നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അമേരിക്കൻ ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷനുമായി ചേർന്ന് വൻ ലഹരിക്കടത്ത് ശൃംഖല തകർത്തു. 'ഓപ്പറേഷൻ മൺസൂൺ തണ്ടറി'ലൂടെ ആറു പേരെ അറസ്റ്റ് ചെയ്തു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി അമേരിക്കയിലേക്ക് ലക്ഷക്കണക്കിന് മരുന്നുകളാണ് ഇവർ കടത്തിയത്.
ദില്ലി. അമേരിക്കയിലേക്ക് തപാലിലും ഡിജിറ്റൽ ഫ്ലാറ്റ് ഫോം വഴിയും വൻതോതിൽ ലഹരി മരുന്ന് കടത്തി ശൃംഖലയെ തകർത്ത് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ.ആറു പേരെ പിടികൂടി. നിയന്ത്രിത മരുന്നുകളും ഇവർ കടത്തിയിരുന്നതായി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ. അമേരിക്കൻ ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷനുമായി (DEA) സഹകരിച്ച് നടത്തിയ 'ഓപ്പറേഷൻ മൺസൂൺ തണ്ടറി'ലാണ് ഇന്ത്യയിലെ ശൃംഖല തകർത്തത്. ഹൈദരാബാദ്, ദില്ലി, കൊൽക്കത്ത, ലഖ്‌നൗ എന്നിവിടങ്ങളിൽ നവംബർ 4 മുതൽ 13 വരെയായിരുന്നു പരിശോധന. കഴിഞ്ഞ നാലു വർഷമായി ( 2022 ജൂൺ മുതൽ 2026 നവംബർ വരെ) അമേരിക്കയിലേക്ക് ഏകദേശം 3,000 പാർസലുകളിലായി അഞ്ച് ലക്ഷത്തോളം ഗുളികകൾ കടത്തിയതായാണ് കണ്ടെത്തൽ. അമേരിക്കയിലേക്ക് സൈക്കോട്രോപിക് മരുന്നുകളും ഒപിയോയ്ഡ്, NRx വിഭാഗത്തിലുള്ള മരുന്നുകളുമാണ് എത്തിച്ചത്. അമേരിക്കയിൽ വിവിധയിടങ്ങളിലേക്ക് വിതരണം ചെയ്യാൻ തയ്യാറാക്കിയ 1,500ലധികം ഗുളികകൾ എൻസിബി തിരിച്ചറിഞ്ഞു. രണ്ട് ചരക്കുകൾ DEA പിടിച്ചെടുത്തു. മുൻപ് അയച്ച പാർസലുകൾ, വിലാസങ്ങൾ, തപാൽ ട്രാക്കിങ് വിവരങ്ങൾ എന്നിവയുൾപ്പെടുന്ന 59,000ത്തിലധികം പേരുടെ വിവരങ്ങളും അമേരിക്കൻ ഏജൻസിക്ക് കൈമാറിയിട്ടുണ്ട്. ടെലിഗ്രാം, സ്കൈപ്പ്, വാട്സ്ആപ്പ് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയായിരുന്നു മരുന്നുകളുടെ ഓർഡറുകൾ സ്വീകരിച്ചിരുന്നത്. അമേരിക്കൻ തപാൽ സംവിധാനമായ USPS ഉൾപ്പെടെയുള്ള ഡെലിവറി ശൃംഖലകൾ ഉപയോഗിച്ചായിരുന്നു വിതരണം. വെൻമോ, ബാങ്ക് അക്കൗണ്ടുകൾ, UPI, ക്രിപ്റ്റോകറൻസി, ഹവാല മാർഗങ്ങൾ എന്നിവ വഴിയാണ് പണം കൈമാറിയിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായതായി നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറിയിച്ചു. മരുന്നുകളുടെ ഉറവിടം ഒന്നിലധികം രാജ്യങ്ങളിലായിരിക്കാമെന്ന സൂചനയുമുണ്ട്. പണമിടപാടുകളുടെ ശൃംഖലയും അന്താരാഷ്ട്ര വിതരണക്കാരെയും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും തപാൽ സംവിധാനങ്ങളും ഉപയോഗിച്ച് പ്രവർത്തിക്കുന്ന രാജ്യാന്തര ലഹരിക്കടത്ത് ശൃംഖലകൾക്കെതിരായ നടപടിയുടെ ഭാഗമായാണ് ഇന്ത്യയും അമേരിക്കയും സംയുക്ത നീക്കം ശക്തമാക്കുന്നത്.













