ശരീരത്തിന് അതിന്‍റേതായൊരു ക്ലോക്കുണ്ട്. ഇതില്‍ സൂര്യപ്രകാശം ഇരുട്ട് എന്നിവയ്ക്കെല്ലാം കൃത്യമായ സ്വാധീനമുണ്ട്.മഞ്ഞുകാലത്ത് ഈ ജൈവഘടികാരത്തിന് ആശയക്കുഴപ്പമുണ്ടാകുന്നു

പൊതുവെ മഞ്ഞുകാലമാകുമ്പോള്‍ അധികപേരിലും കാണപ്പെടുന്നൊരു പ്രശ്നമാണ് അലസത. കാലാവസ്ഥ തന്നെയാണ് പ്രധാനമായും ഇതില്‍ സ്വാധീനഘടകമായി വരുന്നത്. വെറുതെ തണുപ്പ് കൊള്ളരുമ്പോള്‍ പുതച്ചുമൂടി ഇരിക്കാനുള്ള ആഗ്രഹം വരുന്നത് കൊണ്ടല്ല കെട്ടോ ഈ മടിയും അലസതയുമെല്ലാം. ഇതിന് കൃത്യമായ കാരണമുണ്ട്. 

ഇരുപത്തിനാല് മണിക്കൂര്‍ ഉള്ള ഒരു ദിവസത്തില്‍ നമ്മുടെ ശീലങ്ങളെല്ലാം ശരീരം കൃത്യമായി മനസിലാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് ചുറ്റുപാട്- അഥവാ കാലാവസ്ഥ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. അതായത് രാത്രിയില്‍ ഉറങ്ങണം, രാവിലെ എഴുന്നേല്‍ക്കണം, സമയാസമയം ഭക്ഷണം, വിശ്രമം എന്നിങ്ങനെ എല്ലാ കാര്യങ്ങളും ശരീരം സമയത്തിന് അനുസരിച്ചാണ് ക്രമീകരിച്ചുവയ്ക്കുക. 

ഇതിനെ നമുക്ക് ജൈവ ഘടികാരം എന്ന് വിളിക്കാം. അതായത് ശരീരത്തിന് അതിന്‍റേതായൊരു ക്ലോക്കുണ്ട്. ഇതില്‍ സൂര്യപ്രകാശം ഇരുട്ട് എന്നിവയ്ക്കെല്ലാം കൃത്യമായ സ്വാധീനമുണ്ട്. എന്നാല്‍ മഞ്ഞുകാലമാകുമ്പോള്‍ കുറഞ്ഞ സൂര്യപ്രകാശം, ദൈര്‍ഘ്യത കുറഞ്ഞ പകലുകള്‍ എന്നിവയെല്ലാം ശരീരത്തിന്‍റെ ജൈവഘടികാരത്തിന് ആശയക്കുഴപ്പമുണ്ടാക്കുന്നു. ഇതിന്‍റെ ഭാഗമായാണ് ഇങ്ങനെ അലസതയും മടുപ്പുമെല്ലാം തോന്നുന്നത്. 

ആവശ്യത്തിന് സൂര്യപ്രകാശമില്ലെങ്കില്‍ തന്നെ ശരീരത്തിന് ഉണര്‍വുണ്ടാവുകയില്ല. അതുപോലെ പകലിന്‍റെ ദൈര്‍ഘ്യത കുറയുമ്പോള്‍ രാത്രിയുടെ ദൈര്‍ഘ്യത കൂടുകയും എളുപ്പം ഇരുട്ട് പരക്കുകയും ശരീരം ഇതിനെ രാത്രിയായി മനസിലാക്കുകയും ചെയ്യും. 

സൂര്യപ്രകാശം ഏല്‍ക്കുന്നത് കുറയുമ്പോള്‍ നമുക്ക് വൈറ്റമിൻ ഡി ലഭിക്കുന്നതും കുറയുന്നു. വൈറ്റമിൻ ഡിയുടെ കുറവ് സ്വാഭാവികമായും തളര്‍ച്ച, അലസത,മൂഡ് ഡിസോര്‍ഡര്‍ എന്നിവയിലേക്കെല്ലാം നയിക്കാം. ചിലര്‍ക്ക് മഞ്ഞുകാലത്ത് ഡിപ്രഷൻ വരെ ഉണ്ടാകാറുണ്ട്. പലരും ഇത് വെറുതെ തോന്നുന്നതാണ് എന്നാണ് ചിന്തിക്കുന്നത്. അല്ല- ഇതിന് പിന്നില്‍ ശരിയായ കാരണങ്ങള്‍ തന്നെയെന്ന് ഇപ്പോള്‍ വ്യക്തമായില്ലേ?

കഴിയുന്നതും മഞ്ഞുകാലത്ത് രാവിലത്തെ വെയിലും മറ്റ് പകല്‍സമയത്തെ വെയിലും അല്‍പമെങ്കിലും നേരിട്ട് കൊള്ളാൻ ശ്രമിക്കണം. ഇത് വലിയ രീതിയില്‍ ഇത്തരം പ്രശ്നങ്ങളെ മറികടക്കാൻ നമ്മെ സഹായിക്കും. അതുപോലെ കായികാധ്വാനമോ വ്യായാമമോ ചെയ്യുന്നതും ഊര്‍ജ്ജസ്വലത വര്‍ധിപ്പിക്കും. 

ഇതിനൊപ്പം ഭക്ഷണത്തിലും ചിലത് ശ്രദ്ധിക്കാം. ചില ഭക്ഷണങ്ങള്‍ മഞ്ഞുകാലത്ത് പ്രത്യേകമായി ഡയറ്റിലുള്‍പ്പെടുത്താം. ബ്ലൂബെറീസ്, ചീര, ക്വിനോവ, ചിയ സീഡ്സ്, മധുരക്കിഴങ്ങ്, ബദാം, ഗ്രീൻ ടീ എന്നിവയെല്ലാം ഇതിനുദാഹരണമാണ്. 

Also Read:- കറിവേപ്പില കഴിക്കണേ; കറിവേപ്പില കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo