56-ാം വയസ്സിലും 'യുവനേതാവ്' എന്ന് വിളിക്കുന്നതെന്തുകൊണ്ടാണെന്ന വിദ്യാർത്ഥിയുടെ ചോദ്യത്തിന് മറുപടിയുമായി രാഹുൽ ഗാന്ധി. ചിക്കാഗോ സർവകലാശാലയിൽ നടന്ന സംവാദ പരിപാടിയിലാണ് രാഹുൽ ഗാന്ധി മറുപടി നൽകിയത്.
ദില്ലി: പ്രായം 56 ആയിട്ടും ഇപ്പോഴും യുവനേതാവെന്ന് വിളിക്കുന്നതിനെ എങ്ങനെയാണ് കാണുന്നതെന്ന ചോദ്യത്തിന് മറുപടിയുമായി രാഹുൽ ഗാന്ധി. പ്രായമല്ല, മറിച്ച് എന്തിനെയും കുറിച്ചുള്ള ജിജ്ഞാസയും ചോദ്യങ്ങൾ ചോദിക്കാനുള്ള മനോഭാവവുമാണ് ഒരാളെ യുവാവാക്കി നിർത്തുന്നതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ചിക്കാഗോ സർവകലാശാലയിൽ നടന്ന സംവാദ പരിപാടിയിൽ വിദ്യാർത്ഥിയുടെ ചോദ്യത്തിനാണ് രാഹുൽ ഗാന്ധി മറുപടി നൽകിയത്. മുമ്പ് 56കാരനായ യുവനേതാവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഹുൽ ഗാന്ധിയെ പരോക്ഷമായി പരിഹസിച്ചത് ചർച്ചയായിരുന്നു.
"നിങ്ങളുടെ പ്രായം ഏകദേശം 50നടുത്താണ്, എന്നിട്ടും നിങ്ങളെ ഇന്നും ഒരു യുവനേതാവ് എന്നാണ് വിളിക്കുന്നത്. ഇതിനെ നിങ്ങൾ എങ്ങനെയാണ് കാണുന്നത്, എന്തുകൊണ്ടാണ് ഇത്രയധികം യുവാക്കൾ ഇപ്പോഴും നിങ്ങളെ തങ്ങളുടെ നേതാവായി അംഗീകരിക്കുന്നത്?"- എന്നിങ്ങനെയായിരുന്നു വിദ്യാർത്ഥിയുടെ ചോദ്യം. ഇത് കേട്ട് രാഹുൽ ഗാന്ധിയും സദസ്സിൽ ഉണ്ടായിരുന്നവരും ചിരിച്ചു. ചോദ്യത്തിന് മറുപടി പറഞ്ഞ് തുടങ്ങിയ രാഹുൽ, ചിലർ താനൊരു യുവനേതാവാണെന്ന് പറയുമെന്നും മറ്റുചിലർ താനൊരു പ്രായമായവരുടെ നേതാവാണെന്ന് പറയുമെന്നും എല്ലാവർക്കും ഓരോ അഭിപ്രായമുണ്ടെന്നും ചൂണ്ടിക്കാട്ടി.
"നോക്കൂ, എല്ലാവർക്കും ഓരോ അഭിപ്രായമുണ്ടാകും, ശരിയല്ലേ? ചിലർ പറയും ഞാൻ ഒരു യുവനേതാവാണെന്ന്. മറ്റു ചിലർ പറയും ഞാൻ പ്രായമായവരുടെ നേതാവാണെന്ന്. വേറെ ചിലർ മറ്റെന്തെങ്കിലും പറയും. എനിക്ക് അതിലൊന്നും പ്രശ്നമില്ല. എല്ലാവർക്കും അവരവരുടേതായ കാഴ്ചപ്പാടുകൾ ഉണ്ടാകാൻ അവകാശമുണ്ട്"- രാഹുൽ പറഞ്ഞു.
ചെറുപ്പം മുതലേ എപ്പോഴും ജിജ്ഞാസ ഉള്ളവനായിരിക്കാനാണ് പഠിപ്പിച്ചതെന്നും എന്തിനെക്കുറിച്ചും ചോദ്യങ്ങൾ ചോദിക്കുമെന്നും രാഹുൽ ഗാന്ധി തുടർന്നു. "എന്നാൽ ചെറുപ്പം മുതലേ എപ്പോഴും ജിജ്ഞാസയുള്ളവനായിരിക്കാനും ആ ജിജ്ഞാസയ്ക്ക് അതിരുകൾ വെക്കാതിരിക്കാനുമാണ് എന്നെ പഠിപ്പിച്ചത്. അതായത് എല്ലാ മേഖലകളിലും ചോദ്യങ്ങൾ ചോദിക്കുക. ഭൗമരാഷ്ട്രീയത്തെക്കുറിച്ചോ സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ചോ മൃഗങ്ങളെക്കുറിച്ചോ അങ്ങനെ എന്തിനെക്കുറിച്ചും ചോദ്യങ്ങൾ ചോദിക്കുക"- രാഹുൽ ഗാന്ധി വ്യക്തമാക്കി.
"നിങ്ങൾ വളരുന്നതിനനുസരിച്ച്, ചില ചോദ്യങ്ങൾ ചോദിക്കാൻ പാടില്ലെന്ന് സമൂഹം നിങ്ങളോട് പറയാൻ ശ്രമിക്കും. എനിക്ക് എങ്ങനെ പണമുണ്ടാക്കാമെന്നോ എനിക്ക് എങ്ങനെ ഒരു വലിയ വീട് സ്വന്തമാക്കാമെന്നോ നിങ്ങൾക്ക് ചോദിക്കാം. എന്നാൽ നിങ്ങൾക്ക് ചോദിക്കാൻ അനുവാദമില്ലാത്ത ഒരുപാട് ചോദ്യങ്ങളുണ്ട്. ഞാൻ ഒരിക്കലും അതിന് വഴങ്ങിയിട്ടില്ല. ഞാൻ എന്നോട് തന്നെയും മറ്റുള്ളവരോടും എല്ലാവരോടും എല്ലാത്തരം ചോദ്യങ്ങളും ചോദിക്കാറുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വിഡ്ഢിത്തമെന്ന് തോന്നുന്ന ചോദ്യങ്ങൾ പോലും ചോദിക്കാൻ ഒരിക്കലും ഭയപ്പെടാതിരിക്കുക എന്നതാണ് യുവത്വം. അതുകൊണ്ടായിരിക്കാം എന്നെ ഒരു യുവനേതാവ് എന്ന് അവർ വിളിക്കുന്നത്"- വിദ്യാർത്ഥിയുടെ ചോദ്യത്തിനുള്ള മറുപടി രാഹുൽ ഗാന്ധി പൂർത്തിയാക്കിയതോടെ സദസ്സിൽ നിന്ന് കരഘോഷമുയർന്നു.















