
ഭോപ്പാൽ: ഇടിച്ച ശേഷം നിർത്താതെ പോയ കാറിന് നേരെ തെരുവ് നായയുടെ പ്രതികാരം. സംഭവ ശേഷം തിരിച്ചെത്തിയ കാറിൽ പോറലേൽപ്പിച്ചാണ് തെരുവ് നായ പ്രതികാരം ചെയ്തത്. ജനുവരി 18ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മധ്യപ്രദേശിലെ സാഗറിലാണ് അമ്പരപ്പിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്.
സാഗറിലെ തിരുപ്പതിപുരം കോളനിയിൽ താമസിക്കുന്ന പ്രഹ്ലാദ് സിംഗ് ഘോഷി എന്നയാളുടെ കാറാണ് തെരുവ് നായയെ ഇടിച്ചത്. ഉച്ചയ്ക്ക് 2 മണിയോടെ കുടുംബത്തോടൊപ്പം ഒരു വിവാഹ ചടങ്ങിന് പോകാനിറങ്ങിയപ്പോഴാണ് വീട്ടിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെ ഇരിക്കുകയായിരുന്ന തെരുവ് നായയെ കാർ അപ്രതീക്ഷിതമായി ഇടിച്ചത്. കാർ ഇടിച്ചെങ്കിലും തെരുവ് നായയ്ക്ക് വലിയ പരിക്കുകൾ പറ്റിയിരുന്നില്ല. തുടർന്ന് മുന്നോട്ട് സഞ്ചരിച്ച കാറിനെ തെരുവ് നായ അൽപ്പ ദൂരം പിന്തുടർന്നിരുന്നു. മണിക്കൂറുകൾക്ക് ശേഷം ഏകദേശം പുലർച്ചെ 1 മണിയോടെ പ്രഹ്ലാദ് സിംഗ് ഘോഷി വീട്ടിൽ തിരിച്ചെത്തി.
വീടിന് പുറത്താണ് പ്രഹ്ലാദ് സിംഗ് ഘോഷി വാഹനം പാർക്ക് ചെയ്തത്. വാഹനത്തിൽ നിന്ന് പ്രഹ്ലാദ് സിംഗ് ഘോഷി പുറത്തിറങ്ങി അൽപ്പ സമയം പിന്നിട്ടപ്പോൾ തന്നെ കാറിന് സമീപം നായ എത്തി. തുടർന്ന് നഖം ഉപയോഗിച്ച് കാറിൽ പോറലേൽപ്പിക്കുകയായിരുന്നു. ഈ സമയം മറ്റൊരു തെരുവ് നായയും കാറിന് സമീപത്തേയ്ക്ക് എത്തി. പിറ്റേന്ന് രാവിലെയാണ് കാറിൽ പോറലേറ്റ കാര്യം പ്രഹ്ലാദ് സിംഗ് ഘോഷിയുടെ ശ്രദ്ധയിൽപ്പെടുന്നത്. സമീപവാസികളായ ചില കുട്ടികളെയാണ് പ്രഹ്ലാദ് സിംഗ് ഘോഷി ആദ്യം സംശയിച്ചത്. എന്നാൽ, സിസിടിവി പരിശോധിച്ചപ്പോഴാണ് സത്യാവസ്ഥ മനസിലായത്. കഴിഞ്ഞ ദിവസം തന്റെ കാർ ഇടിച്ച അതേ നായയെയാണ് പ്രഹ്ലാദ് സിംഗ് ഘോഷി സിസിടിവി ദൃശ്യങ്ങളിൽ കണ്ടത്. വാഹനം പഴയ രൂപത്തിലാക്കാൻ 15,000 രൂപയോളം ചെലവ് വരുമെന്നാണ് വിവരം. പ്രഹ്ലാദ് സിംഗ് ഘോഷിയെയും കുടുംബത്തെയും ഉപദ്രവിക്കാതെ കാറിനോട് പ്രതികാരം ചെയ്ത നായയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
READ MORE: സർവ് വനത്തിൽ തോക്കുകളുമായി അതിക്രമിച്ച് കടന്നു; നായാട്ടിനിറങ്ങിയ സംഘത്തിലെ മൂന്ന് പേർ കീഴടങ്ങി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam