
ജയ്‌പൂർ: ജയ്‌പൂരിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. ടേക്ക് ഓഫ് ചെയ്ത് 18 മിനിറ്റിന് ശേഷമാണ് വിമാനം ജയ്‌പൂർ വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. ഫ്ലൈറ്റ്റഡാർ വെബ്‌സൈറ്റ് പ്രകാരം ഉച്ചയ്ക്ക് 1.35നാണ് വിമാനം പറന്നുയർന്നത്. പിന്നീട് വിമാനം ജയ്‌പൂരിലേക്ക് തിരിച്ചുവിട്ടു എന്ന് രേഖപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി എയർ ഇന്ത്യ വിമാനങ്ങൾക്ക് നിരവധി സാങ്കേതിക തകരാറുകൾ സംഭവിക്കുകയും ഇത് വിമാനങ്ങൾ വഴിതിരിച്ചുവിടുന്നതിനും പ്രവർത്തന തടസങ്ങൾക്കും കാരണമാവുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ച മുംബൈയിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഏകദേശം 160 യാത്രക്കാരുമായി ദില്ലി വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് റദ്ദാക്കിയിരുന്നു. സാങ്കേതിക തകരാറാണ് ഇതിന് കാരണം. ചെറിയ സാങ്കേതിക പ്രശ്നം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സുരക്ഷയ്ക്ക് മുൻഗണന നൽകി ടേക്ക് ഓഫ് റദ്ദാക്കാൻ ക്രൂ തീരുമാനിക്കുകയായിരുന്നുവെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചു.
അതേ ദിവസം തന്നെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട മറ്റൊരു എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ടേക്ക് ഓഫ് ചെയ്ത് ഏതാനും മണിക്കൂറുകൾക്ക് ശേഷം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി. പൈലറ്റുമാരും ജീവനക്കാരും ഉൾപ്പെടെ 188 പേരുമായി കോഴിക്കോട് നിന്ന് രാവിലെ 9:07-ഓടെ പുറപ്പെട്ട IX 375 നമ്പർ വിമാനം 11:12-ഓടെ തിരിച്ചിറങ്ങുകയായിരുന്നുവെന്ന് എയർപോർട്ട് ഉദ്യോഗസ്ഥൻ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam