
ദില്ലി : ക്രിക്കറ്റ് കളിക്കിടെ എൽഐസി ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു മരിച്ചു. നൽഗഞ്ച് നിവാസിയായ രവീന്ദ്ര അഹിർവാർ ആണ് മരിച്ചത്. ഉത്തർപ്രദേശിലെ ഝാൻസിയിൽ ബുധനാഴ്ച രാവിലെ ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനിലെ ഡെവലപ്‌മെന്റ് ഓഫീസറാണ് 30 കാരനായ രവീന്ദ്ര അഹിർവാർ. സൗഹൃദ മത്സരത്തിൽ പങ്കെടുത്ത് ബൌള് ചെയ്യുകയായിരുന്നു അദ്ദേഹം. പെട്ടെന്ന് അസ്വസ്ഥത തോന്നിയതോടെ വെള്ളം കുടിച്ചു. പിന്നാലെ ഛർദ്ദിക്കുകയും ബോധരഹിതനാകുകയുമായിരുന്നു. രവീന്ദ്രൻ ആഴ്ചകൾക്ക് ശേഷമാണ് കളിക്കാൻ വന്നത്. സഹകളിക്കാർ അദ്ദേഹത്തെ ഉടൻ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും, ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
കുറച്ച് ഓവറുകൾ പന്തെറിഞ്ഞ ശേഷം രവീന്ദ്രൻ വെള്ളം കുടിക്കാൻ നിന്നു. വെള്ളം കുടിച്ച് അധികം വൈകാതെ അദ്ദേഹം ഛർദ്ദിക്കുകയും ഗ്രൗണ്ടിൽ കുഴഞ്ഞുവീഴുകയുമായിരുന്നു. തുടക്കത്തിൽ സഹകളിക്കാർ നിർജ്ജലീകരണം ആയിരിക്കാമെന്ന് കരുതിയെങ്കിലും പ്രതികരിക്കാതിരുന്നതോടെയാണ് ഗുരുതരാവസ്ഥ മനസിലാക്കിയതെന്ന് ഗ്രൗണ്ടിലെ സാക്ഷികൾ പറയുന്നു.