
കൊൽക്കത്ത: മുതിര്‍ന്ന സിപിഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ എൺപതിന്‍റെ നിറവില്‍. അടിയുറച്ച കമ്യൂണിസ്റ്റായി എക്കാലവും നിലകൊണ്ട ബുദ്ധദേവ് ബംഗാളിലേക്ക് വ്യവസായം ആകർഷിക്കാനുള്ള നിലപാടിന്‍റെ പേരിൽ പ്രശംസയും വിമർശനവും ഒരുപോലെ നേരിട്ടു. ബാലിഗഞ്ചിലെ വീട്ടില്‍ ബുദ്ധദേബ് വിശ്രമ ജീവിതം നയിക്കുമ്പോള്‍ സംസ്ഥാനത്ത് തിരികെ വരാനുള്ള പോരാട്ടത്തിലാണ് പാര്‍ട്ടിയുള്ളത്.
യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച് കമ്യൂണിറ്റ് പാതയിലൂടെ വളർന്ന ബുദ്ധദേവ് പത്ത് വർഷം റൈറ്റേഴ്സ് കെട്ടിടത്തിൽ ഇരുന്ന് പശ്ചിമ ബംഗാള്‍ ഭരിച്ചു. ബംഗാളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ നിര്‍ണായകമായിരുന്നു ഈ പത്ത് വർഷങ്ങള്‍. ജ്യോതിബസുവിന്‍റെ പിന്‍മുറക്കാരൻ ആരാകുമെന്നതിന് ആഴക്കുഴപ്പങ്ങം പാര്‍ട്ടിയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ സർക്കാരിന്‍റെ വികസന നയത്തിൽ ആശയക്കുഴപ്പം ദൃശ്യമായിരുന്നു. ഇരുപത്തിമൂന്നര വർഷത്തെ തുടർച്ചയായ കമ്യൂണിസ്റ്റ് ഭരണത്തിന് ശേഷം അധികാരം ഏറ്റെടുത്ത ബുദ്ധദേവ് വ്യവസായങ്ങളോടുള്ള പാർട്ടി നയം മാറ്റി ബംഗാളില്‍ വികസനം കൊണ്ടുവരാനാണ് ശ്രമിച്ചത്.
സ്വകാര്യ കമ്പനികളിലൂടെ സംസ്ഥാനത്ത് നിക്ഷേപം എത്തിച്ച് വികസനമുരടിപ്പും തൊഴിലില്ലായ്മയും മാറ്റുക എന്ന ലക്ഷ്യം ബുദ്ധദേബ് ആവർത്തിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചപ്പോഴുമൊക്കെ ബുദ്ധദേബ് ഈ നയം ഊന്നിപ്പറഞ്ഞിരുന്നു. എന്നാൽ ബുദ്ധദേവിന്റെ കടുപ്പമേറിയ തീരുമാനങ്ങള്‍ സർക്കാരിന്‍റെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും അടിത്തറിയിളക്കുന്നതിലാണ് കൊണ്ടുചെന്നത്തിച്ചത്. ഭരണത്തിന്‍റെ ആദ്യ അഞ്ച് വർഷങ്ങള്‍ ഐടി രംഗത്തെയടക്കം മുന്നേറ്റം ബുദ്ധദേവിനും സർക്കാരിനും കൈയ്യടി നേടികൊടുത്തു. 2006ൽ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ മടങ്ങി എത്തിയെങ്കിലും ബുദ്ധദേബിനെ കാത്തിരുന്നത് വലിയ പ്രതിസന്ധിയാണ്.
2007 ല്‍ നന്ദിഗ്രാമില്‍ ബുദ്ധദേവ് നടപ്പാക്കാനാഗ്രഹിച്ചത് വ്യവസായിക വിപ്ലവമായിരുന്നു. എന്നാല്‍ സമരങ്ങളും വെടിവെപ്പും തൃണമൂലിന്‍റെയും മമതയുടെയും ഉയർച്ചക്ക് വഴിവെച്ചു. 1966 ല്‍ ആണ് ബുദ്ധദേവ് ഭട്ടാചാര്യ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേർന്നത്. ഡിവൈഎഫ്ഐയിലൂടെ പ്രവർത്തനം തുടങ്ങി പാര്‍ട്ടി കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ്ബ്യൂറോയിലും എത്തി. 1977ല്‍ ആണ് ആദ്യമായി മന്ത്രിയായത്.ജ്യോതി ബസു സർക്കാരില്‍ ആഭ്യന്തരമന്ത്രിയും ഉപമുഖ്യമന്ത്രിയുമായി പിന്നീട് മുഖ്യമന്ത്രി പദത്തില്‍ എത്തി. 2011 ലെ നിയമസഭ തെരഞ്ഞെുപ്പില്‍ വീശിയടിച്ച തൃണമൂല്‍ തരംഗത്തില്‍ വെറും നാല്‍പ്പത് സീറ്റാണ് സിപിമ്മിന് കിട്ടിയത്. ജാദവ്പൂരില്‍ പതിനാറായിരം വോട്ടിന് ബുദ്ധദേവ് തോറ്റത് സിപിഎമ്മിനെ മാത്രമല്ല ദേശീയ രാഷ്ട്രീയത്തെ തന്നെയും ആകെ ഞെട്ടിച്ചു.
തോൽവിക്കു ശേഷവും ബുദ്ധദേബ് സജീവമായിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഈ നേതാവിനെ അലട്ടി. മുഖ്യമന്ത്രിയായിരിക്കെയും ബാലിഗഞ്ചിലെ രണ്ടു മുറി ഫ്ളാറ്റിൽ ആയിരുന്നു ബുദ്ധദേബിൻറെ താമസം. കൊൽത്തത്തയുടെ തിയേറ്ററുകളിൽ നാടകവും സിനിമയും കാണാൻ അധികാരത്തിൻറെ ജാടകളില്ലാതെ എത്തിയിരുന്ന മുഖ്യമന്ത്രി. കമ്മ്യൂണിസ്റ്റു രീതികളും ലാളിത്യവും തിരിച്ചടികൾക്കിടയിലും കൈവിടാത്ത ബുദ്ധദേബ് ഭട്ടാചാര്യ ഗതകാല മൂല്യങ്ങൾ ഓർമ്മപ്പെടുത്തി എൺപതിലും ഇന്ത്യയിലെ വിപ്ളവ പ്രസ്ഥാനങ്ങൾക്ക് ആവേശം പകരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം