നാഷണല്‍ ഹെറാള്‍ഡ് ആസ്ഥാനത്ത് റെയ്ഡ് നടക്കുന്നതിനിടെ ഉച്ചക്ക് 12.30 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് മല്ലികാര്‍ജുന്‍ ഖാർഗെയക്ക് ഇഡി നോട്ടീസ് നല്‍കിയത്.

ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യംചെയ്യലിന് ശേഷം മല്ലികാർജുൻ ഖാർഗെയെ ഇഡി വിട്ടയച്ചു. ഏഴ് മണിക്കൂറിന് ശേഷമാണ് ഖാർഗെയെ ഇഡി വിട്ടയച്ചത്. നാഷണല്‍ ഹെറാള്‍ഡ് ആസ്ഥാനത്തായിരുന്നു മൊഴിയെടുപ്പ്. നാഷണല്‍ ഹെറാള്‍ഡ് ആസ്ഥാനത്ത് റെയ്ഡ് നടക്കുന്നതിനിടെ ഉച്ചക്ക് 12.30 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് മല്ലികാര്‍ജുന്‍ ഖാർഗെയക്ക് ഇഡി നോട്ടീസ് നല്‍കിയത്. സഭ നടക്കുന്നതിടെ പ്രതിപക്ഷ നേതാവിനെ വിളിച്ച് വരുത്തിയത് രാഷ്ട്രീയത്തില്‍ കേട്ടുകേള്‍വിയില്ലാത്ത നടപടിയെന്നായിരുന്നു കോണ്‍ഗ്രസ് വിമര്‍ശനം. സഭ നടക്കുന്പോള്‍ ഇഡി സമൻസ് അയച്ച് രാജ്യസഭ പ്രതിപക്ഷ നേതാവിനെ വിളിച്ച് വരുത്തിയത് പ്രതിഷേധത്തിനും ഇടയാക്കി.

നാഷണല്‍ ഹെറാള്‍ഡ് ആസ്ഥാനത്തെ യങ് ഇന്ത്യൻ കമ്പനി ഓഫീസ് ഇ ഡി മുദ്രവെച്ചതിനെതിരെ രാജ്യസഭയിലും ലോക്സഭയിലും പ്രതിപക്ഷം പ്രതിഷേധിച്ചു . മുദ്രാവാക്യം വിളികളുമായി ബഹളം തുടർന്ന സാഹചര്യത്തില്‍ ലോകസഭയും രാജ്യസഭയും ആദ്യം രണ്ട് മണി വരെ നിര്‍ത്തിവെച്ചു. പിന്നീട് ചേർന്നപ്പോഴും പ്രതിഷേധം തുടര്‍ന്നതോടെ സഭ നാളത്തേക്ക് പിരിയുകയായിരുന്നു. ചെയ്യാവുന്നതൊക്കെ സർക്കാരിന് ചെയ്യാമെന്നും രാജ്യത്തെയും ഭരണഘടനയേയും സംരക്ഷിക്കുയെന്ന തന്‍റെ കര്‍ത്തവ്യം തുടരുമെന്നും പാർലമെന്‍റിന് പുറത്ത് രാഹുല്‍ഗാന്ധി പ്രതികരിച്ചു. അതേസമയം സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും അറസ്റ്റുണ്ടാകും എന്ന അഭ്യൂഹം ഇന്നലെ ശക്തമായിരുന്നെങ്കിലും തല്‍ക്കാലം അത്തരം നീക്കമില്ലെന്നാണ് ഇഡി വൃത്തങ്ങൾ നല്‍കുന്ന സൂചന.

  • സഭ നടക്കുമ്പോള്‍ രാജ്യസഭ പ്രതിപക്ഷ നേതാവിനെ ഇഡി വിളിപ്പിക്കുന്നത് കേട്ടുകേൾവി പോലും ഇല്ലാത്ത നടപടി: കെ സി വേണുഗോപാല്‍

നാഷണല്‍ ഹെറാള്‍ഡ് മന്ദിരത്തിലെ യങ് ഇന്ത്യൻ ഓഫീസ് ഇഡി മുദ്രവെച്ചതിനെതിരെ കെ സി വേണുഗോപാല്‍. ഇഡി രാജ്യത്തെ സൂപ്പർ പട്ടാളമായി മാറിയിരിക്കുകയാണെന്നും രാഷ്ട്രീയ വൈരാഗ്യം തീർക്കുകയാണെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. സഭ നടക്കുമ്പോള്‍ സമൻസ് അയച്ച് രാജ്യസഭ പ്രതിപക്ഷ നേതാവിനെ ഇഡി വിളിപ്പിക്കുന്നത് കേട്ടുകേൾവി പോലും ഇല്ലാത്ത നടപടിയാണ്. സഭയിലെ മര്യാദകൾക്ക് വിരുദ്ധമാണിത്. ഇഡി നടപടിയെ നിയമപരമായി നേരിടാന്‍ ഭയമില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

വിഷയത്തില്‍ നാളെയും പ്രതിഷേധിക്കുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് അടക്കം മാര്‍ച്ച് നടത്തും. പ്രതിഷേധിക്കാന്‍ പാടില്ലെന്ന ദില്ലി പൊലീസ് നോട്ടീസ് കിട്ടിയെന്നും വേണുഗോപാല്‍ പറഞ്ഞു. ദില്ലി പൊലീസ് ഭയപ്പെടുത്താൻ നോക്കണ്ട. പൊലീസ് നടപടി ഉണ്ടായാൽ നേരിടുമെന്നും കെ സി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.