നിര്‍ഭയ കേസ്; വധശിക്ഷ വൈകിപ്പിക്കാന്‍ വീണ്ടും നീക്കം; തിഹാര്‍ ജയിലിനെതിരെ പ്രതികള്‍ കോടതിയില്‍

By Web TeamFirst Published Jan 24, 2020, 2:04 PM IST
Highlights

ദയാഹര്‍ജി നല്‍കാന്‍ ആവശ്യമായ രേഖകള്‍ കൈമാറുന്നില്ലെന്നാരോപിച്ചാണ് മുകേഷ് സിംഗ് ഒഴികെയുള്ള പ്രതികള്‍ പട്യാല ഹൗസ് കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം, മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രണ്ട് പ്രതികള്‍ കൂടി തീസ് ഹസാരി കോടതിയില്‍ ഹര്‍ജി നല്‍കി.

ദില്ലി: നിര്‍ഭയ കേസിലെ പ്രതികള്‍ തിഹാര്‍ ജയിലിനെതിരെ കോടതിയെ സമീപിച്ചു. ദയാഹര്‍ജി നല്‍കാന്‍ ആവശ്യമായ രേഖകള്‍ കൈമാറുന്നില്ലെന്നാരോപിച്ചാണ് മുകേഷ് സിംഗ് ഒഴികെയുള്ള പ്രതികള്‍ പട്യാല ഹൗസ് കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം, മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രണ്ട് പ്രതികള്‍ കൂടി തീസ് ഹസാരി കോടതിയില്‍ ഹര്‍ജി നല്‍കി. പവൻ ഗുപ്ത ,അക്ഷയ് സിംഗ് എന്നിവരാണ് മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

അതേസമയം, വധശിക്ഷയെ ചോദ്യം ചെയ്ത് ഏത് സമയത്തും കോടതിയെ സമീപിക്കാമെന്ന വിശ്വാസം  വച്ചു പുലര്‍ത്താന്‍ പ്രതികളെ അനുവദിക്കരുതെന്ന്  സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അഭിപ്രായപ്പെട്ടു. അംറോഹ കൊലപാതകക്കേസില്‍ വധശിക്ഷയ്ക്കെതിരായ പുന:പരിശോധനാ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയായിരുന്നു പരാമര്‍ശം. കോടതിവ്യവഹാരം അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. 

ഫെബ്രുവരി ഒന്നിനാണ് നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വധശിക്ഷ നീട്ടിക്കൊണ്ടുപോകാനാണ് ഇപ്പോള്‍ പ്രതികളുടെ ശ്രമമെന്നാണ് സൂചന. പ്രതികളായ അക്ഷയ് സിംഗും പവന്‍ ഗുപ്തയും ദയാഹര്‍ജി നല്‍കുന്നതടക്കമുള്ള നിയമപരിരക്ഷ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

നിര്‍ഭയ കേസില്‍ വധശിക്ഷ നടപ്പാക്കാന്‍ വൈകുന്ന പശ്ചാത്തലത്തില്‍, വധശിക്ഷ നടപ്പാക്കുമ്പോള്‍ പ്രതിയുടെ അവകാശത്തിന് പ്രാധാന്യം നല്‍കണമെന്ന ഉത്തരവ് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മരണവാറണ്ട് പുറപ്പെടുവിച്ച ശേഷം ദയാഹര്‍ജി നല്‍കാനുള്ള സമയം ഒരാഴ്ചയായി വെട്ടിക്കുറയ്ക്കണം, തിരുത്തല്‍ ഹര്‍ജികള്‍ സമര്‍പ്പിക്കുന്നതിനു സമയം നിശ്ചയിക്കണം എന്നീ ആവശ്യങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ചിരിക്കുന്നത്. 

Read Also: അവസാനത്തെ ആ​ഗ്രഹമെന്തെന്ന ചോദ്യത്തിന് നിർഭയ പ്രതികളുടെ പ്രതികരണം ഇങ്ങനെ

click me!