
മുംബൈ: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുള്ള വ്യോമപാത നിയന്ത്രണങ്ങളും വിമാന ഇന്ധനവിലയിലുണ്ടായ വൻ വർദ്ധനയും കാരണം എയർ ഇന്ത്യ തങ്ങളുടെ രാജ്യാന്തര സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു. വരുന്ന ജൂലൈ മാസം വരെ സർവീസുകളിൽ നിയന്ത്രണമുണ്ടാകുമെന്ന് എയർ ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ക്യാമ്പ്‌ബെൽ വിത്സൺ അറിയിച്ചു. ലാഭകരമല്ലാത്ത റൂട്ടുകളിലെ വിമാനങ്ങളാണ് റദ്ദാക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ മിക്ക രാജ്യാന്തര സർവീസുകളും വലിയ നഷ്ടത്തിലാണ് ഓടുന്നതെന്ന് ജീവനക്കാർക്ക് നൽകിയ സന്ദേശത്തിൽ വിത്സൺ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കാരണം വിമാനങ്ങൾക്ക് ദീർഘദൂര പാതകൾ സ്വീകരിക്കേണ്ടി വരുന്നുണ്ട്. ഇത് ഇന്ധന ഉപഭോഗം വർദ്ധിപ്പിക്കുകയും പ്രവർത്തനച്ചെലവ് കുത്തനെ കൂട്ടുകയും ചെയ്തു. ഏപ്രിൽ, മെയ് മാസങ്ങളിൽ ഇതിനകം തന്നെ ചില സർവീസുകൾ കുറച്ചിരുന്നു. എന്നാൽ സാഹചര്യം മെച്ചപ്പെടാത്തതിനാലാണ് ജൂൺ, ജൂലൈ മാസങ്ങളിലെ ഷെഡ്യൂളുകളിലും മാറ്റം വരുത്താൻ എയർ ഇന്ത്യ നിർബന്ധിതരായത്.
യാത്രക്കാരുടെ യാത്രാ പ്ലാനുകളിലും ജീവനക്കാരുടെ ഡ്യൂട്ടി ഷെഡ്യൂളുകളിലും ഉണ്ടാകുന്ന മാറ്റങ്ങളിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. ഹോർമുസ് കടലിടുക്ക് തുറക്കുകയും പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അറുതിയാവുകയും ചെയ്താൽ മാത്രമേ സർവീസുകൾ പഴയപടിയാക്കാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2026 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യ ഗ്രൂപ്പ് ഏകദേശം 22,000 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയതായാണ് കണക്കാക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ വ്യോമപാതയിലെ തടmങ്ങൾ എയർ ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam