World Anaesthesia Day 2026 : ശസ്ത്രക്രിയയ്ക്കിടെ അനസ്തേഷ്യ ഡോക്ടർ ചെയ്യുന്നതെന്ത്? അനസ്തേഷ്യയെക്കുറിച്ച് അറിയേണ്ടതെല്ലാം

Published : Oct 16, 2026, 12:28 PM ISTUpdated : Oct 16, 2026, 12:43 PM IST
anaesthesia

Synopsis

ആരോഗ്യമുള്ള ഒരാൾക്ക് അനസ്തേഷ്യ മൂലം അപായം സംഭവിക്കാനുള്ള സാധ്യത ലക്ഷത്തിൽ ഒന്നിൽ താഴെ മാത്രമാണ്. ശസ്ത്രക്രിയയ്ക്ക് മുൻപുള്ള പ്രീ-അനസ്തെറ്റിക് ചെക്കപ്പ് (പി.എ.സി) മുഖാന്തരം ഹൃദയം, ശ്വാസകോശം, രക്തസമ്മർദ്ദം, പ്രമേഹം എന്നിവ കൃത്യമായി വിലയിരുത്തി മാത്രമാണ് അനുയോജ്യമായ മരുന്നുകൾ അനസ്തേഷ്യോളജിസ്റ്റുകൾ നിശ്ചയിക്കുന്നത്.

ഒരു ശസ്ത്രക്രിയ നിർദേശിക്കപ്പെടുമ്പോൾ രോഗിയുടെയും പ്രിയപ്പെട്ടവരുടെയും ഉള്ളിൽ ആദ്യം ഉയരുന്ന പ്രധാന ആശങ്ക ഓപ്പറേഷനെക്കാൾ അതിനായി നൽകുന്ന അനസ്തെഷ്യയെക്കുറിച്ചായിരിക്കും. മയക്കം വിട്ടുണരാൻ വൈകുമോ? ശസ്ത്രക്രിയയ്ക്കിടെ ബോധം തിരികെ വരുമോ? അനസ്തെഷ്യ ഓർമ്മശക്തിയെ ബാധിക്കുമോ? തുടങ്ങി സോഷ്യൽ മീഡിയയിലും കേട്ടുകേൾവികളിലും പ്രചരിക്കുന്ന അശാസ്ത്രീയ അറിവുകൾ പലരിലും ഭീതിയും കടുത്ത മാനസിക സമ്മർദ്ദവും ഉണ്ടാക്കാറുണ്ട്.

എന്നാൽ ആധുനിക വൈദ്യശാസ്ത്ര രംഗത്ത് രോഗിയുടെ ജീവൻ കാത്തുസൂക്ഷിക്കുന്നതിൽ ഏറ്റവും നിർണ്ണായക പങ്ക് വഹിക്കുന്ന ഒരു വിഭാഗമാണ് അനസ്തേഷ്യോളജി. മയക്കികിടത്തുന്നതിന് അപ്പുറം, അത്യാഹിത ഘട്ടങ്ങളിലും ദീർഘകാല രോഗപരിപാലനത്തിലും ഇവർ നടത്തുന്ന ദൗത്യങ്ങൾ പലപ്പോഴും പുറംലോകം അറിയാറില്ല. അനസ്തെഷ്യയെക്കുറിച്ചുള്ള വ്യാജഭീതികളും അനസ്തെഷ്യോളജിസ്റ്റുകളുടെ യഥാർത്ഥ ജീവൻരക്ഷാ ദൗത്യങ്ങളും വിശദമായി അറിയാം.

വൈറൽ ഭീതികളും ശാസ്ത്രീയ സത്യങ്ങളും

അനസ്തെഷ്യയെക്കുറിച്ച് പ്രചരിക്കുന്ന വിവരങ്ങളിൽ ഏറിയ പങ്കും ശാസ്ത്രീയ അടിത്തറയില്ലാത്ത ഭയപ്പെടുത്തുന്ന മിഥ്യധാരണകളാണ് .

 ശസ്ത്രക്രിയയ്ക്കിടെ ബോധം തിരികെ വരുമോ?

ശസ്ത്രക്രിയയ്ക്കിടെ രോഗിക്ക് ബോധം തിരികെ ലഭിക്കുക എന്നത് സാധ്യമല്ല. കാരണം അനസ്തെറ്റിസ്റ്റ് നൽകുന്ന മരുന്നുകൾ ശരീരത്തെ പൂർണ്ണമായ അബോധാവസ്ഥയിലും വേദന അറിയാത്ത സ്ഥിതിയിലും നിലനിർത്തുന്നു. കൂടാതെ, ഓപ്പറേഷൻ തിയറ്ററുകളിൽ രോഗിയുടെ തലച്ചോറിന്റെ പ്രവർത്തനവും ഉറക്കത്തിന്റെ ആഴവും കൃത്യമായി അളക്കുന്ന ബി.ഐ.എസ് മോണിറ്ററിംഗ് (BIS Monitoring) സംവിധാനങ്ങളുമുണ്ട്. മരുന്നിന്റെ അളവ് കുറയുന്നതിന്റെ ചെറിയൊരു ലക്ഷണം കണ്ടാൽപ്പോലും അനസ്തെറ്റിസ്റ്റ് ഉടൻ തന്നെ മരുന്നിന്റെ അളവ് ക്രമീകരിക്കുന്നതാണ്.

മയക്കം വിട്ടുണരാതിരിക്കുമോ?

ആരോഗ്യമുള്ള ഒരാൾക്ക് അനസ്തേഷ്യ മൂലം അപായം സംഭവിക്കാനുള്ള സാധ്യത ലക്ഷത്തിൽ ഒന്നിൽ താഴെ മാത്രമാണ്. ശസ്ത്രക്രിയയ്ക്ക് മുൻപുള്ള പ്രീ-അനസ്തെറ്റിക് ചെക്കപ്പ് (പി.എ.സി) മുഖാന്തരം ഹൃദയം, ശ്വാസകോശം, രക്തസമ്മർദ്ദം, പ്രമേഹം എന്നിവ കൃത്യമായി വിലയിരുത്തി മാത്രമാണ് അനുയോജ്യമായ മരുന്നുകൾ അനസ്തേഷ്യോളജിസ്റ്റുകൾ നിശ്ചയിക്കുന്നത്.

സ്ഥിരമായ ഓർമ്മക്കുറവ് ഉണ്ടാകുമോ?

അനസ്തേഷ്യ മരുന്നുകൾ ഓർമ്മശക്തിയെ സ്ഥിരമായി ബാധിക്കില്ല. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ഏതാനും മണിക്കൂറുകളിൽ പ്രായമായവരിലും മറ്റും കാണുന്ന ചെറിയ ആശയക്കുഴപ്പവും ക്ഷീണവും (പോസ്റ്റോപ്പറേറ്റീവ് ഡെലീറിയം) താൽക്കാലികം മാത്രമാണ്. മരുന്നിന്റെ വീര്യം കുറയുന്നതോടെ ഇത് പൂർണ്ണമായും മാറും.

ഓപ്പറേഷൻ തിയറ്ററിന് പുറത്തേക്ക്: ക്രിട്ടിക്കൽ കെയറിലെ ജീവൻരക്ഷാ ദൗത്യങ്ങൾ

അനസ്തെഷ്യോളജിസ്റ്റുകളുടെ സേവനം ഓപ്പറേഷൻ തിയറ്ററിലെ ഏതാനും മണിക്കൂറുകളിൽ അവസാനിക്കുന്ന ഒന്നല്ല മറിച്ച് ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിന്റെ (ഐ.സി.യു) അഭിവാച്യ ഘടകമാണിവർ. ക്രിട്ടിക്കൽ കെയർ മെഡിസിനിൽ വിദഗ്ധ പരിശീലനം ലഭിച്ച അനസ്തെറ്റിസ്റ്റുകൾ ജീവൻ അപകടത്തിലായ രോഗികൾക്ക് 24 മണിക്കൂറും വിശ്വസ്തമായ സുരക്ഷാകവചമൊരുക്കുന്നു. അവയിലെ പ്രധാന ദൗത്യങ്ങൾ താഴെ പറയുന്നവയാണ്:

> സങ്കീർണ്ണമായ ശ്വസനമാർഗ്ഗ സുരക്ഷ: സ്വാഭാവികമായി ശ്വാസമെടുക്കാൻ സാധിക്കാത്ത അടിയന്തര സാഹചര്യങ്ങളിൽ തൊണ്ടയിലൂടെ ശ്വാസനാളത്തിലേക്ക് ലൈഫ് സപ്പോർട്ട് ട്യൂബ് കടത്തിവിട്ട് ഓക്സിജൻ ലഭ്യമാക്കുന്നതിൽ ഏറ്റവും വൈദഗ്ധ്യമുള്ളത് അനസ്തെഷ്യോളജിസ്റ്റുകൾക്കാണ്.

> വെന്റിലേറ്റർ പരിചരണവും വീണ്ടെടുപ്പും : വാഹനാപകടങ്ങളിൽ ഗുരുതരമായി പരിക്കേൽക്കുന്നവർ, കഠിനമായ അണുബാധ, ന്യൂമോണിയ, ഏ.ആർ.ഡി.എസ് തുടങ്ങിയവ മൂലം ശ്വാസകോശത്തിന്റെ പ്രവർത്തനം വെന്റിലേറ്റർ സഹായത്തോടെ നിലനിർത്തുന്നത് അനസ്തെറ്റിസ്റ്റുകളാണ്. രോഗിയുടെ ശ്വാസകോശത്തിന്റെ അവസ്ഥയ്ക്കനുസരിച്ച് ഓക്സിജന്റെ അളവും ശ്വാസകോശത്തിലെ മർദ്ദവും ഓരോ നിമിഷവും കൃത്യമായി ക്രമീകരിക്കുന്നതും, രോഗി സുഖം പ്രാപിക്കുമ്പോൾ ഘട്ടംഘട്ടമായി വെന്റിലേറ്റർ മാറ്റുന്നതും ഇവരുടെ സൂക്ഷ്മമായ മേൽനോട്ടത്തിലാണ്.

> രക്തസമ്മർദ്ദവും അവയവ പ്രവർത്തനങ്ങളും നിയന്ത്രിക്കൽ: കഠിനമായ അണുബാധയോ അമിത രക്തസ്രാവമോ കാരണം രക്തസമ്മർദ്ദം അപകടകരമായി താഴുന്ന അവസ്ഥയിൽ ആർട്ടീരിയൽ ലൈൻ, സെൻട്രൽ വീനസ് കാനുലേഷൻ (സി.വി.പി) എന്നിവ വഴി രക്തസമ്മർദ്ദം നേരിട്ട് നിരീക്ഷിക്കുന്നു. കൂടാതെ ജീവൻരക്ഷാ മരുന്നുകൾ കൃത്യമായ അളവിൽ രോഗിക്ക് നൽകി ഹൃദയം, വൃക്ക, തലച്ചോറ് തുടങ്ങിയ പ്രധാന അവയവങ്ങളിലേക്കുള്ള രക്തയോട്ടവും രക്തത്തിലെ പി.എച്ച് (pH) അളവും ഇവർ സന്തുലിതമായി നിലനിർത്തുന്നു.

> കോഡ് ബ്ലൂ പുനർജീവന ശ്രമങ്ങൾ: ആശുപത്രിയിൽ വാർഡികളിലോ കാഷ്വാലിറ്റിയിലോ ഉള്ള രോഗികൾക്ക് പെട്ടെന്ന് ഹൃദയസ്തംഭനമോ ശ്വാസതടസ്സമോ ഉണ്ടായാൽ സെക്കൻഡുകൾക്കുള്ളിൽ വിളിപ്പുറത്തെത്തുന്ന കോഡ്-ബ്ലൂ ജീവൻരക്ഷാ സംഘത്തിന് നേതൃത്വം നൽകുന്നത് അനസ്തെഷ്യോളജിസ്റ്റുകളാണ്. അഡ്വാൻസ്ഡ് കാർഡിയോവാസ്കുലാർ ലൈഫ് സപ്പോർട്ട് പ്രോട്ടോക്കോൾ അനുസരിച്ച് സി.പി.ആർ നൽകാനും ഡെഫിബ്രിലേറ്റർ ഉപയോഗിച്ച് ഹൃദയമിടിപ്പ് തൽക്ഷണം തിരികെ കൊണ്ടുവരാനും ഇവർ മുന്നിൽ നിൽക്കുന്നു.

> ശസ്ത്രക്രിയാനന്തര ഐ.സി.യു പരിചരണം: അവയവം മാറ്റിവെക്കൽ, തുറന്ന ഹൃദയ ശസ്ത്രക്രിയ, ന്യൂറോ സർജറി തുടങ്ങിയ ശസ്ത്രക്രിയകൾക്ക് ശേഷമുള്ള നിർണായക മണിക്കൂറുകളിൽ രോഗിയുടെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം സുരക്ഷിതമായി നിലനിർത്തുന്നത് അനസ്തെഷ്യോളജിസ്റ്റുകളാണ്. കൂടാതെ വലിയ അളവിൽ രക്തം നഷ്ടപ്പെടുന്ന സാഹചര്യങ്ങളിൽ രക്തവും രക്തഘടകങ്ങളും കൃത്യമായ അളവിൽ നൽകി ശരീര താപനിലയും ഇലക്ട്രോലൈറ്റ് നിയന്ത്രിക്കാനും ഇവർക്ക് സാധിക്കും.

വേദനാമുക്ത ജീവിതത്തിന്: പെയ്ൻ മാനേജ്‌മെന്റ്

ശസ്ത്രക്രിയാ വേളയിലെ വേദന ഇല്ലാതാക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല അനസ്തെഷ്യോളജിസ്റ്റുകളുടെ വൈദഗ്ധ്യം. മറിച്ച് മനുഷ്യനെ നിരന്തരം വലയ്ക്കുന്ന തീവ്രവും ദീർഘകാലമുള്ളതുമായ അനേകം വേദനകൾക്ക് ശാശ്വത പരിഹാരമേകാൻ പെയ്ൻ മാനേജ്‌മെന്റ് വിഭാഗത്തിലൂടെ ഇവർക്ക് സാധിക്കുന്നു.

പ്രസവവേദനയുടെ കഠിനത കുറച്ച് ഗർഭിണികൾക്ക് സുരക്ഷിതമായി കുഞ്ഞിന് ജന്മം നൽകാൻ സഹായിക്കുന്ന അനസ്തേഷ്യാ രീതി, വിട്ടുമാറാത്ത കഠിനമായ നടുവേദന, കഴുത്തുവേദന, നാഡീസംബന്ധമായ വേദനകൾ എന്നിവയ്ക്ക് ശസ്ത്രക്രിയ കൂടാതെ തന്നെ അത്യാധുനിക നാഡീ തടസ്സങ്ങൾ, ടാർഗെറ്റഡ് തെറാപ്പികൾ എന്നിവ വഴി കൃത്യമായി വേദനകൾക്ക് ശാശ്വത പരിഹാരം നൽകുന്നു. അതുകൂടാതെ കാൻസർ രോഗികളുടെ അവസാന ഘട്ടങ്ങളിലുണ്ടാകുന്ന സഹിക്കാനാവാത്ത വേദന ശമിപ്പിച്ച് അവർക്ക് ശാന്തമായ ജീവിതവും ഉറപ്പുവരുത്തുന്ന പാലിയേറ്റീവ് കെയറിലും അനസ്തെഷ്യോളജിസ്റ്റുകളുടെ പങ്ക് അതിനിർണായകമാണ്.

ഓപ്പറേഷൻ തിയറ്ററിലെ നിശ്ശബ്ദ നായകർ

ഒരു ശസ്ത്രക്രിയ വിജയിക്കുമ്പോൾ രോഗിയും ബന്ധുക്കളും നന്ദി പറയുന്നത് സർജനോടാണെങ്കിലും, മാസ്കിന് പിന്നിൽ മറഞ്ഞിരിക്കുന്ന അനസ്തേഷ്യോളജിസ്റ്റിന്റെ പങ്ക് പലപ്പോഴും ആരും ഓർക്കാറില്ല. എന്നാൽ ശസ്ത്രക്രിയയ്ക്കിടെ കഠിനമായ രക്തസ്രാവം, ഹൃദയമിടിപ്പിലെ വ്യതിയാനങ്ങൾ, രക്തസമ്മർദ്ദം, അലർജി മൂലമുള്ള ശ്വാസംതടസ്സം തുടങ്ങിയ അടിയന്തര സാഹചര്യങ്ങൾ ഉടലെടുക്കുമ്പോൾ സർജന്റെ പ്രധാന ആശ്രയം അണിയറയിൽ നിൽക്കുന്ന ഈ വിദഗ്ദ്ധരാണ്. ശസ്ത്രക്രിയയിലുടനീളം രോഗിയുടെ ഓരോ ശ്വാസവും ഹൃദയമിടിപ്പും സൂക്ഷ്മമായി നിരീക്ഷിച്ച് ഏത് പ്രതിസന്ധിയിലും ജീവൻ സുരക്ഷിതത്വം നൽകുന്നത് ഈ നിശ്ശബ്ദ നായകരാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആരോഗ്യവിവരങ്ങൾ വ്യക്തമാക്കുക: പ്രമേഹം, രക്തസമ്മർദ്ദം, ആസ്ത്മ, ഹൃദയരോഗങ്ങൾ, മുൻപുണ്ടായ അലർജികൾ എന്നിവ ഡോക്ടറോട് പൂർണ്ണമായും തുറന്നുപറയുക.

കഴിക്കുന്ന മരുന്നുകൾ: രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ അനസ്തെറ്റിസ്റ്റിനെ മുൻകൂട്ടി അറിയിക്കുക.

ശസ്ത്രക്രിയയ്ക്ക് മുൻപ് ഡോക്ടർ നിർദേശിക്കുന്ന സമയം മുതൽ ഭക്ഷണവും വെള്ളവും പൂർണ്ണമായും ഒഴിവാക്കണം. ഈ നിർദ്ദേശം കർശനമായി പാലിക്കുക. അല്ലാത്തപക്ഷം അനസ്തേഷ്യ നൽകുന്ന സമയത്തോ ശസ്ത്രക്രിയാ വേളയിലോ രോഗി ഛർദ്ദിക്കാനും, ആമാശയത്തിലെ ഭക്ഷണാവശിഷ്ടങ്ങൾ ശ്വാസകോശത്തിൽ പ്രവേശിച്ച് സങ്കീർണ്ണതകൾ ഉണ്ടാവാനും സാധ്യതയുണ്ട്.

ലേഖനം തയ്യാറാക്കിയത്:

ഡോ. സുപ്രിയ രഞ്ജിത്ത്, 

സീനിയർ കൺസൾട്ടന്റ്,

അനസ്തേഷ്യോളജി വിഭാഗം മേധാവി,

ആസ്റ്റർ മിംസ്, കണ്ണൂർ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊളസ്ട്രോൾ നിയന്ത്രിക്കാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ
World Food Day 2026 : ഭക്ഷണം വെറുതെ കളയരുതേ ; ഇന്ന് ലോക ഭക്ഷ്യദിനം