
നിറഞ്ഞ് കവിഞ്ഞ അഴുക്കുചാല്‍ വൃത്തിയാക്കാനായി ഓടയിലേക്ക് ചാടി എഎപി കൌണ്‍സിലര്‍. പാലില്‍ കുളിപ്പിച്ച് അനുയായികള്‍. പടിഞ്ഞാറന്‍ ദില്ലിയില്‍ ചൊവ്വാഴ്ചയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് അപ്രതീക്ഷിത നടപടിയുമായി എഎപി കൌണ്‍സിലര്‍ ഹസീബ് ഉള്‍ ഹുസൈനെത്തിയത്. പടിഞ്ഞാറന്‍ ദില്ലിയില്‍ നിന്നുള്ള കൌണ്‍സിലറായ ഇയാള്‍ ശാസ്ത്രി പാര്‍ക്കിന് സമീപത്തെ അഴുക്ക് ചാലിലേക്ക് ചാടിയത്. നെഞ്ചോളം അഴുക്കില്‍ ഇറങ്ങി നിന്ന് ഓട വൃത്തിയാക്കുന്ന കൌണ്‍സിലറുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ആവശ്യമായ സഹായങ്ങള്‍ നല്‍കി അനുയായികളും എഎപി കൌണ്‍സിലര്‍ക്കൊപ്പമുണ്ടായിരുന്നു. തൂമ്പയും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ചാണ് ഹസീബ് ഉള്‍ ഹുസൈന്‍ ഓടയിലെ അഴുക്ക് കോരി മാറ്റിയത്. ഇതിന് ശേഷമാണ് ശരിക്കുള്ള നാടകം നടന്നത്. ഓടയില്‍ നിന്ന് കയറിയ കൌണ്‍സിലറെ സിനിമാ രംഗത്തിന് സമാനമായ വരവേല്‍പാണ് അനുയായികള്‍ നല്‍കിയത്. പാലില്‍ കുളിപ്പിച്ചാണ് അനുയായികള്‍ കൌണ്‍സിലറെ സ്വീകരിച്ചത്. നിരവധി തവണ പരാതിപ്പെട്ടിട്ടും പരിഹാരം കാണാതെ വന്നതോടെയാണ് ഇത്തരമൊരു നടപടിക്ക് തുനിഞ്ഞതെന്നാണ് ഹസീബ് ഉള്‍ ഹുസൈന്‍ പറയുന്നത്. ബിജെപി കൌണ്‍സിലറോടും എംഎല്‍എയും ഉള്‍പ്പെടെയുഅളളവര്‍ പരിഹാരം കാണാന്‍ സഹായിച്ചില്ല. അതാണ് സ്വയം തുനിഞ്ഞിറങ്ങിയതെന്നും ഹസീബ് ഉള്‍ ഹുസൈന്‍ പറയുന്നു.
ബിജെപി എംഎല്‍എ അനില്‍ കുമാര്‍ ബാജ്പേയുടെ മണ്ഡലമാണ് ഈ മേഖല. ദില്ലിയിലെ മൂന്ന് സിവിക് ബോഡീസിനെ ലയിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധത്തിലാണ് എഎപി ഉള്ളത്. സൗത്ത് ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, നോര്‍ത്ത് ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, ഈസ്റ്റ് ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നീ സ്ഥാപനങ്ങളെ ലയിപ്പിക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രി സഭ കഴിഞ്ഞ ദിവസമാണ് അംഗീകാരം നല്‍കിയത്.
മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കാനുള്ള ഗൂഡതന്ത്രമാണ് ഇതെന്നാണ് എഎപി ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കരുതെന്ന് പ്രധാനമന്ത്രിയോട് അരവിന്ദ് കേജ്രിവാള്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയും സര്‍ക്കാരും താനുമടക്കമുള്ള നേതാക്കള്‍ മാറുമെന്നും എന്നാല്‍ ഇത്തരം സ്ഥാപനങ്ങളെ ദുര്‍ബലമാക്കരുതെന്നും കേജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നു.