
ഹൈദരാബാദ്: ഹൈദരാബാദിലെ ഹോട്ടൽ മുറിയിൽ യുവ വനിതാ ഡോക്ടറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തെലങ്കാനയിലെ ഹനുമകൊണ്ടയിലുള്ള കോളേജിൽ പീഡിയാട്രിക്സ് പിജി വിദ്യാർത്ഥിനിയായിരുന്ന 27 കാരി ഡോ. കോമതി ശ്രീജനയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തന്റെ പരിചയക്കാരനായ രവി കുമാർ സ്വർണ്ണമാല തിരികെ നൽകാൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ശ്രീജന ഹൈദരാബാദിലെത്തിയത്. എം.ബി.ബി.എസ് പഠനകാലത്ത് പരിചയത്തിലായ രവി കുമാർ എന്ന സുഹൃത്തിന് സ്വർണ്ണമാല തിരികെ നൽകാനാണ് താൻ ഹൈദരാബാദിലേക്ക് പോകുന്നതെന്ന് ശ്രീജന വീട്ടുകാരോട് പറഞ്ഞിരുന്നു. സെപ്റ്റംബർ 30-നാണ് ഹൈദരാബാദിലെ മിയാപൂരിലുള്ള ഹോട്ടലിൽ ശ്രീജന മുറിയെടുത്തത്.
ഹൈദരാബാദിലെത്തിയ ശ്രീജനയെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതായതോടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മിയാപൂരിലെ ഹോട്ടലിൽ ശ്രീജനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പൊലീസ് വാതിൽ ചവിട്ടി തുറന്ന് നോക്കിയപ്പോൾ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശ്രീജനയെ കാണാൻ ഹോട്ടലിലെത്തിയ സുഹൃത്ത് രവി കുമാറിനെ നിലവിൽ കാണാനില്ല. ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ശരീരത്തിൽ പുറമേക്ക് പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു.
ശ്രീജനയുടെ പിതാവ് കെ. ഭൂമയ്യയുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും ഒക്ടോബർ 1-ന് രവി കുമാർ ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്തതായും അതിനുശേഷം ഇയാളെക്കുറിച്ച് വിവരമൊന്നുമില്ലെന്നും പൊലീസ് അറിയിച്ചു. ഇയാളുടെ മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇൻസ്റ്റാഗ്രാം വഴിയാണ് ശ്രീജനയും രവിയും പരിചയപ്പെട്ടതെന്നും വർഷങ്ങളായി സൗഹൃദത്തിലായിരുന്നുവെന്നും പറയപ്പെടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam