
ദില്ലി: അരുണാചൽ പ്രദേശിലെ കുറുങ് കുമെയിൽ ജോലിക്കെത്തിയ 18 തൊഴിലാളികളെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഒരാളുടെ മൃതദേഹം അടുത്തുള്ള നദിയിൽ നിന്ന് കണ്ടെത്തി.
ഇന്ത്യ ചൈന അതിർത്തിയിൽ റോഡ് നിർമ്മാണത്തിനായി എത്തിയ തൊഴിലാളികളെയാണ് കാണാതായത്. ഇവരെ കാണാതായിട്ട് രണ്ടാഴ്ചയോളമായി എന്നാണ് റിപ്പോര്‍ട്ട്. കാണാതായവരിൽ അധികവും അസമിൽ നിന്നുള്ളവരെന്ന് വിവരം. ഇവരിൽ ഒരു തൊഴിലാളിയുടെ മൃതദേഹം സമീപത്തെ നദിയിൽ നിന്നും കണ്ടെത്തിയതായി ഡെപ്യൂട്ടി കമ്മീഷണർ സ്ഥിരീകരിച്ചു. ഈദ് ആഘോഷിക്കാൻ അവധി നല്കാത്തതിനെ തുടർന്ന് ഒളിച്ച് കടക്കുന്നതിനിടെ കാട്ടിൽ വഴി തെറ്റിയതാകാമെന്നാണ് പൊലീസിന്‍റെ നിഗമനം. എന്നാൽ പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയതോടെ തൊഴിലാളികളെല്ലാം നദിയിൽ വീണതായി പൊലീസ് സംശയിക്കുന്നു.
തൊഴിലാളികളെ കണ്ടെത്താൻ നദി ഭാഗത്തേക്ക് റെസ്ക്യൂ ടീമിനെ അയച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ഒരു മൃതദേഹം മാത്രമാണ് കണ്ടെടുത്തത്. അപകടത്തിൽ കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. വിശദമായ അന്വേഷണം നടത്തുകയാണെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.