
മഴക്കാലത്ത് ചർമ്മ സംരക്ഷണം ഏറെ പ്രയാസം നിറഞ്ഞ കാര്യമാണ്. കാരണം മഴ സമയത്ത് വിവിധ ചർമ്മപ്രശ്നങ്ങളാണ് ഉണ്ടാവുന്നത്. ചർമ്മത്തെ പരിപാലിക്കുന്നതിനുള്ള ആദ്യത്തേതും പ്രധാനവുമായ ഘട്ടം ചർമ്മം ഈർപ്പ രഹിതമായി സൂക്ഷിക്കുക എന്നതാണ്. ഇത് ചർമ്മത്തെ മനോഹരവും തിളക്കമുള്ളതുമാക്കി നിലനിർത്തുവാൻ സഹായിക്കുന്നു.
അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പം, അമിതമായ വിയർപ്പ്, നനഞ്ഞ വസ്ത്രങ്ങൾ, ദീർഘനേരം ഈർപ്പവുമായി സമ്പർക്കമുണ്ടാകുന്നത് എന്നിവ കാരണം മഴക്കാലത്ത് ചർമ്മരോഗങ്ങൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. ഫംഗസ് ബാധ, ചർമ്മത്തിലെ തടിപ്പുകൾ, ചൊറിച്ചിൽ, ചുവന്നുതടിക്കൽ, ചർമ്മ അലർജി തുടങ്ങിയ പ്രശ്നങ്ങൾ പലർക്കും അസ്വസ്ഥതയുണ്ടാക്കാറുണ്ട്.
ഡോക്ടറുടെ കുറിപ്പടിയില്ലാതെ ലഭിക്കുന്ന ക്രീമുകൾ, സോഷ്യൽ മീഡിയയിലെ ആരോഗ്യ നിർദ്ദേശങ്ങൾ, വീട്ടുവൈദ്യങ്ങൾ എന്നിവ എളുപ്പത്തിൽ ലഭ്യമായതിനാൽ പലരും ചർമ്മത്തിലെ അണുബാധകൾ സ്വയം ചികിത്സിക്കുന്നു. എന്നാൽ, പ്രത്യേകിച്ച് മഴക്കാലത്ത് ഇത്തരം സ്വയം ചികിത്സ അണുബാധ വഷളാക്കാനും രോഗം ഭേദമാകുന്നത് വൈകിപ്പിക്കാനും ചർമ്മത്തിന് ദീർഘകാലാടിസ്ഥാനത്തിലുള്ള കേടുപാടുകൾ വരുത്തിവയ്ക്കാനും കാരണമായേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഓരോ തവണ മുഖം വൃത്തിയാക്കിയ ശേഷവും മോയ്‌സ്ചുറൈസർ പുരട്ടുക. കുളി കഴിഞ്ഞ ശേഷം മോയ്‌സ്ചുറൈസർ ഉപയോഗിക്കാൻ മറന്നു പോകരുത്.
മഴക്കാലത്ത് ഫംഗസ് ബാധ, ചർമ്മത്തിലെ ചൊറിച്ചിൽ, അലർജി എന്നിവയ്ക്ക് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ ഏകദേശം 30 ശതമാനം വർധനവുണ്ടാകാറുണ്ട്. ഫംഗസ് ബാധയുള്ളവരിൽ പത്തിൽ മൂന്ന് പേരും ചർമ്മരോഗ വിദഗ്ധനെ കാണുന്നതിന് മുൻപ് സ്വയം ചികിത്സ (self-medication) നടത്തിയവരാണ്. ഈ കാലയളവിൽ കണ്ടുവരുന്ന സാധാരണ പ്രശ്നങ്ങളിൽ വട്ടച്ചൊറി (ringworm), അത്‌ലീറ്റ്‌സ് ഫൂട്ട് (പാദങ്ങളിലെ ഫംഗസ് ബാധ), തുടയിടുക്കുകളിലെ ഫംഗസ് ബാധ, ബാക്ടീരിയ മൂലമുള്ള ചർമ്മരോഗങ്ങൾ, എക്സിമയുടെ തീവ്രത കൂടൽ എന്നിവ ഉൾപ്പെടുന്നു. പ്രശ്നത്തിന്റെ യഥാർത്ഥ കാരണം മനസ്സിലാക്കാതെ സുഹൃത്തുക്കളോ ഫാർമസിസ്റ്റുകളോ നിർദ്ദേശിക്കുന്ന ക്രീമുകൾ പലരും ഉപയോഗിക്കാറുണ്ട്. ചൊറിച്ചിൽ, ചുവപ്പ് നിറം തുടങ്ങിയ ലക്ഷണങ്ങൾ താൽക്കാലികമായി കുറഞ്ഞേക്കാമെങ്കിലും, പലപ്പോഴും അണുബാധ ചർമ്മത്തിനടിയിൽ പടരുന്നത് തുടരുകയും അത് പിന്നീട് ചികിത്സ സങ്കീർണ്ണമാക്കുകയും ചെയ്യുന്നുതായി ത്വക്ക് രോഗ വിദഗ്ധ ഡോ. ഷരീഫ ഇസ ചൗസ് പറയുന്നു.
പലരും ബാധിക്കപ്പെട്ട ചർമ്മഭാഗങ്ങളിൽ മഞ്ഞൾപ്പൊടി, വിനാഗിരി, ബേക്കിംഗ് സോഡ, വെളുത്തുള്ളി, വെളിച്ചെണ്ണ, ടൂത്ത് പേസ്റ്റ് അല്ലെങ്കിൽ എസൻഷ്യൽ ഓയിലുകൾ എന്നിവ പുരട്ടാറുണ്ട്. ഇവയിൽ ചിലതിന് ഗുണഫലങ്ങൾ ഉണ്ടായേക്കാമെങ്കിലും, രോഗത്തിന് കാരണമായ യഥാർത്ഥ അണുബാധയെ ചികിത്സിക്കാൻ ഇവ പര്യാപ്തമായെന്നു വരില്ല. ചിലപ്പോൾ ഇവ ചർമ്മത്തിൽ അസ്വസ്ഥത, നീറ്റൽ, ചുവപ്പ്, അലർജി എന്നിവ ഉണ്ടാക്കുകയോ ചർമ്മത്തിന്റെ സ്വാഭാവിക സംരക്ഷണ പാളിയെ കൂടുതൽ ദോഷകരമായി ബാധിക്കുകയോ ചെയ്തേക്കാം. രോഗം നേരത്തേ കണ്ടെത്തി ചികിത്സിക്കുന്നതാണ് ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ മാർഗ്ഗമെന്ന് വിദഗ്ധർ പറയുന്നു.
മഴക്കാലത്ത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിന് കൃത്യമായ ശുചിത്വം പാലിക്കുന്നതിനൊപ്പം ചർമ്മം ഈർപ്പരഹിതവും ആരോഗ്യകരവുമായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. നനഞ്ഞ വസ്ത്രങ്ങൾ അപ്പപ്പോൾ മാറ്റുന്നതും ആന്റിഫംഗൽ പൗഡറുകൾ ഉപയോഗിക്കുന്നതും വായുസഞ്ചാരം ഉറപ്പാക്കുന്നതും ഇതിന് സഹായകമാകും.
കരപ്പൻ, ചർമ്മവീക്കം അല്ലെങ്കിൽ മറ്റേതെങ്കിലും ചർമ്മപ്രശ്നങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുന്നവരിൽ ഒരാളാണെങ്കിൽ, ഈ മഴക്കാലം അതിനെ കൂടുതൽ ജ്വലിപ്പിക്കും. ഈ അവസ്ഥയെ വഷളാക്കിയേക്കാവുന്ന അലർജിക്ക് കാരണമാകുന്ന വസ്തുക്കൾ, രാസവസ്തുക്കൾ, അസ്വസ്ഥതകൾ എന്നിവ ഒഴിവാക്കുക. മഴക്കാലത്ത് ചർമ്മത്തിൽ അധിക ജലാംശം ഉറപ്പാക്കാൻ മിതമായ ക്ലെൻസറുകൾ, ഈർപ്പം സമ്പുഷ്ടമായ ശുദ്ധീകരണ ബാം, ലോഷനുകൾ എന്നിവ ഉപയോഗിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam