
ഇരട്ടക്കുഞ്ഞുങ്ങള്‍ പ്രസവിക്കുന്നുവെന്നത്, അല്ലെങ്കില്‍ ഒരു പ്രസവത്തില്‍ മൂന്നോ നാലോ കുഞ്ഞുങ്ങളെല്ലാം ഉണ്ടാകുന്നുവെന്നത് പലപ്പോഴും നാം കാണാറുള്ള സംഭവങ്ങളാണ്. എന്നാല്‍ ഈ കുഞ്ഞുങ്ങളുടെയെല്ലാം മാതാവും പിതാവും ഒരേ ആളുകള്‍ തന്നെയാണല്ലോ ആകാറ്. എന്നാല്‍ ഇരട്ടകളില്‍ കുഞ്ഞുങ്ങളുടെ അച്ഛന്മാര്‍ വെവ്വേറെ ആയാലോ!
ബ്രസീലില്‍ നിന്നും അത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണിപ്പോള്‍. 'ഹെട്ടറോപറ്റേണല്‍ സൂപ്പര്‍ഫെകണ്ടേഷൻ' (Heteropaternal Superfecundation ) എന്നാണ് ശാസ്ത്രീയമായി ഈ പ്രതിഭാസം അറിയപ്പെടുന്നത്. ഒരു അമ്മയില്‍ ഒരേസമയം രണ്ട് അച്ഛന്മാരുടെ കുഞ്ഞുങ്ങളുണ്ടാകുന്ന സാഹചര്യം.
ഒരേ ദിവസം, അല്ലെങ്കില്‍ അടുത്തടുത്ത ദിവസങ്ങളില്‍ വ്യത്യസ്തരായ രണ്ട് പുരുഷന്മാരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുകയും അമ്മയില്‍ അതേ ആര്‍ത്തവകാലത്ത് രണ്ടാമതും ഒരു അണ്ഡം കൂടി പുറത്തുവരികയും ഈ അണ്ഡം രണ്ടാമത്തെ പുരുഷന്‍റെ ബീജവുമായി സംയോജിക്കുകയും ചെയ്യുകയാണ് ഇതിലുണ്ടാകുന്നത്. അത്യപൂര്‍വമായ പ്രതിഭാസം ഇതിന് മുമ്പ് ഇരുപതോളം തവണ മാത്രമാണ് ലോകത്താകമാനമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ബ്രസീലിലെ മിനെയ്റോസില്‍ നിന്നുള്ള പത്തൊമ്പതുകാരിയാണിപ്പോള്‍ ഇത്തരത്തില്‍ രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരിക്കുന്നത്. കുഞ്ഞുങ്ങളുടെ പിതൃത്വത്തെ ചൊല്ലി സംശയം തോന്നിയ യുവതി തന്നെയാണ് ഡിഎന്‍എ പരിശോധന നടത്തിയത്. ഇപ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് പതിനാറ് മാസം പ്രായമായിട്ടുണ്ട്.
പരിശോധനയിലൂടെയാണ് കുഞ്ഞുങ്ങള്‍ രണ്ട് പേരുടേതാണെന്നത് വ്യക്തമായത്. ലൈംഗികബന്ധത്തിലേര്‍പ്പെട്ടതില്‍ ആരെങ്കിലും ഒരാളുടെ കുഞ്ഞുങ്ങളാകാനേ തരമുള്ളൂ എന്നതിനാല്‍, ഒരാളുടെ സാമ്പിള്‍ മാത്രമായിരുന്നു ഇവര്‍ ശേഖരിച്ചിരുന്നത്. എന്നാല്‍ ഒരു കുഞ്ഞ് മാത്രം ഇദ്ദേഹത്തിന്‍റേതാണെന്ന് പരിശോധനാഫലം വന്നതോടെയാണ് സംഭവം മാറിമറിഞ്ഞത്.
പത്ത് ലക്ഷം പേരില്‍ ഒരാള്‍ക്ക് പോലും ഇത് സംഭവിക്കണമെന്നില്ലെന്നും അത്രയും അപൂര്‍വമാണിതെന്നും യുവതിയുടെ ഡോക്ടര്‍ ടുലിയോ ജോര്‍ജ് ഫ്രാങ്കോ പറയുന്നു. തന്‍റെ ജീവിതകാലത്തില്‍ ഇത്തരമൊരു കേസ് അറ്റൻഡ് ചെയ്യുമെന്ന് കരുതിയതല്ലെന്നും ഇദ്ദേഹം പറയുന്നു. അത്യപൂര്‍വമായ സംഭവമായതിനാല്‍ തന്നെ വലിയ രീതിയിലാണ് സംഭവത്തിന് വാര്‍ത്താപ്രാധാന്യം ലഭിക്കുന്നത്.
Also Read:- എപ്പോഴും പുഞ്ചിരിക്കുന്ന കുഞ്ഞ്; ഇത് അപൂര്‍വമായ രോഗാവസ്ഥ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam