
നമ്മുടെ ശരീരത്തിലെ ഏറ്റവും ശക്തമായ ഭാഗം ഏതാണ് എന്ന് ചോദിച്ചാൽ പലരും പറയും എല്ലുകൾ എന്ന്. എന്നാൽ ആ ശക്തമായ എല്ലുകൾക്ക് പോലും ഉള്ളിൽ നിന്ന് പൊള്ളയായി പോകുന്ന ഒരു അവസ്ഥയുണ്ട്, അതാണ് ഓസ്റ്റിയോപൊറോസിസ്. ഇത് വാസ്തവത്തിൽ ഒരു 'നിശബ്ദ കള്ളൻ' ആണ്. കാരണം എല്ല് ഒടിയുന്നതുവരെ ഇതിന് ഒരു വേദനയോ ലക്ഷണമോ ഉണ്ടാകണമെന്നില്ല.
എന്താണ് സംഭവിക്കുന്നത്?
നമ്മുടെ എല്ലുകൾ ജീവനുള്ള ടിഷ്യു ആണ്. പഴയ എല്ല് നശിക്കുകയും പുതിയ എല്ല് ഉണ്ടാകുകയും ചെയ്യുന്ന പ്രക്രിയ ജീവിതകാലം മുഴുവൻ നടക്കുന്നു. മുപ്പത് വയസ്സു വരെ പുതിയ എല്ല് ഉണ്ടാകുന്നതിന്റെ വേഗത കൂടുതലാണ്. മുപ്പതിന് ശേഷം ഈ പ്രക്രിയ പതിയെ തിരിയുന്നു. പഴയ എല്ല് നശിക്കുന്നത് വേഗത്തിലാകുകയും പുതിയ എല്ല് കുറയുകയും ചെയ്യുമ്പോൾ എല്ലുകൾ സുഷിരങ്ങളുള്ളതും ദുർബലവുമാകുന്നു. ഒരു ചെറിയ വീഴ്ചയിൽ പോലും ഇടുപ്പ് എല്ലോ കൈത്തണ്ടയോ പൊട്ടാൻ കാരണം ഇതാണ്.
കൂടുതൽ ശ്രദ്ധിക്കേണ്ടത്?
അമ്പത് വയസ്സിന് മുകളിലുള്ള സ്ത്രീകളിലാണ് ഇത് ഏറ്റവും കൂടുതൽ കാണുന്നത്. പ്രത്യേകിച്ച് ആർത്തവിരാമത്തിന് ശേഷം. ഈസ്ട്രജൻ ഹോർമോൺ കുറയുന്നതാണ് പ്രധാന കാരണം. എന്നാൽ പുരുഷന്മാരും സുരക്ഷിതരല്ല. കാൽസ്യം കുറഞ്ഞ ഭക്ഷണം, വിറ്റാമിൻ ഡി യുടെ കുറവ്, പുകവലി, മദ്യപാനം, ദീർഘകാലം സ്റ്റിറോയിഡ് മരുന്നുകൾ കഴിക്കുന്നവർ, വ്യായാമമില്ലാത്ത ജീവിതം എന്നിവയെല്ലാം എല്ലിനെ ദുർബലമാക്കും.
എങ്ങനെ പ്രതിരോധിക്കാം?
ഓസ്റ്റിയോപൊറോസിസിന് ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണ്. നമ്മുടെ എല്ലിന്റെ ബാങ്ക് അക്കൗണ്ട് ചെറുപ്പത്തിലേ നിറയ്ക്കണം. ദിവസവും ആവശ്യത്തിന് കാൽസ്യം, അതായത് പാല്, തൈര്, ചെറുമത്സ്യം, ഇലക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. എന്നാൽ കാൽസ്യം മാത്രം പോരാ, അത് എല്ലിലെത്തിക്കാൻ വിറ്റാമിൻ ഡി നിർബന്ധമാണ്. ദിവസവും രാവിലെ 15 മിനിറ്റ് വെയിൽ കൊള്ളുന്നത് മരുന്നിനേക്കാൾ ഫലപ്രദമാണ്. ഒപ്പം എല്ലിന് ഭാരം കൊടുക്കുന്ന വ്യായാമങ്ങൾ, അതായത് നടത്തം, പടികൾ കയറൽ, ചെറിയ വെയ്റ്റ് ട്രെയിനിംഗ് എന്നിവ ശീലമാക്കണം.
നിങ്ങൾക്ക് ഇടയ്ക്കിടെ നടുവേദനയോ, ഉയരം കുറയുന്നതായി തോന്നലോ, നേരെ നിന്നാൽ മുന്നോട്ട് കൂനുന്നതായോ തോന്നുന്നുണ്ടെങ്കിൽ ഒരിക്കലും അവഗണിക്കരുത്. ഒരു ലളിതമായ BMD ടെസ്റ്റിലൂടെ എല്ലിന്റെ ബലം അളക്കാൻ കഴിയും. ഓർക്കുക, ഓസ്റ്റിയോപൊറോസിസ് വാർദ്ധക്യത്തിന്റെ അനിവാര്യമായ ഭാഗമല്ല, നമ്മുടെ ജീവിതശൈലി കൊണ്ട് തടയാൻ കഴിയുന്ന ഒരു അവസ്ഥയാണ്.
ലേഖനം തയ്യാറാക്കിയത്:
ഡോ. രാജീവ് രാഘവൻ, സീനിയർ കൺസൽട്ടന്റ്,
ഓർത്തോപീഡിക്സ് വിഭാഗം, തലശ്ശേരി മിഷൻ ഹോസ്പിറ്റൽ,
തലശ്ശേരി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam