
ചണ്ഡീഗഡ്: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും ശിരോമണി അകാലി ദളും സഖ്യം രൂപീകരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ യൂണിവേഴ്സിറ്റി സ്റ്റുഡൻ്റ്സ് കൗൺസിൽ തെരഞ്ഞെടുപ്പിൽ കൈകോർത്ത് ഇരുപാർട്ടികളുടെയും വിദ്യാർത്ഥി സംഘടനകൾ. സംഘപരിവാർ വിദ്യാർത്ഥി സംഘടനയായ എബിവിപി (അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്) യും ശിരോമണി അകാലി ദളിൻ്റെ വിദ്യാർത്ഥി സംഘടനയായ എസ്ഒഐ (സ്റ്റുഡൻ്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ) യുമാണ് സഖ്യം പ്രഖ്യാപിച്ചത്. എസ്ഒഐയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിന് പിന്നാലെയാണ് എബിവിപിയുടെ സ്ഥാനാർത്ഥിക്ക് പിന്തുണ നൽകാൻ തീരുമാനിച്ചത്.
അടുത്ത വർഷം പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയും ശിരോമണി അകാലി ദളും വീണ്ടും സഖ്യം രൂപീകരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ സജീവമായതിനിടെ ആണ് വിദ്യാർത്ഥി സംഘടനകളുടെ കൈകോർക്കൽ. ക്യാമ്പസിൽ തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെ എസ്ഒഐ പിന്തുണ പ്രഖ്യാപിച്ചത്, പ്രസിഡൻ്റ് സ്ഥാനത്തേക്ക് നടക്കുന്ന ശക്തമായ മത്സരത്തിൽ മേൽക്കെ നേടാൻ സഹായിക്കുമെന്നാണ് എബിവിപിയുടെ പ്രതീക്ഷ. പഞ്ചാബ് യൂണിവേഴ്സിറ്റിക്ക് പുറത്തേക്ക്, സഖ്യം വ്യാപിക്കുമോ എന്നും ആകാംക്ഷയുണ്ട്.
ഈ മാസം ആദ്യം ശിരോമണി അകാലി ദൾ അധ്യക്ഷൻ സുഖ്ബിന്ദർ സിങ് ബാദൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ സജീവമായത്. സംസ്ഥാനത്തെ 117 സീറ്റുകളിലും തനിച്ചു മത്സരിക്കാൻ തയ്യാറെടുക്കുന്നുവെന്ന് ഇരുപാർട്ടികളും പ്രതികരിച്ചിട്ടുണ്ടെങ്കിലും അണിയറയിൽ ചർച്ചകൾ സജീവമാണെന്നാണ് അഭ്യൂഹം.
രണ്ട് പതിറ്റാണ്ടിലധികം കാലം ബിജെപിയുമായി ഉണ്ടായിരുന്ന സഖ്യം കേന്ദ്ര സർക്കാരിൻ്റെ കർഷക നയങ്ങളിൽ പ്രതിഷേധിച്ച് 2020 സെപ്റ്റംബറിലാണ് ശിരോമണി അകാലി ദൾ അവസാനിപ്പിച്ചത്. 2024ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ ബിജെപിക്ക് 18.5 ശതമാനം വോട്ടും ശിരോമണി അകാലി ദളിന് 13.5 ശതമാനം വോട്ടും ലഭിച്ചതോടെ ഇരുപാർട്ടികൾക്കിടയിലും 'വല്യേട്ടൻ തർക്കം' നിലനിൽക്കുന്നുണ്ട്. ഇക്കുറി സംസ്ഥാനത്തെ 45 നിയമസഭാ സീറ്റുകളിലെങ്കിലും ബിജെപി മത്സരിക്കാൻ പദ്ധതിയിടുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam