
എല്ലാ വർഷവും സെപ്റ്റംബർ 8 ലോക ഫിസിയോതെറാപ്പി ദിനമായി ആചരിച്ച് വരുന്നു. ഫിസിയോതെറാപ്പിസ്റ്റുകൾ സമൂഹത്തിന് നൽകുന്ന നിർണായക സംഭാവനയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്. 1996 ലാണ് ആദ്യമായി ഫിസിയോതെറാപ്പി ദിനം ആചരിക്കാൻ തീരുമാനിച്ചത്.
ശാരീരിക വെല്ലുവിളികളെയും, പരിക്കുകളുടെയും വിലയിരുത്തൽ, രോഗനിർണയം, ചികിത്സ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആരോഗ്യ സംരക്ഷണ മേഖലയിലെ മറ്റൊരു വിഭാഗമാണ് ഫിസിയോതെറാപ്പി.
സ്കുലോസ്കലെറ്റൽ ഡിസോർഡേഴ്സ് (നടുവേദന, സന്ധിവാതം) ന്യൂറോളജിക്കൽ അവസ്ഥകൾ, ഹൃദയ സംബന്ധമായ അവസ്ഥകൾ( ഹൃദ്രോഗം, ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി രോഗം)സ്പോർട്സ് സംബന്ധമായ പരിക്കുകൾ, ശസ്ത്രക്രിയാനന്തര പുനരധിവാസം തുടങ്ങിയ രോഗാവസ്ഥകളെ എല്ലാം ഫിസിയോതെറാപ്പിയിലൂടെ ചികിൽസിക്കാൻ കഴിയും. "പുനരധിവാസവും ആരോഗ്യകരമായ വാർദ്ധക്യവും" എന്നതാണ് ഈ വർഷത്തെ ലോക ഫിസിയോതെറാപ്പി ദിന സന്ദേശം.
രോഗങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് അവ തടയുക, വേദന നിയന്ത്രിക്കുക, ചലനശേഷി മെച്ചപ്പെടുത്തുക എന്നിവയെല്ലാം ഫിസിയോതെറാപ്പിയിലൂടെ മെച്ചപ്പെടുത്താനാകുമെന്ന് ഗാസിയാബാദിലെ സെന്റർ ഫോർ നീ & ഹിപ് കെയറിന്റെ എച്ച്ഒഡിയായ എംപിടി (ഓർത്തോ) ഡോ. ഇന്ദ്രമണി ഉപാധ്യായ വ്യക്തമാക്കി.
വേദന കുറയ്ക്കുന്നതിനായി ചിലർ വേദനസംഹാരികൾ പതിവായി കഴിക്കുന്നു. മറ്റുള്ളവർ വീട്ടുവൈദ്യങ്ങളെ ആശ്രയിക്കുന്നു. മിക്ക ആളുകളും ഞങ്ങളുടെ അടുത്തെത്തുമ്പോഴേക്കും, പ്രശ്നം പലപ്പോഴും വഷളായിരിക്കുമെന്ന് ഡോ. ഉപാധ്യായ പറയുന്നു. സങ്കീർണ്ണതകൾ തടയുന്നതിലും, രോഗശാന്തി വേഗത്തിലാക്കുന്നതിലും, ശസ്ത്രക്രിയ പോലും ഒഴിവാക്കുന്നതിലും ഫിസിയോതെറാപ്പിക്ക് വലിയ മാറ്റമുണ്ടാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പുറം വേദന, സന്ധികളിൽ വേദന, കഴുത്ത് വേദന എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു ഫിസിയോതെറാപ്പിസ്റ്റിനെ സമീപിക്കുക. ഗുളികകളെ ആശ്രയിക്കാതെ വേദന ലഘൂകരിക്കുന്നതിന് സുരക്ഷിതമായ ചികിത്സകളാണ് ചെയ്ത് വരുന്നതെന്നും ഡോ. ഇന്ദ്രമണി ഉപാധ്യായ പറഞ്ഞു.
ഒടിവോ കാൽമുട്ട് മാറ്റിവയ്ക്കലോ സംഭവിച്ചവർക്ക് ഫിസിയോതെറാപ്പി ശക്തി വർദ്ധിപ്പിക്കാനും പഴയ ജീവിതത്തിലേക്ക് വേഗത്തിൽ മടങ്ങാനും സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam