
പ്രമേഹത്തെ കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് മാറ്റാൻ സമയമായി. പ്രമേഹം എന്നത് കേവലം വ്യക്തികളെ ബാധിക്കുന്ന ഒരു രോഗം മാത്രമല്ല. മനുഷ്യന്റെ വ്യക്തിഗത, സാമൂഹിക, സാമ്പത്തിക മേഖലകളെയെല്ലാം പ്രതികൂലമായി ബാധിക്കുന്ന ഒരു രോഗമായി പ്രമേഹം മാറിയിരിക്കുന്നു. ലോകമെമ്പാടുമായി 50 കോടിയിലധികം ആളുകൾ പ്രമേഹവുമായി ജീവിക്കുന്നു; ഇന്ത്യയിൽ പ്രമേഹ രോഗികളുടെ എണ്ണം ഏകദേശം 90 ദശലക്ഷമുണ്ട്.
ഹൃദ്രോഗം, വൃക്ക തകരാറ്, കാഴ്ച നഷ്ടം തുടങ്ങിയ സങ്കീർണതകൾ ഉണ്ടാകുന്നതുവരെയും പകുതിയോളം പേർക്കും രോഗനിർണയം നടത്തിയിട്ടില്ല എന്ന് കൂടി അറിയുക. ജോലി ചെയ്യുന്ന പ്രായത്തിൽ പത്തിൽ ഏഴ് പേർക്കും പ്രമേഹം ബാധിക്കപ്പെടുന്നു എങ്കിൽ നമ്മുടെ തൊഴിൽ മേഖലകളിൽ അനുപാതികമായ മാറ്റങ്ങൾ വരുത്തേണ്ടതില്ലേ?. അടുത്തിടെ നടത്തിയ സർവേകൾ പ്രകാരം ജോലി ചെയ്യുന്ന മുതിർന്നവരിൽ പലരും അസുഖവുമായി ബന്ധപ്പെട്ട കാരണങ്ങൾ കൊണ്ട് അപമാനം നേരിടുന്നു.
തൊഴിലിടങ്ങളിലെ മാനസിക സമ്മർദ്ദം മൂലം പ്രമേഹം നിയന്ത്രിക്കാൻ കഴിയാതെ വരുന്നവരും ധാരാളമായിരിക്കുന്നു. മൂന്നിൽ ഒരാൾ ജോലി ഉപേക്ഷിക്കാൻ പോലും ആലോചിക്കുന്ന അവസ്ഥയിലേക്ക് പ്രമേഹം നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നു.
ഒരിക്കൽ പ്രമേഹം തിരിച്ചറിഞ്ഞു കഴിഞ്ഞാൽ ജീവിതത്തിലുടനീളം കൊണ്ടുനടക്കേണ്ട ഒരു അവസ്ഥയാണ് പ്രമേഹം. എന്നാൽ കൃത്യമായ അളവിൽ മരുന്നുകൾ കഴിച്ചുകൊണ്ട് ജീവിതശൈലി നിയന്ത്രിച്ചുകൊണ്ട് ജീവിക്കുകയാണെങ്കിൽ പ്രമേഹത്തെയും നിയന്ത്രിച്ച് കൊണ്ടുപോകാനാവും.
ഗർഭധാരണത്തിന് മുമ്പും ശേഷവും പ്രമേഹം വരാം. പലപ്പോഴും ഇത് അമ്മയ്ക്കും കുഞ്ഞിനും ആജീവനാന്ത അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 24-28 ആഴ്ചകളിൽ സ്‌ക്രീൻ ചെയ്യുമ്പോൾ അപകടസാധ്യതയുണ്ടെങ്കിൽ, പോഷകാഹാരം, മരുന്നുകൾ എന്നിവ ഉപയോഗിച്ച് നിയന്ത്രിക്കുകയും പ്രസവാനന്തര പരിശോധന ഉറപ്പാക്കുകയും ചെയ്യുക.
എപ്പോഴും മൂത്രമൊഴിക്കാൻ തോന്നുക, കൂടുതൽ ദാഹം തോന്നുക, തുടർച്ചയായ ക്ഷീണം, അകാരണമായി ശരീരം മെലിഞ്ഞു പോകൽ തുടങ്ങിയ ലക്ഷണങ്ങളെ ഗൗരവമായി തന്നെ പരിഗണിക്കുക.
ഉദാസീനമായ ജീവിത രീതികളും ഭക്ഷണക്രമവും മൂലം ടൈപ്പ് 2 പ്രമേഹ രോഗികളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. അതുകൊണ്ടുതന്നെ ബോധവൽക്കരണവും ആരോഗ്യപരിചരണ പദ്ധതികളും സ്കൂൾ മുതൽ തന്നെ തുടങ്ങണം. ആവശ്യമായ മാനസികാരോഗ്യ പിന്തുണയും ഉറപ്പുവരുത്തണം.
ഗ്ലൂക്കോസ് പരിശോധനകൾ സാധാരണമാക്കുക, സമ്മർദ്ദമേറിയ ജീവിത സാഹചര്യങ്ങളിൽ നിന്ന് നിർബന്ധ ഇടവേളകൾ എടുക്കുക, പ്രായമായ മുതിർന്നവർ കർശനമായ ലക്ഷ്യങ്ങളേക്കാൾ ആരോഗ്യ സുരക്ഷയ്ക്കു മുൻഗണന നൽകുക, മരുന്നുകൾ കൃത്യമായ ഇടവേളകളിൽ ഡോക്ടർമാരെ കണ്ട് അവലോകനം ചെയ്യുക, വീഴ്ചകൾ, ഹൈപ്പോഗ്ലൈസീമിയ, ബലഹീനത എന്നിവ തടയുക.
പ്രമേഹ രോഗത്തിനുള്ള ചികിത്സക്കും ജീവിതശൈലീ മാറ്റങ്ങൾക്കും ഒപ്പം ജോലി സ്ഥലങ്ങളിലെ ആരോഗ്യകരമായ ഭക്ഷണ സാഹചര്യങ്ങളും മെച്ചപ്പെട്ട മാനസികാരോഗ്യം ഉറപ്പുവരുത്തുന്ന അവസ്ഥയും സംജാതമാകേണ്ടതുണ്ട്. പ്രശസ്തമായ ആതുരാലയങ്ങളുടെ കാന്റീനുകളിൽ സന്ദർശകരായും കൂട്ടിരിപ്പുകാരായും എത്തുന്നവരിലേറെയും പ്രമേഹരോഗികളോ രോഗബാധയ്ക്ക് സാധ്യതയുള്ളവരോ ആയിട്ടു കൂടി അത്തരം കേന്ദ്രങ്ങളിലെ ഭക്ഷണക്രമങ്ങൾക്ക് ഇത്തരം ആരോഗ്യമാനദണ്ഡങ്ങൾ ഒന്നും ബാധകമല്ല എന്നത് വിചിത്രമാണ്.
വർദ്ധിച്ചു വരുന്ന പ്രമേഹ രോഗികളുടെ എണ്ണവും പ്രമേഹം നമ്മുടെ സാമൂഹ്യ അന്തരീക്ഷത്തിൽ വരുത്തുന്ന സ്വാധീനവും പരിഗണിച്ചു കൊണ്ട് ആവശ്യമായ മാറ്റങ്ങൾ നമ്മുടെ ഭക്ഷ്യ നയത്തിലും കൊണ്ടുവരേണ്ടത് അനിവാര്യമായിരിക്കുന്നു.
പ്രതിരോധവും സ്വയം മാനേജ്മെന്റും :
പ്രായം 30 കഴിഞ്ഞാൽ വിശദമായ ആരോഗ്യ പരിശോധന നടത്തുക. പ്രത്യേകിച്ച് നേരത്തെ പൊണ്ണത്തടി, കുടുംബത്തിൽ ആർക്കെങ്കിലും പ്രമേഹ രോഗം ഉണ്ടായിട്ടുണ്ടെങ്കിൽ, അമിത രക്തസമ്മർദ്ദം, പി സി ഒ എസ് (PCOS) തുടങ്ങിയ രോഗാവസ്ഥകൾ ഉണ്ടെങ്കിൽ ലാബ് പരിശോധനനടത്തിയെന്ന് ഉറപ്പുവരുത്തുക. കണ്ണുകൾ, വൃക്കകൾ, പാദങ്ങൾ എന്നിവ വർഷം തോറും പരിശോധിക്കുക.
ജീവിതശൈലി: സംസ്കരിച്ച ഭക്ഷണങ്ങളുടെ അളവ് പരമാവധി കുറയ്ക്കുക, ദിവസേന കുറഞ്ഞത് 25-30 ഗ്രാം ഫൈബർ, ദിവസേന അരമണിക്കൂറെങ്കിലും വ്യായാമം, 7-8 മണിക്കൂർ ഉറക്കം, മാനസികസമ്മർദ്ദം നിയന്ത്രിക്കുക (യോഗ/മൈൻഡ്ഫുൾനെസ് പോലുള്ളവ പരിശീലിക്കുക), പുകയിലയും മദ്യവും ഒഴിവാക്കുക, പ്രമേഹം വന്നിട്ട് ചികിത്സിക്കുന്നതിലും ആയിരം മടങ്ങ് മെച്ചമാണ് വരാതെ നോക്കുന്നത്.
ലേഖനം തയ്യാറാക്കിയത് :
ഡോ. ബിജയരാജ് രാജൻ ബാബു
സീനിയർ കൺസൾട്ടന്റ്, ഫാമിലി മെഡിസിൻ വിഭാഗം,
സ്റ്റാർകെയർ ഹോസ്പിറ്റൽ, കോഴിക്കോട്.