
ലഖ്നൗ: കൂറ്റൻ വാട്ടർടാങ്കിന് മുകളിൽ കുടുങ്ങിയ കുട്ടികൾക്ക് രക്ഷകരായി ഇന്ത്യൻ വ്യോമസേന. ഒരു രാത്രി മുഴുവൻ ടാങ്കിന് മുകളിൽ കുടുങ്ങിയ രണ്ട് കുട്ടികളെ ആണ് ഞായറാഴ്ച പുലർച്ചെ വ്യോമസേന ഹെലികോപ്ടർ ഉപയോഗിച്ചു നടത്തിയ ദൗത്യത്തിൽ രക്ഷപ്പെടുത്തിയത്. ഉത്തർ പ്രദശിലെ സിദ്ധാർഥ് നഗർ ജില്ലയിലുള്ള ഗോരഖ്പുരിലാണ് സംഭവം.
ശനിയാഴ്ച രാത്രിയിലാണ് കുട്ടികൾ വാട്ടർടാങ്കിന് മുകളിൽ കുടുങ്ങിയത്. ടാങ്കിൻ്റെ ഗോവണിക്ക് ഉണ്ടായ തകരാറാണ് കുട്ടികൾ മുകളിൽ കുടുങ്ങിപ്പോകാൻ ഇടയാക്കിയത്. വ്യോമസേനയുടെ സെൻട്രൽ എയർ കമാൻഡിൻ്റെ എംഐ-17 വി5 ഹെലികോപ്ടർ ഉപയോഗിച്ച് നടത്തിയ ദൗത്യത്തിലാണ് രണ്ടു കുട്ടികളെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയത്. ഇന്ത്യൻ വ്യോമസേനയുടെയും സംസ്ഥാന ഭരണകൂടത്തിൻ്റെയും ഏകോപനത്തോടെ ആണ് രക്ഷാപ്രവർത്തനം നടന്നതെന്ന് സിദ്ധാർഥ് നഗർ ജില്ലാ മജിസ്ട്രേറ്റ് ശിവശരണപ്പ വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു.
വ്യോമസേനയുമായി നിരന്തരം ബന്ധപ്പെട്ടുവരികയായിരുന്നുവെന്ന് ശിവശരണപ്പ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന് നന്ദിയറിയിക്കുന്നു. അവരുടെ ഏകോപനമാണ് രക്ഷാപ്രവർത്തനം യാഥാർഥ്യമാക്കിയത്. പുലർച്ചെ അഞ്ചരയോടെ വ്യോമസേന രണ്ട് കുട്ടികളെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്നും ഹെലികോപ്ടർ ഗോരഖ്പുരിൽ ലാൻഡ് ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് കുട്ടികളും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
സംസ്ഥാന സർക്കാരിൻ്റെ അഭ്യർഥനപ്രകാരമാണ് ഓപ്പറേഷൻ നടത്തിയതെന്നും ഗോവണിയുടെ തകരാർ കാരണമാണ് കുട്ടികൾ ടാങ്കിൻ്റെ മുകളിൽ കുടുങ്ങിപ്പോയതെന്നും വ്യോമസേനയുടെ സെൻട്രൽ എയർ കമാൻഡ് അറിയിച്ചു. ഇന്ത്യൻ വ്യോമസേനയുടെ പ്രൊഫഷണലിസവും ജീവനുകൾ രക്ഷപ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധതയുമാണ് ഇത് എടുത്തുകാട്ടുന്നതെന്നും സെൻട്രൽ എയർ കമാൻഡ് എക്സിലെ ഔദ്യോഗിക അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. അതേസമയം കുട്ടികൾ എന്തിനാണ് വാട്ടർടാങ്കിന് മുകളിൽ കയറിയതെന്ന കാര്യത്തിൽ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam