
ദില്ലി: പാരീസ്- ദില്ലി വിമാനത്തിൽ സഹയാത്രികയുടെ പുതപ്പിൽ യാത്രക്കാരൻ മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് ഡിജിസിഎ 10 ലക്ഷം രൂപ പിഴ ചുമത്തി. സംഭവം റിപ്പോർട്ട് ചെയ്യാൻ വൈകിയതിന്‍റെ പേരിലാണ് എയർ ഇന്ത്യയ്ക്ക് പിഴ ചുമത്തിയത്. റിപ്പോർട്ട് ആവശ്യപ്പെടുംവരെ എയർ ഇന്ത്യ ഇക്കാര്യം അറിയിച്ചിരുന്നില്ലെന്ന് ഡിജിസിഎ പ്രസ്താവനയിൽ വ്യക്തമാക്കി.
പാരീസ്- ദില്ലി വിമാനത്തിൽ രണ്ട് സംഭവങ്ങളാണ് ഉണ്ടായത്. മൂത്രമൊഴിച്ച സംഭവം കൂടാതെ ഒരു യാത്രക്കാരൻ സിഗരറ്റ് വലിച്ചതിനും പിടിക്കപ്പെട്ടിരുന്നു. നേരത്തെ ന്യുയോർക്ക് - ദില്ലി വിമാനത്തിൽ നടന്ന സംഭവുമായി ബന്ധപ്പെട്ട് മൂപ്പത്തിമൂന്ന് ലക്ഷം രൂപ എയർ ഇന്ത്യയ്ക്ക് പിഴ ചുമത്തിയിരുന്നു. ചട്ടലംഘനത്തിനും പരാതിയില്‍ നടപടിയെടുക്കാന്‍ വൈകിയതിനുമാണ് നേരത്തെ പിഴ ചുമത്തിയത്. വിമാന സര്‍വീസുകളുടെ ഡയറക്ടര്‍ വസുധ ചന്ദ്രയ്ക്ക് മൂന്നു ലക്ഷം രൂപ പിഴയും ചുമത്തി. കൂടാതെ വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റിന്റെ ലൈസന്‍സ് മൂന്നു മാസത്തേക്ക് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
നവംബർ 26 നാണ് ന്യൂയോർക്ക്-ദില്ലി എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്ന ശങ്കർ മിശ്ര, ബിസിനസ് ക്ലാസിലെ സഹയാത്രക്കാരിയായ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചത്. സംഭവം പുറത്തറിഞ്ഞാൽ തന്റെ കുടുംബ ജീവിതത്തെ ബാധിക്കുമെന്നും പൊലീസിൽ പരാതിപ്പെടരുതെന്നും ഇയാൾ സ്ത്രീയോട് അപേക്ഷിച്ചിരുന്നു. എന്നാൽ നിയമനടപടിയുമായി മുന്നോട്ടുപോകാൻ സ്ത്രീ തീരുമാനിച്ചതോടെ സംഭവം പുറത്തറിഞ്ഞു. ദിവസങ്ങൾക്ക് ശേഷമാണ് എയർ ഇന്ത്യ യാത്രക്കാരിയുടെ പരാതി പൊലീസിന് കൈമാറിയത്.
പരാതി പൊലീസിന് ലഭിച്ചതിന് പിന്നാലെ പ്രതി ഒളിവിൽ പോയി. ഒടുവിൽ ശ്രമകരമായ അന്വേഷണത്തിന് ഒടുവിൽ ബംഗ്ലൂരുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ വിചിത്രവാദമാണ് പ്രതി ഉന്നയിച്ചത്. യാത്രക്കാരി സ്വയം സീറ്റില്‍ മൂത്രമൊഴിച്ചതാണെന്നും നര്‍ത്തികയായ അവര്‍ക്ക് മൂത്രാശയ സംബന്ധമായ അസുഖങ്ങളുണ്ടെന്നും 80 ശതമാനം നര്‍ത്തകര്‍ക്കും സമാനമായ ആരോഗ്യപ്രശ്നമുണ്ടെന്നുമായിരുന്നു പ്രതിയുടെ വാദം. പൊലീസിന്‍റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനിടെ ദില്ലി പട്യാല കോടതിയിലാണ് പ്രതി ശങ്കര്‍ മിശ്ര ഇത്തരം വാദമുയർത്തിയത്.
ബിസിനസ് ക്ലാസിലേത് അടച്ച സീറ്റുകളിലായതിനാല്‍ യാത്രക്കാരിയുടെ അടുത്തേക്ക് പോയി മൂത്രമൊഴിച്ചുവെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും പ്രതി വാദിച്ചു. എന്നാൽ ഇത് തള്ളിയ കോടതി, ഉന്നത ബന്ധങ്ങളുള്ളതിനാൽ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്ന പൊലീസ് വാദം കണക്കിലെടുത്ത് ശങ്കര്‍ മിശ്രക്ക് കോടതി ജാമ്യം നിഷേധിച്ചു. പരാതിക്ക് പിന്നാലെ, എയർ ഇന്ത്യ ശങ്കർ മിശ്രയെ 30 ദിവസത്തേക്ക് വിമാനയാത്രയിൽ നിന്ന് വിലക്കിയിരുന്നു.
സംഭവം കൈകാര്യം ചെയ്ത ജീവനക്കാരോട് വിശദീകരണം തേടുകയും അന്വേഷണത്തിന് ആഭ്യന്തര സമിതിയെ നിയോഗിക്കുകയും ചെയ്തു. മോശമായോ അനുചിതമായോ പെരുമാറുന്ന യാത്രക്കാർക്കെതിരെ നടപടിയെടുക്കുന്നതിൽ എയർലൈൻ ജീവനക്കാർ പരാജയപ്പെട്ടാൽ കർശന നടപടിയെടുക്കുമെന്ന് ഏവിയേഷൻ റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മുന്നറിയിപ്പും നൽകി.
സാങ്കേതിക തകരാര്‍; തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിമാനം തിരിച്ചിറക്കി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam