
ബെംഗളൂരു: ബെംഗളൂരുവിൽ സ്ത്രീകളെ പിന്തുടർന്ന് അനുമതിയില്ലാതെ മോശം രീതിയിൽ ചിത്രം പകർത്തിയ പഞ്ചാബ് സ്വദേശി അറസ്റ്റിൽ. 26കാരനായ ഗുർദീപ് സിംഗാണ് ഇന്നലെ കോറമംഗലയിൽ നിന്ന് പിടിയിലായത്. മോശം രീതിയിൽ എടുത്ത സ്ത്രീകളുടെ ചിത്രങ്ങൾ ഇയാൾ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്യുമായിരുന്നു.
ചർച്ച് സ്ട്രീറ്റിലും കോറമംഗളയിലും മറ്റ് പ്രധാനസ്ഥലങ്ങളിലും സ്ത്രീകളെ പിന്തുടർന്ന് ഇയാൾ മോശം രീതിയിൽ ചിത്രങ്ങൾ പകർത്തുകയായിരുന്നു. ഈ ദൃശ്യം ഇൻസ്റ്റാഗ്രാമിലെ പല പേജുകളിലായി പോസ്റ്റ് ചെയ്യും. തന്‍റെ ദൃശ്യം പലയിടങ്ങളിലായി പോസ്റ്റ് ചെയ്യപ്പെട്ടത് കണ്ട കോളേജ് വിദ്യാർത്ഥിനിയാണ് പൊലീസിൽ പരാതി നൽകിയത്. ഇൻസ്റ്റയ്ക്ക് പരാതി നൽകിയിട്ട് ഒരു പ്രയോജനവുമുണ്ടായില്ലെന്ന് പെൺകുട്ടി വ്യക്തമാക്കി. അതേസമയം, ഈ പേജ് ഇത് വരെ ഇൻസ്റ്റാഗ്രാം ഡൗൺ ചെയ്തിട്ടില്ല.
നേരത്തേ ബെംഗളൂരു മെട്രോയിൽ സ്ത്രീകളെ പിന്തുടർന്ന് മോശം രീതിയിൽ ദൃശ്യം പകർത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മെട്രോയിൽ സഞ്ചരിക്കുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ അവരറിയാതെ ചിത്രീകരിച്ച് പോസ്റ്റ് ചെയ്ത് അവ വിൽപ്പന നടത്തി വന്നിരുന്ന മെട്രോ ചിക്സ് എന്ന പേജ് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് ബെംഗളൂരു പൊലീസ് കേസെടുത്തത്. ഇതിനൊപ്പം ദൃശ്യങ്ങൾ വിൽക്കാൻ ടെലഗ്രാം ചാനലുമുണ്ടായിരുന്നു. ഈ ചാനൽ വഴിയാണ് വീഡിയോ വിൽക്കാറുണ്ടായിരുന്നത്. ഇതിന് പിന്നാലെയായിരുന്നു പരാതിയും അറസ്റ്റും.