വയറ്റിലെ ചൂടും കുറയ്ക്കുന്നതോടെ ദഹനം എളുപ്പത്തിലാക്കാനും അതുപോലെ തന്നെ എരിച്ചില്‍ പരിഹരിക്കാനുമെല്ലാം കറുവപ്പട്ട സഹായിക്കുന്നു. 

വയറിന്‍റെ ആരോഗ്യം അവതാളത്തിലായാല്‍ ആകെ ആരോഗ്യം തന്നെ അവതാളത്തിലായി എന്ന രീതിയിലാണ് പൊതുവെ കണക്കാക്കപ്പെടാറ്. ഇത് വലിയൊരളവ് വരെ ശരിയുമാണ്. കാരണം വയറിന് എന്തെങ്കിലും അസ്വസ്ഥതയുണ്ടായാല്‍ അത് മാനസികാരോഗ്യത്തെ വരെ ബാധിക്കും. അത്രമാത്രം പ്രധാനമാണ് വയറിന്‍റെ ആരോഗ്യമെന്നത്. 

എന്തായാലും വയറിന് നിസാരമായ എന്തെങ്കിലും അസ്വസ്ഥതയുണ്ടായാല്‍ അത് പരിഹരിക്കാൻ നമ്മള്‍ മിക്കവാറും വീട്ടില്‍ തന്നെ എന്തെങ്കിലും പൊടിക്കൈകള്‍ ചെയ്യുകയാണ് പതിവ്. ഇത്തരത്തില്‍ വയറ്റില്‍ അമിതമായി ചൂട് പിടിക്കുകയും അങ്ങനെ വയര്‍ ചീത്തയാവുകയുമെല്ലാം ചെയ്യുമ്പോള്‍ പ്രയോഗിക്കാവുന്നൊരു പൊടിക്കൈ ആണ് പങ്കുവയ്ക്കുന്നത്.

മറ്റൊന്നുമല്ല- അല്‍പം കറുവപ്പട്ട അകത്താക്കണം. ഇത് ശരീരത്തിന്‍റെ താപനില രണ്ട് ഡിഗ്രി വരെ കുറയ്ക്കാൻ സഹായിക്കുമത്രേ. വയറ്റിലെ ചൂടും കുറയ്ക്കുന്നതോടെ ദഹനം എളുപ്പത്തിലാക്കാനും അതുപോലെ തന്നെ എരിച്ചില്‍ പരിഹരിക്കാനുമെല്ലാം കറുവപ്പട്ട സഹായിക്കുന്നു. 

വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കറുവപ്പട്ട നല്ലതാണ്. 'പ്രീബയോട്ടിക്സ്' എന്നൊരു വിഭാഗം ഭക്ഷണമുണ്ട്. നിങ്ങള്‍ കേട്ടിരിക്കാം, ഇവ വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകളെ കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. തൈരൊക്കെ ഇത്തരത്തിലുള്ള വിഭവമാണ്. കറുവപ്പട്ടയും ഇതുപോലെ തന്നെ.

വയറ്റിനകത്തെ നമുക്ക് ഗുണകരമായി വരുന്ന ബാക്ടീരിയകളെ ഇത് വര്‍ധിപ്പിക്കുന്നു. രോഗകാരികളായ ബാക്ടീരിയകളുടെ വളര്‍ച്ച തടയുകയും ചെയ്യുന്നു. ഇക്കാരണം കൊണ്ട് തന്നെ പതിവായി അല്‍പം അളവില്‍ കറുവപ്പട്ട അകത്തെത്തുന്നത് വയറിന് വളരെ നല്ലതാണ്. എന്നാല്‍ എങ്ങനെയാണ് കറുവപ്പട്ട കഴിക്കേണ്ടത് എന്ന സംശയം പലര്‍ക്കുമുണ്ടാകാം.

സാധാരണഗതിയില്‍ നമ്മള്‍ കറികളിലോ മറ്റോ മസാലക്കൂട്ടിനൊപ്പമാണ് കറുവപ്പട്ടയും ചേര്‍ക്കാറ്. എന്നാലിങ്ങനെ അല്ലാതെ വെള്ളം തിളപ്പിക്കുമ്പോള്‍ അതില്‍ ചേര്‍ത്തോ, ചായയില്‍ ചേര്‍ത്തോ, കേക്കുകളോ മറ്റ് മധുരപലഹാരങ്ങളോ തയ്യാറാക്കുമ്പോള്‍ അവയില്‍ ചേര്‍ത്തോ, ജ്യൂസുകളിലോ സ്മൂത്തികളിലോ കറുവപ്പട്ട പൊടിച്ചത് ചേര്‍ത്തോ എല്ലാം കഴിക്കാവുന്നതാണ്. 

Also Read:- ഹീമോഗ്ലോബിൻ എളുപ്പത്തില്‍ കൂട്ടാം; ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo