
ഹൈദരാബാദ്: കർഷക തൊഴിലാളിയായ പിതാവ് ആഡംബര കാർ വാങ്ങിത്തരാത്തതിൽ മനം നൊന്ത് 21 കാരൻ ആത്മഹത്യ ചെയ്തതായി പൊലീസ്. തെലങ്കാനയിലെ സിദ്ദിപേട്ടിലെ ചത്ലപ്പള്ളിയിലാണ് സംഭവം. കർഷക തൊഴിലാളിയായ പിതാവിന് ആഡംബര കാർ വാങ്ങാൻ സാമ്പത്തിക ശേഷിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാവിന്റെ ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു. മെയ് 30 ന് യുവാവ് കൃഷിയിടത്തിലെത്തി കീടനാശിനി കുടിക്കുകയായിരുന്നു. ഇതിന് പിന്നാലെ മടങ്ങിയെത്തി താൻ കീടനാശിനി കുടിച്ചിട്ടുണ്ടെന്ന് വീട്ടുകാരെ അറിയിച്ചു.
ഇതിനു പിന്നാലെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ മെയ് 31 ന് ചികിത്സയിലിരിക്കെ യുവാവ് മരിക്കുകയായിരുന്നു. മരിച്ച യുവാവ് പഠനം നേരത്തെ നിർത്തിയതായിരുന്നുവെന്നും ഇയാൾ സ്ഥിരമായി മദ്യപിക്കുമായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു. ഇയാളുടെ മനോനില തെറ്റിയ അവസ്ഥയിലായിരുന്നു. വലിയ വീടും ആഡംബര കാറും ഉൾപ്പെടെയുള്ള ആഡംബര വസ്തുക്കൾ വേണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളുമായി സ്ഥിരമായി ഇയാൾ വഴക്കിടാറുണ്ടായിരുന്നുവെന്നും ജഗദേവ്പൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
മരിച്ച യുവാവിന്റെ മാതാപിതാക്കൾക്ക് രണ്ട് ഏക്കർ ഭൂമിയുണ്ട്. ഇതു മാത്രം വച്ച് വലിയ ആഡംബരത്തോടെ ജീവിക്കാൻ കഴിയില്ലെന്ന് മാതാപിതാക്കൾ യുവാവിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ ഇതിന് യുവാവ് വഴങ്ങാതായതോടെ സിദ്ധിപ്പേട്ടിൽ പോയി മറ്റൊരു കാർ വാങ്ങാമെന്ന് അച്ഛൻ വാഗ്ദാനം ചെയ്തു. ഇതിലും തൃപ്തിപ്പെടാത്ത യുവാവ് കീടനാശിനി കുടിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...