഗീകരിച്ചിട്ടില്ല. തങ്ങള്‍ എപ്പോഴും മനുഷ്യരുടെ സുരക്ഷ മുൻനിര്‍ത്തി ഏറെ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് മരുന്നുകള്‍ വിപണിയിലെത്തിക്കുന്നതെന്നാണ് ഇവരുടെ വാദം. അതേസമയം ഈ വിഷയത്തില്‍ ഇനിയും വ്യക്തതകള്‍ വരാനുണ്ടെന്ന അഭിപ്രായമാണ് ഗവേഷകരില്‍ തന്നെ ചിലര്‍ പങ്കുവയ്ക്കുന്നത്.
എന്നാല്‍ കമ്പനികളോട് പല കാര്യങ്ങളിലും വിശദീകരണം തേടുമെന്നും ഇതെല്ലാം പിന്നീട് ഏപ്രിലില്‍ നടക്കുന്ന യോഗത്തില്‍ ചര്‍ച്ച വയ്ക്കുമെന്നും ഏജൻസി അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വ്യക്തതയ്ക്ക് വേണ്ടി ഇനിയും അന്വേഷണം നടത്താൻ തന്നെയാണ് ഏജൻസിയുടെ തീരുമാനമെന്നാണ് സൂചന. ഇതിനോട് എതിര്‍പ്പൊന്നുമില്ലെന്ന് കമ്പനികളും അറിയിക്കുന്നുണ്ട്.
Also Read:- മഞ്ഞുകാലത്ത് മടുപ്പും മടിയും കൂടുതലാകുന്നത് എന്തുകൊണ്ട്? മറികടക്കാനുള്ള ടിപ്സ്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam