
ലക്നൗ: വിവാഹം കഴിഞ്ഞ് ആറുമാസം മാത്രം പിന്നിട്ട യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥന്‍റെ ഭാര്യയായ 26കാരി മധു സിംഗിനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ, ഭർത്താവ് അനുരാഗ് സിംഗ് മധുവിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കുകയായിരുന്നുവെന്ന് ആരോപിച്ച് മധുവിന്‍റെ കുടുംബം രംഗത്തെത്തി.
അനുരാഗ് സിംഗ് സ്ത്രീധനത്തിന്‍റെ പേരിൽ മധുവിനെ നിരന്തരമായി ഉപദ്രവിച്ചിരുന്നതായും ശാരീരികമായി മർദിച്ചിരുന്നതായും കുടുംബം ആരോപിച്ചു. ഇതേത്തുടർന്ന് മധുവിന്‍റെ പിതാവ് സുശാന്ത് ഗോൾഫ് സിറ്റി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഈ വർഷം ഫെബ്രുവരി 25നാണ് മെർച്ചന്‍റ് നേവിയിലെ സെക്കൻഡ് ഓഫീസറായ അനുരാഗ് സിംഗും മധുവും വിവാഹിതരായത്. എന്നാൽ, വിവാഹശേഷം 15 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് അനുരാഗ് മധുവിനെ ഉപദ്രവിക്കാൻ തുടങ്ങിയെന്ന് കുടുംബം പറയുന്നു.
ചെറിയ കാര്യങ്ങൾക്കുപോലും അനുരാഗ് മധുവിനെ മർദിക്കുമായിരുന്നുവെന്ന് മധുവിന്‍റെ സഹോദരി പ്രിയ പറഞ്ഞു. മാർച്ച് 10ന് പ്ലേറ്റ് ശരിയായ സ്ഥാനത്ത് വെച്ചില്ലെന്ന കാരണത്താൽ അനുരാഗ് മധുവിനെ മർദിച്ചു. അന്ന് മധു തന്നെ ഫോണിൽ വിളിച്ച് 'വേഗം വരൂ, അല്ലെങ്കിൽ അയാൾ എന്നെ കൊല്ലും' എന്ന് പറഞ്ഞ് സഹായം അഭ്യർത്ഥിച്ചിരുന്നതായും പ്രിയ ഓർത്തെടുത്തു. ഈ സംഭവം തന്‍റെ കുടുംബത്തെ തകർത്തു കളഞ്ഞെന്നും പ്രിയ കൂട്ടിച്ചേർത്തു.
കൂടാതെ, അനുരാഗ് മധുവിനെ മദ്യം കഴിക്കാൻ നിർബന്ധിച്ചിരുന്നതായും എതിർത്താൽ മർദിക്കുമായിരുന്നതായും പ്രിയ ആരോപിച്ചു. പുറത്ത് പോകാനും ആഘോഷങ്ങളിലും പങ്കെടുക്കാനും ഇഷ്ടപ്പെട്ടിരുന്ന മധുവിനെ ക്രമേണ വീട്ടിൽ ഒതുക്കി കൂട്ടിലാക്കി. അനുരാഗ് നിരന്തരമായി മധുവിന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഫോണും നിരീക്ഷിച്ചിരുന്നു. സ്വന്തം സഹോദരിയായ പ്രിയയോട് സംസാരിച്ചതിന്‍റെ പേരിൽ പോലും അനുരാഗ് മധുവിനെ അസഭ്യം പറഞ്ഞിരുന്നു. ഒരിക്കൽ തങ്ങൾ തമ്മിൽ ലെസ്ബിയൻ ബന്ധമുണ്ടെന്ന് അനുരാഗ് ആരോപിച്ചതായും പ്രിയ പറഞ്ഞു.
മധുവിനെ മരിച്ച നിലയിൽ കണ്ടെത്തുന്നതിന് തലേദിവസം ഇരുവരും കാറിൽ പുറത്ത് പോയിരുന്നു. ഈ സമയത്ത് അനുരാഗ് മദ്യപിച്ചിരുന്നതായും മധുവിനെ നിർബന്ധിച്ച് കാറോടിപ്പിച്ചതായും കുടുംബം പറഞ്ഞു. യാത്രാമധ്യേ റോഡിലെ കുഴി ഒഴിവാക്കാൻ മധു കാർ വെട്ടിച്ചു. എന്നാൽ, ആൺകുട്ടികളെ ശ്രദ്ധിച്ചതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് ആരോപിച്ച് അനുരാഗ് കാറിനുള്ളിൽ വെച്ച് മധുവിനെ മർദിച്ചു.
അതേസമയം, അനുരാഗിന്‍റെ കുടുംബം ഈ ആരോപണങ്ങൾ നിഷേധിച്ചു. തിങ്കളാഴ്ച വൈകീട്ട് നാല് മണിക്ക് മധുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയപ്പോൾ ഉടൻതന്നെ മധുവിന്‍റെ പിതാവിനെ വിവരം അറിയിച്ചതായി അവർ പറഞ്ഞു. എന്നാൽ, തങ്ങൾ വീട്ടിലെത്തിയപ്പോഴേക്കും അനുരാഗ് മൃതദേഹം താഴെയിറക്കിയിരുന്നുവെന്ന് മധുവിന്‍റെ കുടുംബം ആരോപിച്ചു.
സംഭവത്തിന്‍റെ സമയത്തെക്കുറിച്ചും കുടുംബം സംശയം പ്രകടിപ്പിച്ചു. ഏപ്രിൽ 30ന് ഒരു ജോലിക്കായി പോയ അനുരാഗ് ആറ് മാസത്തിന് ശേഷമേ തിരിച്ചെത്തൂവെന്ന് പറഞ്ഞിരുന്നെങ്കിലും ജൂലൈ 22ന് പെട്ടെന്ന് തിരിച്ചെത്തി. "എന്തിനാണ് അയാൾ നേരത്തെ തിരിച്ചെത്തിയത്? അയാൾ മടങ്ങിയെത്തി ഇത്രയും വേഗം മധു മരിച്ചത് എങ്ങനെയാണ്?" മധുവിന്‍റെ പിതാവ് ഫത്തേ ബഹദൂർ സിംഗ് ചോദിച്ചു.
അനുരാഗിന്‍റെ വീട്ടിലെ ജോലിക്കാരി അവധിയിലായിരുന്നുവെന്ന അനുരാഗിന്‍റെ വാദത്തെയും കുടുംബം എതിർത്തു. എന്നാൽ, പൊലീസ് ചോദ്യം ചെയ്യലിൽ, താൻ പതിവ് സമയത്ത് ജോലിക്ക് വന്നിരുന്നെന്നും ആരും പ്രതികരിക്കാത്തതിനാൽ തിരികെ പോവുകയായിരുന്നുവെന്നും വീട്ടുജോലിക്കാരി വെളിപ്പെടുത്തി. അനുരാഗിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നും മധു ഗർഭിണിയായപ്പോൾ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്നും മധുവിന്‍റെ പിതാവ് ആരോപിച്ചു. കേസിന്‍റെ എല്ലാ വശങ്ങളും അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.