World Hepatitis Day 2026 : ഹെപ്പറ്റൈറ്റിസ് ; ഒരിക്കലും അവഗണിക്കാൻ പാടില്ലാത്ത 10 പ്രാരംഭ ലക്ഷണങ്ങൾ

Published : Jul 28, 2026, 07:58 AM ISTUpdated : Jul 28, 2026, 08:50 AM IST
world hepatitis day

Synopsis

ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ സാധാരണയായി മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ ആണ് പടരുന്നത്. എന്നാൽ ഹെപ്പറ്റൈറ്റിസ് ബി, സി, ഡി എന്നിവ പ്രധാനമായും രോഗബാധയുള്ള രക്തത്തിലൂടെയും ശരീരസ്രവങ്ങളിലൂടെയുമാണ് പകരുന്നത്.

എല്ലാ വർഷവും ജൂലൈ 28-ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിച്ച് വരുന്നു. കരളിന് വീക്കം ഉണ്ടാക്കുന്നതും ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്നതുമായ രോ​ഗമാണ് ഹെപ്പറ്റൈറ്റിസ്. വൈറൽ ഹെപ്പറ്റൈറ്റിസിനെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ഈ ദിനം ആചരിക്കുന്നു.

ഹെപ്പറ്റൈറ്റിസ് ബി വൈറസിനെ കണ്ടെത്തുകയും അത് തിരിച്ചറിയാനുള്ള പരിശോധനാ രീതിയും വാക്സിനും വികസിപ്പിക്കുകയും ചെയ്ത നോബൽ സമ്മാന ജേതാവായ ശാസ്ത്രജ്ഞൻ ഡോ. ബാരൂക്ക് സാമുവൽ ബ്ലംബെർഗിന്റെ ജന്മദിനമാണ് ഈ ദിവസം. രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് സർക്കാരുകളെയും ആരോഗ്യപ്രവർത്തകരെയും സമൂഹങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി ലോകാരോഗ്യ സംഘടന (WHO) ഈ ദിനാചരണത്തിന് ഔദ്യോഗികമായി അംഗീകാരം നൽകിയിട്ടുണ്ട്.

"ഹെപ്പറ്റൈറ്റിസ്: തടസ്സങ്ങൾ നീക്കാം"എന്നത് ഈ വർഷത്തെ പ്രമേയം. രോഗത്തെക്കുറിച്ചുള്ള അവബോധം, രോഗനിർണയം, ചികിത്സ എന്നിവയിലെ തടസ്സങ്ങൾ നീക്കം ചെയ്യേണ്ടതിന്റെ ആവശ്യകതയെ എടുത്തുപറയുന്നു. വൈറൽ ഹെപ്പറ്റൈറ്റിസ് പലപ്പോഴും പ്രാരംഭ ഘട്ടത്തിൽ ലക്ഷണങ്ങളില്ലാതെയോ നേരിയ ലക്ഷണങ്ങളോടെയോ നിശബ്ദമായാണ് വളരുന്നത്.

കരളിനുണ്ടാകുന്ന വീക്കത്തെയാണ് ഹെപ്പറ്റൈറ്റിസ് എന്ന് പറയുന്നത്. വൈറസ് ബാധ, അമിതമായ മദ്യപാനം, ചില മരുന്നുകൾ, സ്വയം പ്രതിരോധ രോഗങ്ങൾ (autoimmune diseases) അല്ലെങ്കിൽ വിഷവസ്തുക്കളുമായുള്ള സമ്പർക്കം എന്നിവ മൂലം ഇത് ഉണ്ടാകാം. ഹെപ്പറ്റൈറ്റിസ് A, B, C, D, E എന്നിവയാണ് ഇതിന്റെ ഏറ്റവും സാധാരണമായ വൈറൽ വകഭേദങ്ങൾ.

ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ സാധാരണയായി മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ ആണ് പടരുന്നത്. എന്നാൽ ഹെപ്പറ്റൈറ്റിസ് ബി, സി, ഡി എന്നിവ പ്രധാനമായും രോഗബാധയുള്ള രക്തത്തിലൂടെയും ശരീരസ്രവങ്ങളിലൂടെയുമാണ് പകരുന്നത്.

ഹെപ്പറ്റൈറ്റിസ് ; ലക്ഷണങ്ങൾ എന്തെല്ലാം?

വിട്ടുമാറാത്ത ക്ഷീണം

വ്യക്തമായ കാരണമില്ലാതെ ദിവസങ്ങളോ ആഴ്ചകളോ നീണ്ടുനിൽക്കുന്ന അസാധാരണമായ ക്ഷീണം ഹെപ്പറ്റൈറ്റിസിന്റെ പ്രാരംഭ ലക്ഷണമാകാം. കരളിനുണ്ടാകുന്ന വീക്കം നിരന്തരമായ ക്ഷീണത്തിലേക്ക് നയിച്ചേക്കാം.

വിശപ്പില്ലായ്മ

ഭക്ഷണത്തോടുള്ള താൽപ്പര്യം പെട്ടെന്ന് നഷ്ടപ്പെടുന്നത് പ്രത്യേകിച്ച് ക്ഷീണമോ ഓക്കാനമോ കൂടെയുണ്ടെങ്കിൽ - കരൾ സമ്മർദ്ദത്തിലാണെന്നതിന്റെ സൂചനയാകാം.

ഓക്കാനവും ഛർദ്ദിയും

വൈറൽ ഹെപ്പറ്റൈറ്റിസിന്റെ പ്രാരംഭ ഘട്ടത്തിൽ പലർക്കും ദഹനസംബന്ധമായ അസ്വസ്ഥകൾ അനുഭവപ്പെടാറുണ്ട്.

പനി

മറ്റ് ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപ്, പ്രത്യേകിച്ച് തീവ്രമായ ഹെപ്പറ്റൈറ്റിസ് (acute hepatitis) ബാധിക്കുമ്പോൾ, നേരിയ പനി അനുഭവപ്പെട്ടേക്കാം.

വയറിന്റെ മുകൾഭാഗത്ത് വലതുവശത്തായി വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുക

കരൾ സ്ഥിതി ചെയ്യുന്നത് വയറിന്റെ മുകൾഭാഗത്ത് വലതുവശത്താണ്. വീക്കം കാരണം ഈ ഭാഗത്ത് സ്പർശിക്കുമ്പോൾ വേദനയോ അസ്വസ്ഥതയോ അല്ലെങ്കിൽ വിട്ടുമാറാത്ത നേരിയ വേദനയോ അനുഭവപ്പെടാം.

കടുംനിറത്തിലുള്ള മൂത്രം

ബിലിറൂബിന്റെ അളവ് വർധിക്കുന്നതുമൂലം മൂത്രം കടും മഞ്ഞയോ തവിട്ടുനിറമോ ആയി മാറുന്നത് ഏറ്റവും പ്രകടമായ ലക്ഷണങ്ങളിലൊന്നാണ്.

വിളറിയതോ കളിമണ്ണിന്റെ നിറത്തിലുള്ളതോ ആയ മലം

കുടലിലെത്തുന്ന പിത്തരസത്തിന്റെ (bile) അളവ് കുറയുന്നത് മലത്തിന് വിളറിയതോ ചാരനിറമോ കളിമണ്ണിന്റെ നിറമോ ഉണ്ടാകാൻ കാരണമായേക്കാം.

ചർമ്മവും കണ്ണുകളും മഞ്ഞനിറമാകുക (മഞ്ഞപ്പിത്തം)

ഹെപ്പറ്റൈറ്റിസിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് മഞ്ഞപ്പിത്തം; ഇതിന് അടിയന്തര വൈദ്യപരിശോധന ആവശ്യമാണ്.

ചർമ്മത്തിലെ ചൊറിച്ചിൽ

ചർമ്മത്തിനടിയിൽ പിത്തരസ ലവണങ്ങൾ (bile salts) അടിഞ്ഞുകൂടുന്നതുമൂലം ചിലർക്ക് വിട്ടുമാറാത്ത ചൊറിച്ചിൽ അനുഭവപ്പെടുന്നു.

സന്ധിവേദനയും പേശിവേദനയും

പ്രത്യേകിച്ച് തീവ്രമായ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിക്കുമ്പോൾ ശരീരവേദനയും സന്ധിവേദനയും അനുഭവപ്പെട്ടേക്കാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രക്തസമ്മർദ്ദം കുറയ്ക്കണോ? ഈ 3 ദിനചര്യകൾ ശീലമാക്കൂ; വിദഗ്ധർ പറയുന്നു
മുഖത്തെ കരുവാളിപ്പ് എളുപ്പം അകറ്റാം ; ഇവ ഉപയോ​ഗിച്ചാൽ മതിയാകും