എലിയെ ഓടിക്കുന്നതിനായി യന്ത്രം പുറപ്പെടുവിക്കുന്ന മുരളൽ ശബ്ദം ദൈവങ്ങളുടെ ഉറക്കം കെടുത്തുമെന്നാണ് ഇവർ പറയുന്നത്. യന്ത്രം എടുത്തുമാറ്റണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.  ശര്‍ക്കര  വച്ച കെണികള്‍ ഉപയോഗിച്ച് എലിയെ പിടിക്കുന്ന രീതി പിന്തുടരാനാണ് ക്ഷേത്രഭാരവാഹികളുടെ പുതിയ തീരുമാനം. 

ഭുവനേശ്വര്‍: ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ എലിശല്യം ഒഴിവാക്കാൻ സ്ഥാപിച്ച യന്ത്രം നീക്കം ചെയ്യാൻ തീരുമാനമായി. യന്ത്രം പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന ശബ്ദം ക്ഷേത്രത്തിലെ ദൈവങ്ങളുടെ ഉറക്കം തടസ്സപ്പെടുത്തുമെന്ന പൂജാരിമാരുടെ നിർദ്ദേശത്തെത്തുടർന്നാണ് നടപടി. എലിശല്യം ഇല്ലാതാക്കാൻ ക്ഷേത്രഭാരവാഹികൾ യോജിച്ചെടുത്ത തീരുമാനമാണ് പൂജാരിമാരുടെ നിർദ്ദേശത്തെത്തുടർന്ന് മാറ്റുന്നത്. 

12-ാം നൂറ്റാണ്ടിൽ നിർമിച്ചതാണ് പുരി ജഗന്നാഥക്ഷേത്രം. ജഗന്നാഥൻ, ബലഭദ്ര, സുഭദ്ര എന്നിവരാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഈ വർഷം ജനുവരിയിലാണ് വിഗ്രഹങ്ങളുടെ ഉടയാടകൾ എലി കരണ്ടതായി കണ്ടെത്തിയത്. തടിയിൽ നിര്‍മിച്ച ക്ഷേത്ര വിഗ്രഹങ്ങളും എലി നശിപ്പിക്കാനിടയുണ്ടെന്ന് ആശങ്ക ഉയർന്നു. ഇതോടെയാണ് ക്ഷേത്രഭാരവാഹികൾ എലികളെ തുരത്താനുള്ള മാർ​ഗം ആലോചിച്ചത്. പിന്നാലെ, എലിശല്യം ഒഴിവാക്കാനുള്ള യന്ത്രം ഒരു ഭക്തന്‍ ക്ഷേത്രത്തിലേക്ക് വാങ്ങി നല്‍കുകയും ചെയ്തു. 

ക്ഷേത്ര ശ്രീകോവിലിൽ യന്ത്രം സ്ഥാപിക്കാനാണ് തീരുമാനിച്ചത്. ഇതനുസരിച്ച് പരീക്ഷണമെന്ന നിലയിൽയന്ത്രം പ്രവർത്തിപ്പിച്ചു നോക്കുകയും ചെയ്തു. അപ്പോഴാണ് പൂജാരിമാർ പരാതിയുമായി എത്തിയത്. എലിയെ ഓടിക്കുന്നതിനായി യന്ത്രം പുറപ്പെടുവിക്കുന്ന മുരളൽ ശബ്ദം ദൈവങ്ങളുടെ ഉറക്കം കെടുത്തുമെന്നാണ് ഇവർ പറയുന്നത്. യന്ത്രം എടുത്തുമാറ്റണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. ശര്‍ക്കര വച്ച കെണികള്‍ ഉപയോഗിച്ച് എലിയെ പിടിക്കുന്ന രീതി പിന്തുടരാനാണ് ക്ഷേത്രഭാരവാഹികളുടെ പുതിയ തീരുമാനം. എലികളെ വിഷംവെച്ചോ മറ്റോ കൊല്ലരുതെന്ന നിലപാട് കാലങ്ങളായി തുടര്‍ന്നുവരുന്നതിനാല്‍ കെണിയില്‍ കുടുങ്ങുന്ന എലികളെ ക്ഷേത്രത്തിന് പുറത്ത് തുറന്നുവിടുകയാണ് ചെയ്യുന്നതെന്നും ക്ഷേത്രഭാരവാഹികൾ അറിയിച്ചു. 

Read Also: രൂപം മാറിയിട്ടുണ്ടാവും, തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലോ! അമൃത്പാലിന്റെ വിവിധ ഫോട്ടോകൾ പുറത്തുവിട്ട് പൊലീസ്