കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച നടി വിജയശാന്തി ബിജെപിയിലേക്ക്

By Web TeamFirst Published Dec 6, 2020, 8:39 PM IST
Highlights

1990 കളില്‍ ബിജെപിയില്‍ തന്നെയാണ് വിജയശാന്തി തന്‍റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് ഇവര്‍ തെലുങ്കാന രാഷ്ട്ര സമിതിയിലേക്ക് ചേക്കേറി. പിന്നീട് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു. 

ഹൈദരാബാദ്: കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച തെലുങ്ക് സിനിമതാരം വിജയശാന്തി ബിജെപിയില്‍ ചേരും. കഴിഞ്ഞ ദിവസം ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് വിജയശാന്തി കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചത്. ഞായറാഴ്ച വിജയശാന്തി ദില്ലിയില്‍ എത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടികാഴ്ച നടത്തി. തിങ്കളാഴ്ച ബിജെപി ആസ്ഥാനത്ത് ഇവര്‍ ബിജെപി അംഗത്വം സ്വീകരിക്കും എന്നാണ് റിപ്പോര്‍ട്ട്.

1990 കളില്‍ ബിജെപിയില്‍ തന്നെയാണ് വിജയശാന്തി തന്‍റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് ഇവര്‍ തെലുങ്കാന രാഷ്ട്ര സമിതിയിലേക്ക് ചേക്കേറി. പിന്നീട് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു. എന്നാല്‍ തെലങ്കാനയില്‍ കോണ്‍ഗ്രസ് എല്ലാതരത്തിലും ക്ഷീണിച്ചതോടെ കഴിഞ്ഞ കുറച്ചുകാലമായി സജീവ രാഷ്ട്രീയത്തില്‍ നിന്നും വിജയശാന്തി വിട്ടുനില്‍ക്കുകയായിരുന്നു. പ്രദേശിയ കോണ്‍ഗ്രസ് നേതൃത്വവുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളതായി നേരത്തെ നടി വ്യക്തമാക്കിയിരുന്നു.

ഇവരുടെ രാഷ്ട്രീയ മാറ്റം നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞതാണ്. ഹൈദരാബാദ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍‍ഗ്രസിന്‍റെ ദയനീയ പ്രകടനം ഇവരുടെ കോണ്‍ഗ്രസില്‍ നിന്നുള്ള രാജിക്ക് രാഷ്ട്രീയ കാരണമാകുകയായിരുന്നു. ബിജെപി തെലങ്കാന അദ്ധ്യക്ഷന്‍ ബന്ധി സഞ്ജയ് കുമാര്‍, കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡി എന്നിവര്‍ വിജയശാന്തിയുടെ അമിത് ഷായുമായുള്ള കൂടികാഴ്ചയില്‍ ഒപ്പമുണ്ടായിരുന്നു. 

click me!