
ലഖ്നൗ: ഉത്തർപ്രദേശിലെ ബറേലിയിൽ 11 വയസ്സുകാരി തുടർച്ചയായ ബലാത്സംഗത്തെ തുടർന്ന് ഗർഭിണിയായതായും പെൺകുട്ടിക്ക് മാസം തികയാതെ ജനിച്ച കുഞ്ഞ് മരണപ്പെട്ടതായും റിപ്പോർട്ട്. സംഭവത്തിൽ 31-കാരനായ റാഷിദ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇയാൾ പെൺകുട്ടിയെ തുടർച്ചയായി ബലാത്സംഗം ചെയ്യുകയും ലൈംഗിക ബന്ധം തുടരാൻ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സഹോദരന്റെ പ്രതികരണം ഇങ്ങനെയാണ്... ആറോ ഏഴോ മാസം മുൻപ് റാഷിദ് പഴം നൽകാമെന്ന് പറഞ്ഞ് അവളെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുപോയി. അവിടെവെച്ച് ബലാത്സംഗം ചെയ്തു. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ കുടുംബത്തെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും, പിന്നീട് പലതവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുന്നതിന് വീഡിയോ എടുത്ത് ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്തു...
വയറുവേദനയെത്തുടർന്ന് പെൺകുട്ടിയെ സർക്കാർ ആശുപത്രിയിൽ അൾട്രാസൗണ്ട് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് അവൾ ഏഴുമാസം ഗർഭിണിയാണെന്ന് വീട്ടുകാർ അറിയുന്നത്. പിന്നീട് പ്രായപൂർത്തിയാകാത്ത കുട്ടിയെ ജില്ലാ വനിതാ ആശുപത്രിയിൽ എത്തിക്കുകയും അതേ ദിവസം തന്നെ പ്രസവം നടക്കുകയും ചെയ്തു. രക്തം വാർന്നതിനാലും കുറഞ്ഞ പ്രായം കാരണവും പെൺകുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നു. കുഞ്ഞ് ജനിച്ച് അരമണിക്കൂറിനകം മരണപ്പെടുകയായിരുന്നു. പെൺകുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ജില്ലാ വനിതാ ആശുപത്രിയിലെ സി.എം.എസ് ഡോ. ത്രിഭുവൻ പ്രസാദ് അറിയിച്ചിട്ടുണ്ട്.
വ്യാഴാഴ്ചയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച റാഷിദിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ശനിയാഴ്ച ഇയാളെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. കുഞ്ഞിൽ നിന്ന് ഡിഎൻഎ സാമ്പിൾ ശേഖരിച്ച് പ്രതിയുമായി ഒത്തു നോക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.