
ബെംഗളൂരു: ബെംഗളൂരു തമ്മനഹള്ളിയിൽ 21കാരിയായ കോളേജ് വിദ്യാർത്ഥിനിയെ ഫ്ലാറ്റിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശ് സ്വദേശിയായ ദേവിശ്രീ ആണ് മരിച്ചത്. ദേവിശ്രീയുടെ ആൺ സുഹൃത്ത് പ്രേം വർധനായി പൊലീസ് തെരച്ചിൽ തുടങ്ങി. ബിബിഎം വിദ്യാർത്ഥിനിയായ ദേവിശ്രീയെയാണ് ബെംഗളൂരു തമ്മനഹള്ളിയിൽ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആൺ സുഹൃത്ത് പ്രേംവർധനൊപ്പം പോയതായിരുന്നു ദേവിശ്രീ. തന്‍റെ സുഹൃത്തായ മാനസയുടെ ഫ്ലാറ്റിലേക്ക് ആണ് പ്രേംവർധൻ ദേവിശ്രീയുമായി എത്തിയത്.
11 മണിക്കൂറോളം ഈ ഫ്ലാറ്റിൽ ചെലവിട്ടശേഷം പ്രേം വാതിൽ പൂട്ടി സ്ഥലം വിടുകയായിരുന്നു. ജോലിക്ക് പോയിരുന്ന മാനസ ഇന്ന് രാവിലെ മടങ്ങിയെത്തിയപ്പോഴാണ് മുറിക്കകത്ത് ദേവിശ്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് മാനസയാണ് ആന്ധ്രാപ്രദേശിലുള്ള ദേവിശ്രീയുടെ മാതാപിതാക്കളെയും കോളേജ് അധികൃതരെയും പൊലീസിനെയും വിവരമറിയിച്ചത്. പിന്നാലെ മതനായ്ക്കനഹള്ളി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. കൊലപാതകം ആണെന്നാണ് പൊലീസ് സംശയിക്കുന്നത്.
ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പ്രേംവർധനെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. പൊലീസ് ഇയാൾക്ക് വേണ്ടി വിപുലമായ തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. ദേവിശ്രീയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കൾ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. പ്രേം വർധനാണ് കൊലപ്പെടുത്തിയത് എന്ന് സംശയിക്കുമ്പോഴും ദേവിശ്രീയെ കൊന്നത് എന്തിനാണെന്ന് വ്യക്തമായില്ലെന്ന് പൊലീസ് പറയുന്നു. പ്രേം പിടിയിലാകുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് പൊലീസും ബന്ധുക്കളും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam