
മുംബൈ: മഹാരാഷ്ട്രയിലെ ഭരണസഖ്യമായ 'മഹായുതി'യിൽ അധികാരത്തർക്കം രൂക്ഷമാകുന്നു. ബ്രിഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷനിലെ (ബിഎംസി) 29 കോർപ്പറേറ്റർമാരുടെ രജിസ്ട്രേഷൻ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന അപ്രതീക്ഷിതമായി റദ്ദാക്കിയതോടെ സഖ്യത്തിനുള്ളിലെ ഭിന്നത പരസ്യമായി. സീറ്റ് വിഭജനത്തെയും അധികാര പങ്കിടലിനെയും ചൊല്ലി ബിജെപിയുമായുള്ള ബന്ധത്തിൽ വിള്ളൽ വീണതായാണ് സൂചന.
സഖ്യകക്ഷികളെ പോലും ഞെട്ടിച്ചുകൊണ്ടുള്ള ഈ നീക്കം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. പാർട്ടി ആസ്ഥാനത്തെത്തിയ കോർപ്പറേറ്റർമാർ ഇതോടെ ആശയക്കുഴപ്പത്തിലായി. ബിഎംസിയിലെ നിർണ്ണായകമായ കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങൾ, മേയർ പദവി എന്നിവയുമായി ബന്ധപ്പെട്ട് ഷിൻഡെ പക്ഷത്തിനുള്ളിൽ നിലനിൽക്കുന്ന അതൃപ്തിയാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിലെന്നാണ് അഭ്യൂഹങ്ങൾ.
അതേസമയം, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നിശ്ചയിച്ചിരുന്ന കാബിനറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്നതും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയതും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. മുംബൈയിലെ രാഷ്ട്രീയ ചർച്ചകൾക്ക് നിൽക്കാതെ ഷിൻഡെ തന്‍റെ സ്വഗ്രാമമായ ദാരെയിലേക്ക് തിരിക്കുകയും സതാറയിൽ പ്രാദേശിക പ്രചാരണ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു.
ശിവസേന സ്ഥാപകൻ ബാലാസാഹേബ് താക്കറെയുടെ ജന്മശതാബ്‍ദി വർഷത്തിൽ മുംബൈയുടെ ഭരണം കൈപ്പിടിയിലൊതുക്കുക എന്നത് ഷിൻഡെ പക്ഷത്തിന് രാഷ്ട്രീയമായി അഭിമാനപ്രശ്നമാണ്. അഞ്ച് വർഷത്തെ മേയർ കാലാവധിയിൽ ആദ്യ രണ്ടര വർഷം തങ്ങൾക്ക് വേണമെന്ന 'സ്പ്ലിറ്റ് ടേം' ഫോർമുല ഷിൻഡെ വിഭാഗം മുന്നോട്ട് വെച്ചിരുന്നു. 89 സീറ്റുകളുമായി ബിഎംസിയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി ഈ വിഷയത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 29 കോർപ്പറേറ്റർമാരുള്ള ഷിൻഡെ വിഭാഗം നിർണ്ണായക ശക്തിയായി തുടരുമ്പോഴും ചൊവ്വാഴ്ചയുണ്ടായ സംഭവവികാസങ്ങൾ സഖ്യത്തിന്‍റെ ഭാവിയെ ചോദ്യം ചെയ്യുന്നതാണ്. സഖ്യം ഭദ്രമാണെന്ന് ഇരുപക്ഷവും അവകാശപ്പെടുന്നുണ്ടെങ്കിലും അധികാര വടംവലി മഹായുതിയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam