
ബദൌന്‍: എലിയുടെ വാലില്‍ കല്ല് കെട്ടി അഴുക്ക് ചാലില്‍ എറിഞ്ഞ യുവാവിനെതിരെ 30 പേജ് കുറ്റപത്രവുമായി പൊലീസ്. ഉത്തര്‍ പ്രദേശിലെ ബദൌനിലാണ് സംഭവം. കഴിഞ്ഞ വര്‍ഷം നവംബറിലാണ് സംഭവമുണ്ടായത്. ഏപ്രില്‍ 11നാണ് യുവാവിനെതിരായ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. സമൂഹമാധ്യമങ്ങളിലെ വീഡിയോ കളുടെ അടിസ്ഥാനത്തില്‍ സാധ്യമായതും ലഭ്യമായതുമായ ആളുകളുടെ മൊഴികളുടെ അടിസ്ഥാനത്തിലും ഫൊറന്‍സിക് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലുമാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. വിവിധ വകുപ്പുകളില്‍ നിന്നും കുറ്റപത്രത്തിനായി വിവരശേഖരണം നടത്തിയെന്ന് സര്‍ക്കിള്‍ ഓഫീസര്‍ അലോക് മിശ്ര വിശദമാക്കുന്നു.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിനെ ആധാരമാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്. ശ്വാസകോശത്തിലും കരളിലുമുണ്ടായ അണുബാധയാണ് എലിയുടെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വിശദമാക്കുന്നത്. നവംബര്‍ 25നാണ് മനോജ് കുമാര്‍ എന്ന യുവാവിനെതിരെ പരാതി ലഭിക്കുന്നത്. മൃഗാവകാശ പ്രവര്‍ത്തകനായ വികേന്ദ്ര ശര്‍മ എന്നയാളാണ് പരാതി നല്‍കിയത്. വികേന്ദ്ര ശര്‍മ അഴുക്ക് ചാലില്‍ ഇറങ്ങി എലിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. മൃഗങ്ങള്‍ക്കിതിരായ അതിക്രമങ്ങള്‍ അനുസരിച്ചുള്ള കുറ്റങ്ങളാണ് യുവാവിനെതിരെ ചുമത്തിയിട്ടുള്ളത്. 10 രൂപ മുതല്‍ 2000 രൂപ വരെ പിഴയും മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കാന്‍ സാധ്യതയുള്ള വകുപ്പുകളാണ് യുവാവിനെതിരെ ചുമത്തിയിട്ടുള്ളത്. ഇന്ത്യന്‍ ശിക്ഷാ നിയമം 429 അനുസരിച്ച് ശിക്ഷ അഞ്ച് വര്‍ഷം ആകാനും സാധ്യതയുണ്ട്.
എന്നാല്‍ എലികളേയും കാക്കകളേയും കൊല്ലുന്നത് തെറ്റല്ലെന്നും അവ മൂലം കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും നഷ്ടമുണ്ടാകുന്നതായാണ് മനോജ് കുമാറിന്‍റെ പിതാവ് പ്രതികരിക്കുന്നത്. മകനെതിരായ കുറ്റം ചുമത്തിയവര്‍ കോഴികളേയും ആടിനേയും മത്സ്യത്തേയും കൊല്ലുന്നവര്‍ക്കെതിരേയും കുറ്റം ചുമത്തണമെന്നും ഈ പിതാവ് ആവശ്യപ്പെടുന്നു. എലി വിഷം വില്‍ക്കുന്നവര്‍ക്കെതിരെയും നടപടി വേണമെന്നും മനോജി കുമാറിന്‍റെ പിതാവ് പറയുന്നു. നവംബറിലെ സംഭവത്തിന് ശേഷം എലിയുടെ മൃതദേഹം ബുദൌനിലെ വെറ്റിനറി ആശുപത്രിയിലും അവിടെ നിന്ന് ബറേലിയിലെ ഇന്ത്യന്‍ വെറ്റിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലും പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മനോജ് കുമാറിനെ പൊലീസ് ചോദ്യം ചെയ്യാനായി സ്റ്റേഷനില്‍ വിളിച്ച് വരുത്തിയിരുന്നു. മൃഗത്തെ വധിക്കുന്നതിനും മൃഗങ്ങള്‍ക്കെതിരായ ക്രൂരതയ്ക്കുമാണ് മനോജ് കുമാറിനെതിരെ കേസ് എടുത്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam