
ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കുള്ള പരിഹാരത്തിനോ അല്ലെങ്കില്‍ ആശ്വാസത്തിനോ എല്ലാം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെയോ, യൂട്യൂബ് പോലെയുള്ള മറ്റ് വീഡിയോ പ്ലാറ്റ്ഫോമുകളെയോ ആശ്രയിക്കുന്നത് ഏറെ അപകടകരമാണെന്ന് ഡോക്ടര്‍മാര്‍ തന്നെ ചൂണ്ടിക്കാണിക്കാറുണ്ട്. ജീവൻ തന്നെ പണയപ്പെടുത്തിക്കൊണ്ടുള്ള ഇത്തരം തീക്കളികള്‍ക്ക് നിന്നുകൊടുക്കുകയോ അതിന് മുന്നില്‍ നില്‍ക്കുകയോ ചെയ്യുന്നത് ഒരുപക്ഷേ പിന്നീട് തിരിച്ചെടുക്കാനാവാത്ത വിധത്തിലുള്ള നഷ്ടത്തിലേക്കായിരിക്കാം നമ്മെ നയിക്കുക.
ഇപ്പോഴിതാ തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്ന് അത്തരത്തിലൊരു ദാരുണമായ വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. യൂട്യൂബ് നോക്കി, ഭര്‍ത്താവ് ഭാര്യയുടെ പ്രസവമെടുക്കാൻ നോക്കുകയും ഇതിനിടെ അമിത രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് യുവതി മരിക്കുകയും ചെയ്തതാണ് വാര്‍ത്ത.
ധര്‍മ്മപുരി സ്വദേശി ലോകനായകി എന്ന ഇരുപത്തിയേഴുകാരിയാണ് ദാരുണമായി മരിച്ചത്. ഇക്കഴിഞ്ഞ 22നായിരുന്നു സംഭവം. ഇവരുടെ ഭര്‍ത്താവ് മധേഷിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രകൃതി ജീവനം എന്ന ആശയത്തിലൂന്നിയാണത്രേ ഇവര്‍ ജീവിച്ചിരുന്നത്. എല്ലാ കാര്യങ്ങളും പ്രകൃതിയോട് അടുത്ത് നില്‍ക്കുന്ന രീതിയില്‍ തന്നെ ചെയ്യാറ്. അതിനാലാണ് പ്രസവവും വീട്ടില്‍ തന്നെ ആക്കാൻ ഇരുവരും തീരുമാനിച്ചത്. ഇതിനായി പല യൂട്യൂബ് ചാനലുകളിലെയും വീഡിയോ നോക്കി ഇവര്‍ പഠിച്ചിരുന്നുവത്രേ.
ധര്‍മ്മപുരിയില്‍ താമസിച്ചിരുന്ന ദമ്പതികള്‍ പ്രസവത്തിനായി അമ്മവീടായ കൃഷ്ണഗിരിയിലേക്ക് തിരിക്കുകയായിരുന്നു. ധര്‍മ്മപുരിയില്‍ യുവതിയെ കാണിച്ചിരുന്ന ആശുപത്രിയില്‍ നാട്ടിലേക്ക് പോവുകയാണ്, അവിടെയൊരു സ്വകാര്യ ആശുപത്രിയിലായിരിക്കും പ്രസവം എന്നാണ് അറിയിച്ചത്.
കൃഷ്ണഗിരിയിലെത്തിയ ശേഷം വീട്ടില്‍ പ്രസവം നടത്തുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തി. യൂട്യൂബിലൂടെ വീഡിയോകള്‍ കണ്ട് പഠിച്ചതിന്‍റെ കൂടി ആത്മവിശ്വാസവുമുണ്ടായിരുന്നു. എന്നാല്‍ പ്രസവത്തിനിടെ കനത്ത രക്തസ്രാവമുണ്ടാകുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ അബോധാവസ്ഥയിലുമായി.
ഇതിന് പിന്നാലെ ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രസവസമയത്ത് ഇവരുടെ പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റാൻ മധേഷിന് കഴിഞ്ഞില്ല. ഇതാണ് സങ്കീര്‍ണത സൃഷ്ടിച്ചത്. ഇതോടെയാണ് രക്തസ്രാവവും തുടങ്ങിയത്.
ലോകനായകിയുടെ മൃതദേഹം വീട്ടിലെത്തിച്ച് വൈകാതെ തന്നെ സംസ്കരിച്ചെങ്കിലും ഇക്കാര്യങ്ങളളെല്ലാം മനസിലാക്കിയ, ഒരു ആരോഗ്യപ്രവര്‍ത്തകയാണ് വിവരം പൊലീസില്‍ അറിയിച്ചത്. അങ്ങനെയാണ് ദാരുണമായ സംഭവം പുറംലോകമറിഞ്ഞത്. അതേസമയം ഇവരുടെ കുഞ്ഞിന് മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും കുഞ്ഞ് സുഖമായിരിക്കുന്നുവെന്നുമാണ് ലഭ്യമാകുന്ന വിവരം.
ലോകനായകിയുടെ ഭര്‍ത്താവ് മധേഷും ലോകനായകിയും കൃഷിയില്‍ പിജി (ബുരുദാനന്ദര ബിരുദം) നേടിയവരാണ്. ഇത്തരത്തില്‍ ഉന്നത വിദ്യാഭ്യാസം നേടിയവര്‍ ഇതുപോലുള്ള അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത് അവിശ്വസനീയമാണെന്നും, ഏവര്‍ക്കും ഇതൊരു മുന്നറിയിപ്പാകുമെന്നുമെല്ലാം വാര്‍ത്തയോട് പ്രതികരിച്ചുകൊണ്ട് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നു. സംഭവം വലിയ രീതിയില്‍ തന്നെയാണ് ചര്‍ച്ചയാകുന്നതും.
Also Read:- വയറിന്‍റെ ആരോഗ്യത്തിന് കറുവപ്പട്ട?; ഇത് എങ്ങനെ കഴിക്കണം?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-