ജന്തർ മന്തറിലെ ഒന്നാം ഘട്ട പ്രതിഷേധത്തിന് ശേഷം 'ജന്തർ മന്തർ സീസൺ 2' എന്ന പേരിൽ പുതിയ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് കോക്ക്‌റോച്ച് ജനതാ പാർട്ടി പ്രഖ്യാപിച്ചു. ബിജെപിയുടെ ഭീഷണി മൂലം പാർട്ടി യോഗം നടത്താൻ വേദി നിഷേധിക്കപ്പെട്ടെന്ന് സ്ഥാപകൻ അഭിജിത്ത് ദീപ്കെ ആരോപിച്ചു.

ന്യൂഡൽഹി: ജന്തർ മന്തറിലെ ഒന്നാം ഘട്ട പ്രതിഷേധങ്ങൾ അവസാനിച്ചതിന് പിന്നാലെ, പുതിയ പ്രക്ഷോഭ പരിപാടികളുമായി വീണ്ടും തെരുവിലേക്കിറങ്ങാൻ ഒരുങ്ങി കോക്ക്‌റോച്ച് ജനതാ പാർട്ടി. 'ജന്തർ മന്തർ സീസൺ 2' ഉടൻ ആരംഭിക്കുമെന്ന് പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെ പ്രഖ്യാപിച്ചു. ഡൽഹിയിലെ നാരൈനയിൽ നടത്താനിരുന്ന സിജെപി പ്രവർത്തകരുടെ യോഗം അവസാന നിമിഷം റദ്ദാക്കേണ്ടി വന്നതിന് പിന്നാലെയാണ് ദീപ്കെ ഈ പ്രഖ്യാപനം നടത്തിയത്. ഭരണകക്ഷിയായ ബിജെപിയുടെ കടുത്ത സമ്മർദ്ദവും ഭീഷണിയും മൂലമാണ് ബാങ്കറ്റ് ഹാൾ ഉടമ ബുക്കിംഗ് റദ്ദാക്കിയതെന്ന് ദീപ്കെ ആരോപിച്ചു.

പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ, അടുത്ത ഘട്ട സമരം എന്നാണ് ആരംഭിക്കുകയെന്ന് സോഷ്യൽ മീഡിയയിലൂടെ നിരന്തരം ചോദ്യങ്ങൾ ഉയരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'ജന്തർ മന്തറിന്റെ രണ്ടാം സീസൺ എപ്പോൾ തുടങ്ങുമെന്ന ചോദ്യങ്ങൾക്ക് എനിക്ക് നൽകാനുള്ള മറുപടി, അത് വളരെ വേഗം തന്നെ ഉണ്ടാകും എന്നാണ്' - ദീപ്കെ വ്യക്തമാക്കി. പാർട്ടി പ്രവർത്തകരുടെ യോഗത്തിനായി ഹാൾ ബുക്ക് ചെയ്തിരുന്നുവെങ്കിലും, ഭാരവാഹികൾ അവിടെയെത്തിയപ്പോൾ പ്രവേശനം നിഷേധിക്കുകയായിരുന്നുവെന്ന് ദീപ്കെ പറഞ്ഞു.

ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്നും രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നും സമ്മർദ്ദമുള്ളതിനാൽ യോഗം അനുവദിക്കാൻ കഴിയില്ലെന്നാണ് സംഘാടകരോട് വ്യക്തമാക്കിയത്. പ്രദേശത്തെ മറ്റ് വേദികളും സമാനമായ കാരണങ്ങൾ പറഞ്ഞ് ഇടം നൽകാൻ വിസമ്മതിച്ചു. ഒടുവിൽ യോഗത്തിനായി ഉറപ്പിച്ച വേദിയുടെ ഉടമകൾക്ക് പരിപാടിയുടെ അന്ന് രാവിലെ കടുത്ത ഭീഷണി സന്ദേശം ലഭിച്ചതായി അദ്ദേഹം ആരോപിച്ചു. സിജെപിയുടെ യോഗം നടത്താൻ അനുവദിച്ചാൽ ഹാൾ ഉടമകളെ 'തലകീഴായി കെട്ടിത്തൂക്കും' എന്ന രീതിയിലാണ് ഭീഷണിപ്പെടുത്തിയതെന്ന് ദീപ്കെ കൂട്ടിച്ചേർത്തു.

ഈ നീക്കങ്ങൾക്ക് പിന്നിൽ ബിജെപിയാണെന്നും, എന്നാൽ ഇത്തരം തടസങ്ങൾ കൊണ്ട് തങ്ങളുടെ പ്രവർത്തനങ്ങളെ ഭയപ്പെടുത്തി നിർത്തിക്കാൻ കഴിയില്ലെന്നും സിജെപി മുന്നറിയിപ്പ് നൽകി. 'രാജ്യത്തെ യുവാക്കളുടെ സംഘടിത ശക്തിയെ ബിജെപി എത്രത്തോളം ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ് ഈ അനുഭവങ്ങൾ. ഭീഷണിപ്പെടുത്തുന്തോറും ഞങ്ങളുടെ വീര്യം കൂടുകയേയുള്ളൂ' - ദീപ്കെ പറഞ്ഞു. ഉയർന്നു വന്ന ആരോപണങ്ങളോട് ബിജെപി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പൊതുജനങ്ങളിൽ നിന്നും യുവാക്കളിൽ നിന്നും അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിനായി പാർട്ടി ഒരു ദേശവ്യാപക 'ലിസണിങ് ടൂർ' ആരംഭിക്കുകയാണെന്ന് സിജെപി ചീഫ് സ്‌പോക്‌സ്‌പേഴ്‌സൺ സൗരവ് ദാസ് അറിയിച്ചു. സ്വാതന്ത്ര്യദിനം മുതൽ വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങൾ മുൻനിർത്തിയുള്ള പ്രചാരണ പരിപാടികൾക്ക് മുൻഗണന നൽകും. പരീക്ഷാ ക്രമക്കേടുകൾക്കും അഴിമതിക്കും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കും സർക്കാരുകൾക്കുമെതിരെ രാജ്യത്തുടനീളം യുവാക്കൾ സംഘടിക്കുമെന്നും ഇതാണ് യഥാർത്ഥ സീസൺ 2 എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.