
ബീജാപൂർ: ഛത്തീസ്ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റും തമ്മിലുള്ള ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെ വധിച്ചു. ബിജാപൂർ ജില്ലയിലെ തെക്കൻ ബസ്തറിലെ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഇന്ന് രാവിലെ 9 മണിയോടെയാണ് പ്രദേശത്ത് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഡിസ്ട്രിക്ട് റിസർവ് ഗാർഡും സിആർപിഎഫും ചേർന്നുള്ള സംയുക്ത സുരക്ഷ സംഘമാണ് മാവോയിസ്റ്റുകളെ വധിച്ചത്. സ്ഥലത്ത് മാവോയിസ്റ്റുകൾക്കായുള്ള പരിശോധന തുടരുന്നുവെന്നും പൊലീസ് അറിയിച്ചു.
ജനുവരി 6ന് ബിജാപൂരിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച കുഴി ബോംബ് പൊട്ടിത്തെറിച്ച് 9 ജവാൻമാർ വീരമൃത്യു വരിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം ബിജാപൂരിൽ മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിൽ ശക്തമാക്കിയിരുന്നു. മൂന്ന് ജില്ലകളിൽ നിന്നുള്ള സംസ്ഥാന പോലീസിൻ്റെ ജില്ലാ റിസർവ് ഗാർഡിലെ (ഡിആർജി) ഉദ്യോഗസ്ഥരും കോബ്രയുടെ അഞ്ച് ബറ്റാലിയനുകളും സിആർപിഎഫിൻ്റെ 229-ാം ബറ്റാലിയനും ഓപ്പറേഷനിൽ പങ്കെടുത്തു. സുരക്ഷാ സേനയ്ക്ക് അപകടമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടെ സംസ്ഥാനത്ത് ഈ മാസം ഇതുവരെ 26 മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
ജനുവരി 12 ന് ബീജാപൂർ ജില്ലയിലെ മദ്ദേഡ് പോലീസ് സ്റ്റേഷൻ പരിധിയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 219 മാവോയിസ്റ്റുകളെ സുരക്ഷാസേന കൊലപ്പെടുത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam