
ജയ്പൂർ: രാജസ്ഥാനിൽ റോഡ് നിർമാണത്തിനായി ബുൾഡോസർ ഉപയോഗിച്ച് 300 വർഷം പഴക്കമുള്ള ക്ഷേത്രം പൊളിച്ചുനീക്കിയതിൽ വിവാദം. ആൽവാർ ജില്ലയിലാണ് ഏകദേശം 300 വർഷം പഴക്കമുള്ള ശിവക്ഷേത്രവും 86 കടകളും വീടുകളും ബുൾഡോസർ ഉപയോഗിച്ച് തകർത്തതായി ആരോപിക്കുന്നത്. സംഭവത്തിൽ ഭരണകക്ഷിയായ കോൺഗ്രസും പ്രതിപക്ഷമായ ബിജെപിയും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തി. പൊളിച്ചുമാറ്റിയ സ്ഥലത്ത് 'ഗൗരവ് പാത' എന്ന പേരിൽ ഒരു റോഡ് പ്രഖ്യാപിച്ചത് ബിജെപി മുഖ്യമന്ത്രിയായിരുന്ന വസുന്ധര രാജെയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ബിജെപി ഭരിക്കുന്ന രാജ്ഗഡ് ടൗണിലെ മുനിസിപ്പൽ കൗൺസിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കൈയേറ്റങ്ങൾ നീക്കി റോഡ് നിർമിക്കാൻ പ്രമേയം പാസാക്കിയെന്നും കോൺഗ്രസ് വ്യക്തമാക്കി. രാജ്ഗഡ് മുനിസിപ്പൽ കൗൺസിലിലെ 35 അംഗങ്ങളിൽ 34 പേരും ബിജെപിയാണെന്നും കോൺഗ്രസ് വിശദീകരിച്ചു. രാജ്ഗഢ് മുനിസിപ്പാലിറ്റിയാണ് ക്ഷേത്രവും വീടും പൊളിക്കാൻ ഉത്തരവിട്ടതെന്നും കോൺഗ്രസ് ആരോപിച്ചു. രാജ്ഗഢ് മുനിസിപ്പൽ കൗൺസിലിന്റെ തീരുമാനമാണ് നടപ്പാക്കിയത്. സംസ്ഥാന സർക്കാരിന് ഇതിൽ ഒന്നും ചെയ്യാനില്ല. അവർ സർക്കാരിനോട് ആലോചിക്കുകയോ അഭിപ്രായം തേടുകയോ ചെയ്തിട്ടില്ല. -രാജസ്ഥാൻ നഗരവികസന, ഭവന വകുപ്പ് മന്ത്രി ശാന്തി ധരിവാൾ പറഞ്ഞു.
ഏപ്രിലിൽ മുനിസിപ്പൽ കൗൺസിൽ ദുരിതബാധിതർക്ക് നോട്ടീസ് നൽകിയതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശിവക്ഷേത്രമുൾപ്പെടെ രണ്ട് ക്ഷേത്രങ്ങൾ കൈയേറ്റ സ്ഥലത്താണെന്നും പൊളിക്കുന്നതിന് മുമ്പ് ക്ഷേത്രത്തിലെ പൂജാരിമാരോട് വിഗ്രഹങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതായും ഉദ്യോഗസ്ഥർ പറഞ്ഞു. പൊളിക്കൽ നടന്ന ദിവസം പ്രാദേശിക കോൺഗ്രസ് എംഎൽഎ ജോഹാരി ലാൽ മീണ ഇതിനെതിരെ രംഗത്തെത്തിയതായും റിപ്പോർട്ടുണ്ട്. അതേസമയം, വിഷയത്തിൽ കോൺഗ്രസിന്റെ ഇരട്ടത്താപ്പാണെന്ന് ബിജെപി ആരോപിച്ചു. സംഭവം അന്വേഷിക്കുന്നതിനായി ബിജെപി അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് ബിജെപി അധ്യക്ഷൻ സതീഷ് പൂനിയ പറഞ്ഞു. ക്ഷേത്രം പൊളിക്കുന്നതിന് ജില്ലാ ഭരണകൂടം സഹായിച്ചെന്നും സംസ്ഥാന സർക്കാരിന് കൈ കഴുകാൻ കഴിയില്ലെന്നും ബിജെപി ആരോപിച്ചു. കൈയേറ്റ സ്ഥലത്ത് ക്ഷേത്രം ഉൾപ്പെട്ടിരിക്കുന്നത് കാണുമ്പോൾ ശ്രദ്ധിക്കണമായിരുന്നു. ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും മറ്റൊരു ബിജെപി നേതാവ് രാജേന്ദ്ര റാത്തോഡ് പറഞ്ഞു.
ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യ സംഭവത്തിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചു. നോട്ടീസ് നൽകിയിട്ടില്ലെന്നും 85 വീടുകളും കടകളും തകർത്തതായും ആരോപിച്ചു. കരൗലിയിലും ജഹാംഗീർപുരിയിലുമുള്ള കണ്ണീരൊപ്പുകയും ഹി ന്ദുക്കളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുകയും ചെയ്യുന്നത് കോൺഗ്രസിന്റെ മതേതരത്വമാണെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam