
ബാപറ്റ്‌ല: ഇരുപത് വർഷത്തോളം അമേരിക്കയിൽ ജീവിച്ചിട്ടും ജന്മനാട്ടിലേക്ക് മടങ്ങണമെന്ന ആഗ്രഹവുമായി ഒരു അമ്മ. ആന്ധ്രപ്രദേശിലെ ബാപട്‌ല സ്വദേശിനിയായ 94-കാരിയായ കൊണ്ട്രഗുണ്ട മഹാലക്ഷ്മമ്മയാണ് സ്വന്തം മണ്ണിലേക്ക് മടങ്ങണമെന്ന ആഗ്രഹവുമായി ജില്ലാ കളക്ടർക്ക് മുമ്പിലെത്തിയത്.
"എനിക്ക് 95 വയസ്സ് തികയാറായി. എന്റെ അവസാന നാളുകൾ ജന്മനാട്ടിൽ ഒരു ഇന്ത്യൻ പൗരയായി ജീവിക്കണം. എന്റെ മരണാനന്തര ചടങ്ങുകൾ സ്വന്തം ഗ്രാമത്തിൽ നടക്കണം. അതുകൊണ്ട് എനിക്ക് എത്രയും വേഗം ഇന്ത്യൻ പൗരത്വം തിരികെ നൽകണം..." -ബാപറ്റ്‌ല ജില്ലാ കളക്ടറോട് കൊണ്ട്രഗുണ്ട മഹാലക്ഷ്മമ്മ പറഞ്ഞതാണിത്. അമേരിക്കയിൽ 18 വർഷത്തോളം ജീവിച്ച്, അവിടുത്തെ പൗരത്വവും നേടി ഒടുവിൽ ഒരു ഇന്ത്യൻ പൗരയായി മരിക്കണമെന്ന അവസാന ആഗ്രഹവുമായി അധികൃതരെ സമീപിച്ച ആന്ധ്രാപ്രദേശ് സ്വദേശിനിയായ മഹാലക്ഷ്മമ്മയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്.
ആന്ധ്രാപ്രദേശിലെ ബാപറ്റ്‌ല ജില്ലയിലുള്ള ചിന്താഗുംപാല ഗ്രാമമാണ് മഹാലക്ഷ്മമ്മയുടെ സ്വദേശം. കഴിഞ്ഞ ബുധനാഴ്ചയാണ് ഇവർ മകനോടൊപ്പം ബാപറ്റ്‌ല ജില്ലാ കളക്ടർ ജെ. വെങ്കിട മുരളിയെ നേരിൽ കണ്ട് പൗരത്വത്തിനായുള്ള അപേക്ഷ വേഗത്തിലാക്കണമെന്ന് അഭ്യർത്ഥിച്ചത്. ഭർത്താവ് നാഗഭൂഷണത്തിന്‍റെ മരണശേഷമാണ് മഹാലക്ഷ്മമ്മ മകനും ഓങ്കോളജിസ്റ്റുമായ (അർബുദ രോഗവിദഗ്ദ്ധൻ) ബുച്ചയ്യ ചൗധരിക്കൊപ്പം ജീവിക്കാൻ യുഎസിലെ വിർജീനിയയിലേക്ക് പോയത്. 2000 ജൂലൈയിൽ ഇവർക്ക് അമേരിക്കൻ പൗരത്വം ലഭിച്ചു. തുടർന്ന് 18 വർഷത്തോളം അവർ അവിടെയാണ് താമസിച്ചത്.
എന്നാൽ മകന് മംഗളഗിരിയിലെ എൻആർഐ ആശുപത്രിയിൽ ജോലി ലഭിച്ചതോടെ 2018-ൽ ഇവർ ഇന്ത്യയിലേക്ക് മടങ്ങുകയും സ്വന്തം ഗ്രാമത്തിൽ സ്ഥിര താമസമാക്കുകയുമായിരുന്നു. ഇന്ത്യൻ ഭരണഘടനയെ പൂർണ്ണമായി ബഹുമാനിക്കുമെന്നും രാജ്യത്തെ നിയമങ്ങൾ അനുസരിച്ച് ജീവിക്കുമെന്നും മഹാലക്ഷ്മമ്മ ഉദ്യോഗസ്ഥർക്ക് ഉറപ്പുനൽകി. താൻ ഇതിനകം തന്നെ അമേരിക്കൻ പൗരത്വം ഔദ്യോഗികമായി ഉപേക്ഷിച്ചതായും ഇന്ത്യൻ പൗരത്വത്തിനായി ഓൺലൈൻ പോർട്ടൽ വഴി അപേക്ഷ സമർപ്പിച്ചതായും അവർ കളക്ടറെ അറിയിച്ചു. താൻ ജനിച്ച മണ്ണിൽ തന്നെ ജീവിക്കാനുള്ള നിയമപരമായ അവകാശം എത്രയും വേഗം അനുവദിച്ചു തരണമെന്നാണ് ഈ അമ്മയുടെ ആവശ്യം.
അപേക്ഷ നിയമപരമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് എത്രയും വേഗം പരിശോധിച്ച് നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ ജെ. വെങ്കിട മുരളി ഉറപ്പുനൽകി. പ്രാദേശികമായ അന്വേഷണങ്ങൾ പൂർത്തിയാക്കിയ ശേഷം ഇതിന്റെ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറും. സംസ്ഥാന സർക്കാർ ഈ ശുപാർശ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയക്കുന്നതോടെയാണ് പൗരത്വം പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമാവുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam