Ebola virus outbreak : കോംഗോയിൽ എബോള വ്യാപനം ; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

Published : May 17, 2026, 12:03 PM IST
ebola

Synopsis

ഛർദ്ദി, രക്തം, ശുക്ലം തുടങ്ങിയ ശരീരസ്രവങ്ങളിലൂടെയും ഇത് പകരാം. രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം.

കോംഗോയിൽ എബോള വ്യാപനത്തെ തുടർന്ന് പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പ്രഖ്യാപിച്ചു. എന്നാൽ നിലവിലെ വ്യാപനം പകർച്ചവ്യാധി അടിയന്തരാവസ്ഥയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ‍ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. ബുണ്ടിബുഗ്യോ വൈറസ് ആണ് ഇപ്പോഴത്തെ രോഗകാരണം. ഏകദേശം 246 സംശയാസ്പദമായ കേസുകളും 80 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ട ഈ രൂക്ഷ സമയത്ത് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും ഏജൻസി കൂട്ടിച്ചേർത്തു. 

രോഗബാധിതരുടെ യഥാർത്ഥ എണ്ണത്തിലും വ്യാപനത്തിലും നിലവിൽ കാര്യമായ അനിശ്ചിതത്വങ്ങളുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് മുന്നറിയിപ്പ് നൽകി. നിലവിലെ എബോള വകഭേദമായ ബുണ്ടിബുഗ്യോ വൈറസിന് അംഗീകൃത മരുന്നുകളോ വാക്സിനുകളോ ഇല്ല.

ഇറ്റൂരി പ്രവിശ്യയുടെ തലസ്ഥാനമായ ബുനിയ, സ്വർണ്ണ ഖനന പട്ടണങ്ങളായ മോങ്‌വാലു, റുവാമ്പാറ എന്നിവയുൾപ്പെടെ മൂന്ന് ആരോഗ്യ മേഖലകളിലായി വൈറസ് ബാധ സ്ഥിരീകരിച്ച എട്ട് കേസുകളും സംശയാസ്പദമായ മരണങ്ങളും ഉണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. അണുബാധ-പ്രതിരോധ നടപടികൾ നിരീക്ഷിക്കുന്നതിനും കണ്ടെത്തുന്നതിനും നടപ്പിലാക്കുന്നതിനുമായി കോംഗോയും ഉഗാണ്ടയും അടിയന്തര പ്രവർത്തന കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചു.

1976ൽ എബോള ആദ്യമായി കണ്ടെത്തിയ കോംഗോയിൽ ഇത് 17-ാമത്തെ വ്യാപനമാണ്. മുൻകാലങ്ങളിൽ കോംഗോയിൽ എബോള സൈർ വൈറസാണ് കൂടുതലായി കണ്ടത്. എബോള വൈറസിനുള്ള വാക്സീൻ കോംഗോയിൽ സ്റ്റോക്കുണ്ടെങ്കിലും സുഡാൻ, ബുണ്ടിബുഗ്യോ വൈറസുകൾക്ക് അതു ഫലപ്രദമല്ലെന്ന് ആഫ്രിക്ക സിഡിസി (സെന്റർ ഫോർ ഡിസീസ് കൺട്രോൾ) അറിയിച്ചു.

എബോള വൈറസ് വളരെ പകർച്ചവ്യാധിയാണ്. ഛർദ്ദി, രക്തം, ശുക്ലം തുടങ്ങിയ ശരീരസ്രവങ്ങളിലൂടെയും ഇത് പകരാം. രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. കുരങ്ങുകൾ, മാനുകൾ, മുള്ളൻ പന്നി, പന്നി തുടങ്ങിയ മൃഗങ്ങളിലും രോഗംകാണുന്നുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ വിസർജ്യങ്ങളിലൂടെയോ, അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേയ്ക്ക് പടരാം.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുട്ടികളിൽ ഡെങ്കിപ്പനി വരുന്നത് തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വൻകുടൽ ക്യാൻസറും ഫാറ്റി ലിവറും തടയാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങൾ