
തെലങ്കാന: പൂജയ്ക്ക് ശേഷം ആദ്യമായി പുറത്തേക്കെടുത്ത പുത്തൻ കാർ, ആൾക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി ആറുപേർക്ക് പരിക്ക്. തെലങ്കാനയിലെ വാറങ്കലിൽ ആണ് സംഭവം. ഡ്രൈവർ ബ്രേക്കിന് പകരം ആക്സിലറേറ്റർ ചവിട്ടിയതാണ് അപകടത്തിന് കാരണം. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. അലക്ഷ്യമായി വാഹനമോടിച്ചതിന് പൊലീസ് ഡ്രൈവർക്കെതിരെ കേസെടുത്തു.
അതേസമയം, റോഡിലുണ്ടായ അപകടത്തിൽ തർക്കിച്ച് കാറിന്റെ ബോണറ്റിൽ കയറി നിന്ന യുവാവുമായി ഒരു കിലോമീറ്ററോളം വണ്ടിയോടിച്ച് യുവതിയുടെ ദാർഷ്ട്യം വാർത്തയായിരുന്നു. ബെംഗളുരുവിൽ നിന്നാണ് റോഡ് അതിക്രമത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത് വന്നത്. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ബെംഗളുരു ജ്ഞാനഗംഗാ നഗറിനടുത്തുള്ള ഉള്ളാൾ മെയിൻ റോഡിൽവെച്ചാണ് സംഭവമുണ്ടായത്. ട്രാഫിക്കിനിടെ കാറുകളുടെ വശം തട്ടിയതിനെച്ചൊല്ലി രണ്ട് കാറുടമകൾ തമ്മിൽ വാക്കുതർക്കമുണ്ടായി. മാരുതി സ്വിഫ്റ്റ് കാർ ഓടിച്ചിരുന്ന ദർശൻ എന്ന യുവാവും ടാറ്റ നിക്സൺ കാർ ഓടിച്ചിരുന്ന ശ്വേത എന്ന യുവതിയും തമ്മിലാണ് തർക്കമുണ്ടായത്. തർക്കത്തിനിടെ യുവതി പ്രകോപനപരമായി സംസാരിച്ചതിനെത്തുടർന്ന് യുവാവ് വണ്ടിക്ക് മുന്നിൽ കയറി നിന്നു. ഇത് കണക്കിലെടുക്കാതെ യുവതി വണ്ടി മുന്നോട്ടെടുത്തതോടെ യുവാവ് കാറിന്‍റെ ബോണറ്റിന് മുകളിൽ പെട്ടു. തുടർന്ന് വാഹനം നിർത്താൻ തയ്യാറാകാതിരുന്ന യുവതി യുവാവിനെ കാറിന്‍റെ ബോണറ്റിൽ വച്ച് ഒരു കിലോമീറ്ററോളം ദൂരം വണ്ടിയോടിച്ചു.
സഹോദരന്റെ സ്കൂൾ ബസ് തട്ടി, രണ്ടര വയസ്സുകാരന് ദാരുണാന്ത്യം
യുവാവിന്‍റെ സുഹൃത്തുക്കൾ ബൈക്കിൽ യുവതിയുടെ കാറിനെ പിന്തുടർന്ന് തടഞ്ഞുനിർത്തിയാണ് രക്ഷപ്പെടുത്തിയത്. തുടർന്ന് യുവാവിന്‍റെ സുഹൃത്തുക്കൾ യുവതിയുടെ കാറിന്‍റെ ചില്ലുകൾ തല്ലിത്തകർത്തു. വണ്ടിയോടിച്ച ശ്വേതയെയും ഒപ്പമുണ്ടായിരുന്ന ഭർത്താവ് പ്രമോദിനെയും ബോണറ്റിന് മുകളിൽ പെട്ട ദർശൻ എന്ന യുവാവിനെയും രണ്ട് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളുരുവിൽ ബൈക്കിൽ പിടിച്ച വൃദ്ധനെ യുവാവ് വലിച്ചിഴച്ച സംഭവം നടന്ന് ഒരാഴ്ചയ്ക്കുള്ളിലാണ് റോഡ് അതിക്രമത്തിന്‍റെ പുതിയ ദൃശ്യങ്ങളും പുറത്തുവരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam