
ദില്ലി: കോണ്‍ഗ്രസ് എല്ലാ സ്ഥാനങ്ങളിലും നിന്ന് പുറത്താക്കിയ മുതിര്‍ന്ന നേതാവ് കുല്‍ദീപ് ബിഷ്ണോയ് ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി അമിത്ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ എന്നിവരുമായി കുല്‍ദീപ് ബിഷ്ണോയ് നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബിഷ്ണോയ് ബിജെപിക്ക് വോട്ട് ചെയ്തതോടെയാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ ഹരിയാനയില്‍ നേരിയ വോട്ടിന് തോറ്റത്. അജയ് മാക്കന് സ്ഥാനാര്‍ത്ഥിത്വം നല്‍കിയതില്‍ ബിഷ്ണോയ് കടുത്ത അതൃപ്തിയിലായിരുന്നു.
തുടര്‍ന്ന് ബിഷ്ണോയിയെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പന്നാലെയാണ് ഇപ്പോള്‍ അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. ഹരിയാന അസംബ്ലിയില്‍ നിന്ന് ഇന്നലെ രാജിവെച്ച കുല്‍ദീപ് ബിഷ്ണോയ് ഇന്ന് ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചു. കുല്‍ദീപ് ബിഷ്ണോയ്‍യെും ഭാര്യ രേണുക ബിഷ്ണോയ്‍യെയും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടറും കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗും പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
രാജ്യത്തെയും പാവപ്പെട്ടവരുടെ ക്ഷേമത്തെയും കുറിച്ച് എപ്പോഴും ചിന്തിക്കുന്ന 'മികച്ച' ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നാണ് ബിജെപി പ്രവേശനത്തിന് ശേഷം കുല്‍ദീപ് ബിഷ്ണോയ് അഭിപ്രായപ്പെട്ടത്. നാല് തവണ എംഎല്‍എയും രണ്ട് തവണ എംപിയുമായ നേതാവാണ് കുല്‍ദീപ്. ഇന്നലെ തെലങ്കാനയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ കെ ആര്‍ രാജ്ഗോപാല്‍ റെഡ്ഢി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിരുന്നു. കോണ്‍ഗ്രസ് ദുര്‍ബലമായെന്ന് പറഞ്ഞാണ് രാജി. അമിത് ഷായുമായി നേരത്തെ റെഡ്ഢി കൂടിക്കാഴ്ച നടത്തിയിരുന്നു.
രാജ്ഗോപാല്‍ റെഡ്ഢിയുടെ ബിജെപി പ്രവേശനം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഹൈദരാബാദിലെ ഏറ്റവും ധനികനായ നേതാവാണ് മുന്‍ ലോക്സഭാംഗം കൂടിയായ രാജ്ഗോപാല്‍ റെഡ്ഢി. അടുത്ത വര്‍ഷം തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ രാജ്ഗോപാല്‍ റെഡ്ഢിയുടെ രാജി കോണ്‍ഗ്രസിന് വലിയ തിരിച്ചടി ആയിരിക്കുകയാണ്. കോണ്‍ഗ്രസില്‍ നിന്നും ടിആര്‍എസില്‍ നിന്നും കൂടുതല്‍ എംഎല്‍എമാരും നേതാക്കളും ബിജെപിയിലെത്താനുള്ള സാധ്യതകളാണ് ഇപ്പോഴുള്ളത്. ബിജെപി നേതാവ് നച്ചരാജു സുഭാഷ് ഇക്കാര്യം തുറന്നു പറയുകയും ചെയ്തു.
അടുത്ത തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഭരണം ബിജെപിക്ക് നല്‍കുമെന്നും നച്ചരാജു പറഞ്ഞു. കെസിആര്‍ നല്‍കിയ തെറ്റായ വാഗ്ദാനങ്ങൾ കാരണം ടിആര്‍എസ് എംഎല്‍എമാര്‍ക്ക് അവരുടെ മണ്ഡലത്തില്‍ പോകാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ 15 മുതല്‍ 18 ടിആര്‍എസ് എംഎല്‍എമാര്‍ വരെ ബിജെപിയിലേക്ക് വരാന്‍ തീരുമാനിച്ചു കഴിഞ്ഞു. കൂടാതെ, കോണ്‍ഗ്രസില്‍ നിന്ന് അഞ്ചോളം എംഎല്‍എമാരും ബിജെപിയിലേക്ക് എത്തുമെന്നും നച്ചരാജു അവകാശപ്പെട്ടു.