
ദില്ലി: ദില്ലി പൊലീസിൽ നിന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള നോട്ടീസ് കിട്ടിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാൽ. പ്രതിഷേധിച്ചാൽ നിയമ നടപടി നേരിടേണ്ടി വരുമെന്നാണ് നോട്ടീസിൽ ഉള്ളത്. ഈ രാജ്യത്ത് പ്രതിഷേധിക്കാൻ പോലും അനുമതിയില്ലാത്ത സ്ഥിതിയാണെന്നും കെസി പറഞ്ഞു. എന്നാല്‍, പൊലീസ് നടപടി കാര്യമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാളെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും.
വിലക്കയറ്റ ചർച്ചയിൽ കേന്ദ്രത്തിന്‍റെ മറുപടി തൃപ്തികരമല്ല. ദില്ലി പൊലീസ് ഭയപ്പെടുത്താൻ നോക്കണ്ട, നടപടി ഉണ്ടായാൽ നേരിടുമെന്നും കെ സി വേണുഗോപാൽ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. എംഎൽഎമാർ അതത് രാജ് ഭവനിലേക്ക് മാർച്ച് നടത്തും. എംപിമാർ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തും. നേതാക്കൾ പ്രധാനമന്ത്രിയുടെ വസതിയിലേക്കും മാർച്ച് നടത്തുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് മന്ദിരത്തിലെ യങ് ഇന്ത്യൻ ഓഫീസ് ഇഡി മുദ്രവെച്ചതിനെതിരെയും കടുത്ത പ്രതികരണമാണ് കെ സി വേണുഗോപാല്‍ നടത്തിയത്.
ഇഡി രാജ്യത്തെ സൂപ്പർ പട്ടാളമായി മാറിയിരിക്കുകയാണെന്നും രാഷ്ട്രീയ വൈരാഗ്യം തീർക്കുകയാണെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. സഭ നടക്കുമ്പോള്‍ സമൻസ് അയച്ച് രാജ്യസഭ പ്രതിപക്ഷ നേതാവിനെ ഇഡി വിളിപ്പിക്കുന്നത് കേട്ടുകേൾവി പോലും ഇല്ലാത്ത നടപടിയാണ്. സഭയിലെ മര്യാദകൾക്ക് വിരുദ്ധമാണിത്. ഇഡി നടപടിയെ നിയമപരമായി നേരിടാന്‍ ഭയമില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് ആസ്ഥാനത്തെ യങ് ഇന്ത്യൻ കമ്പനി ഓഫീസ് ഇഡി മുദ്രവെച്ചതിനെതിരെ രാജ്യസഭയിലും ലോക്സഭയിലും പ്രതിപക്ഷം ഇന്ന് ശക്തമായി പ്രതിഷേധം നടത്തിയിരുന്നു .
രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാര്‍ഗെയെ സമൻസ് അയച്ച് ഇഡി വിളിച്ച് വരുത്തിയത് ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള വാക്പോരിന് കാരണമായി. സഭ നടക്കുന്നതിടെ പ്രതിപക്ഷ നേതാവിനെ വിളിച്ച് വരുത്തിയത് രാഷ്ട്രീയത്തില്‍ കേട്ടുകേള്‍വിയില്ലാത്ത നടപടിയെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. എന്നാല്‍ അന്വേഷണ ഏജൻസികളുടെ നടപടിയില്‍ സർക്കാര്‍ ഇടപെടാറില്ലെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ തിരിച്ചടിച്ചു.
കോണ്‍ഗ്രസ് നേതാക്കള്‍ ഒളിച്ചോടരുതെന്നും നിയമം അനുസരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് ആസ്ഥാനത്ത് റെയ്ഡ് നടക്കുന്നതിനിടെ ഉച്ചക്ക് 12.30 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് മല്ലികാര്‍ജ്ജുൻ ഖാർഗെയക്ക് ഇഡി നോട്ടീസ് നല്‍കിയത്. മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം ബഹളം തുടർന്ന സാഹചര്യത്തില്‍ ലോക്സഭയും രാജ്യസഭയും ആദ്യം രണ്ട് മണി വരെ നിര്‍ത്തിവെക്കുകയായിരുന്നു. പിന്നീട് ചേർന്നപ്പോഴും പ്രതിഷേധം തുടര്‍ന്നതോടെ സഭ നാളത്തേക്ക് പിരിഞ്ഞു. ചെയ്യാവുന്നതൊക്കെ സർക്കാരിന് ചെയ്യാമെന്നും രാജ്യത്തെയും ഭരണഘടനയേയും സംരക്ഷിക്കുകയെന്ന തന്‍റെ കര്‍ത്തവ്യം തുടരുമെന്നും പാർലമെന്‍റിന് പുറത്ത് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
ഏഴ് മണിക്കൂര്‍ നീണ്ട മൊഴിയെടുപ്പ്; മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഇഡി വിട്ടയച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam