
ചെന്നൈ: വോട്ടെണ്ണാൻ ഒരു ദിനം മാത്രം ബാക്കിനിൽക്കെ, തമിഴ്നാട് നിയമസഭിലേക്ക് നടന്ന തെരഞ്ഞെടുപ്പിൻ്റെ അന്തിമ പോളിങ് കണക്കുകൾ പുറത്തുവിട്ട് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്ത് 85.10 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി കമ്മീഷൻ അറിയിച്ചു. ആകെ 4.87 കോടി വോട്ടർമാർ സമ്മതിദാനം വിനിയോഗിച്ചപ്പോൾ സ്ത്രീ വോട്ടർമാരാണ് എണ്ണത്തിൽ മുന്നിൽ.
234 മണ്ഡലങ്ങളിലായി ആകെ 4,87,98,833 കോടി വോട്ടർമാരാണ് സമ്മതിദാനം വിനിയോഗിച്ചത്. ഇതിൽ 2,52,59,596 സ്ത്രീകളും 2,35,34,720 പുരുഷന്മാരും വോട്ട് രേഖപ്പെടുത്തി. 4,517 ആണ് മറ്റ് വിഭാഗങ്ങളുടെ എണ്ണം. ഏറ്റവും കൂടുതൽ പോളിങ് നടന്നത് കരൂർ മണ്ഡലത്തിലാണ്. ഇവിടെ 93.41 ശതമാനം പേരാണ് വോട്ട് ചെയ്തത്. തൊട്ടുപിന്നിൽ, വീരപാണ്ടി (93.36 ശതമാനം) മണ്ഡലമാണ്. ഏറ്റവും കുറവ് പോളിങ് നടന്നത് മധുരൈ നോർത്തിലാണ്, 72.22 ശതമാനം.
സംസ്ഥാനത്ത് മെയ് നാലിന് നടക്കുന്ന വോട്ടെണ്ണലിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കങ്ങൾ പൂർത്തിയാക്കി. വിവിധ ജില്ലകളിലെ 62 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുക. ഇതിൽ ചെന്നൈയിലെ പ്രസിദ്ധമായ ലയോള കോളേജ്, ക്വീൻ മേരീസ് കോളേജ്, അണ്ണാ യൂണിവേഴ്സിറ്റി എന്നിവിടങ്ങളും ഉൾപ്പെടുന്നു. കോയമ്പത്തൂരിലെ ഗവ. കോളേജ് ഓഫ് ടെക്നോളജിയിലും തൃച്ചിയിലെ ജമാൻ മുഹമ്മദ് ആർട്സ് ആൻ്റ് സയൻസ് കോളേജിലും വോട്ടെണ്ണൽ നടക്കും.
സുഗമവും സുതാര്യവുമായ വോട്ടെണ്ണലിനായി ആകെ 4,611 കൗണ്ടിങ് ടേബിളുകളാണ് സജ്ജമാക്കിയത്. ഇതിൽ 3,324 ടേബിളുകളും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾക്കും (ഇവിഎം) 993 ടേബിളുകൾ പോസ്റ്റൽ ബാലറ്റുകൾക്കും 294 ടേബിളുകൾ ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റത്തിനും (ഇടിപിബിഎംഎസ്) ആണ്. ചെന്നൈയിലാണ് ഏറ്റവും കൂടുതൽ കൗണ്ടിങ് ടേബിളുകൾ സജ്ജമാക്കിയിരിക്കുന്നത്, 16 മണ്ഡലങ്ങളിലായി 291 എണ്ണം. തൊട്ടുപിന്നിൽ തിരുവള്ളൂർ (224 ടേബിളുകൾ) ആണ്. ഏറ്റവും കൂടുതൽ കൗണ്ടിങ് ടേബിളുകളുള്ള മണ്ഡലം ഷോളിങ്കനല്ലൂർ ആണ് (30 എണ്ണം).
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam