
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിന്‍റെ ഭാഗമാകില്ലെന്ന് ആം ആദ്മി പാര്‍ട്ടി. മുംബൈ മേഖലയിലെ 36 സീറ്റിലും പാർട്ടി ഒറ്റയ്ക്ക് മൽസരിക്കുമെന്ന് ആം ആദ്മി നേതാവ് പ്രീതി ശർമ പറഞ്ഞു. ഇന്ത്യാ സഖ്യം ദേശീയ തലത്തിലാണ് എന്ന് വ്യക്തമാക്കിയാണ് മഹാ വികാസ് അഖാഡിയുടെ ഭാഗമാകാൻ ഇല്ലെന്ന് പാര്‍ട്ടി അറിയിച്ചിട്ടുള്ളത്.
അതേസമയം, മദ്യനയക്കേസിൽ ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഹൈക്കോടതിയിൽ ഇന്ന് തിരിച്ചടി നേരിട്ടിരുന്നു. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ദില്ലി ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. വിചാരണ കോടതിയെ സമീപിക്കാൻ കോടതി നിർദേശം നൽകി. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പറയാൻ കഴിയില്ലെന്നും കോടതി വിലയിരുത്തി. നേരത്തെ ഇഡി രജിസ്റ്റർ ചെയ്ത കേസിൽ കെജ്രിവാളിന് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ സിബിഐ കേസ് നിലനിൽക്കുന്നതിനാൽ ജയിലിന് പുറത്തേക്ക് ഇറങ്ങാൻ സാധിച്ചിരുന്നില്ല.
സിബിഐ അറസ്റ്റ് ചോദ്യം ചെയ്തും ജാമ്യാപേക്ഷയുമായി രണ്ട് ഹർജികളായിരുന്നു ഇന്ന് ദില്ലി കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. രണ്ടാഴ്ച മുമ്പ് ഇരുഹര്‍ജികളിലും വാദം പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റിയിരുന്നു. ഇന്ന് അറസ്റ്റ് റദ്ദാക്കുകയോ ജാമ്യം അനുവദിക്കുകയോ ചെയ്തിരുന്നെങ്കിൽ കെജ്രിവാളിന് ജയില്‍നിന്ന് പുറത്തിറങ്ങാൻ സാധിക്കുമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam