
ദില്ലി: ഉത്തരാഖണ്ഡിലെ തെഹ്രി ഗർവാളിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേറ്റു. 29 യാത്രക്കാരുമായി പോയ ബസ് പിന്നോട്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ ചെങ്കുത്തായ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്ന് പകൽ 11.30യോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഋഷികേശിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസിലേക്ക് മാറ്റി.
നരേന്ദ്ര നഗറിനടുത്തുള്ള കുഞ്ചപുരി–ഹിന്ദോലഖലിന് സമീപത്ത് വച്ചാണ് ബസ് റിവേഴ്‌സ് എടുക്കുന്നതിനിടെ അപകടമുണ്ടായത്. പിന്നോട്ടെടുത്ത ബസ് 70 അടിയോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഋഷികേശിലെ സദാനന്ദ് ആശ്രമത്തിൽ നിന്ന് മാ കുഞ്ചപുരി ക്ഷേത്രത്തിലേക്ക് പോയ തീർത്ഥാടക സംഘമാണ് അപകടത്തിൽപെട്ടത്. ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവർ. അപകടം നടന്ന സമയത്ത് ബസിൽ 18 പേരാണ് ഉണ്ടായിരുന്നതെന്ന് കരുതുന്നു. മറ്റു യാത്രക്കാർ മറ്റൊരു വാഹനത്തിനായി കാത്തിരിക്കുകയായിരുന്നു എന്ന് നരേന്ദ്രനഗർ പൊലീസ് പറയുന്നുണ്ട്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സംസ്ഥാന ദുരന്ത നിവാരണ സേനയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ദില്ലി ദ്വാരക സ്വദേശി അനിത ചൗഹാൻ, ഗുജറാത്തിലെ വഡോദരയിൽ നിന്നുള്ള പാർത്ഥസതി മധുസൂദൻ ജോഷി, ഉത്തർപ്രദേശിലെ സഹരൻപുർ സ്വദേശികളായ നമിത പ്രഭുക്കൽ, അനുജ് വെങ്കിട്ടരാമൻ, അഷു ത്യാഗി എന്നിവരാണ് മരിച്ചത്. ഹരിയാന, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ബസിലുണ്ടായിരുന്നത്.