
ദില്ലി: അസമിലെ മൂന്ന് മുൻ എംഎൽഎമാർ കോൺഗ്രസിൽ ചേർന്നു. അസം ഗണ പരിഷത്തിന്റെ ഒരാളും, ബിജെപിയിൽ നിന്ന് രണ്ടുപേരുമാണ് കോൺഗ്രസ് അംഗത്വമെടുത്തത്. ദില്ലിയിൽ നടന്ന ചടങ്ങിൽ ജന സെക്ര. കെ സി വേണുഗോപാൽ ഇവർക്ക് അംഗത്വം നൽകി. അസമിൽ കോൺഗ്രസിനെ ജനം അധികാരത്തിലെത്തിക്കുമെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു. വരാനിരിക്കുന്ന നിയമ സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതാണ് നടപടിയെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്. അഴിമതി കമ്പനിയുടെ ഭരണമെന്നാണ് ബിജെപിയെ കോൺഗ്രസ് കുറ്റപ്പെടുത്തുന്നത്. മുൻ സിപാജ്ഹർ എംഎൽഎ ബിനന്ദ സൈക്കിയ, മുൻ കമൽപൂർ എംഎൽഎ സത്യബ്രതകലിത, മുൻ കർബി ആംഗ്ലോഗ് എംഎൽഎ ഡോ. മൻസിംഗ് റോൺപി എന്നിവരാണ് ഇന്ദിരാഭവനിൽ വച്ച് കോൺഗ്രസിൽ ചേർന്നത്.
സംസ്ഥാനത്തിന്റെ വിവിധ മേഖലയിൽ ശക്തമായ സ്വാധീനമുള്ളവരാണ് പാർട്ടിയിലേക്ക് എത്തിയവരെന്നാണ് കോൺഗ്രസ് വിശദമാക്കുന്നത്. സാധാരണക്കാർക്കിടയിൽ ബിജെപി വിരുദ്ധ വികാരം വേണ്ട വിധം ഉപയോഗിക്കാൻ ഈ നേതാക്കൾക്ക് സാധിക്കുമെന്നും കോൺഗ്രസ് നിരീക്ഷിക്കുന്നത്. അസമിന്റെ എല്ലാ മേഖലയും മാറ്റത്തിനായി ആഗ്രഹിക്കുന്നുണ്ട്. സംസ്ഥാനം കണ്ട ഏറ്റവും വലിയ രീതിയിലെ അഴിമതി ഭരണമാണ ബിജെപിയുടേതെന്നാണ് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം