എയർ ഇന്ത്യ വിമാനം 300 അടി താഴ്ചയിലേക്ക് വീണ സംഭവം; യഥാർത്ഥ കാരണത്തേക്കുറിച്ച് വീണ്ടും സംശയങ്ങൾ

Published : Aug 11, 2026, 02:27 PM IST
air india air turbulance

Synopsis

മോശം കാലാവസ്ഥയും എയർ ടർബുലൻസുമാണ് സംഭവത്തിന് കാരണമെന്നായിരുന്നു ആദ്യ ഘട്ടത്തിൽ നിരീക്ഷിക്കപ്പെട്ടത്.

ഡൽഹി: ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം പൊടുന്നനെ 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവത്തിലെ യഥാർത്ഥ കാരണത്തേക്കുറിച്ച് നിരവധി സംശയങ്ങൾ ശക്തമാകുന്നു. ഓഗസ്റ്റ് 4-ന് എയർബസ് എ320 വിമാനം പറക്കുന്നതിനിടെ പെട്ടെന്ന് ഏകദേശം 300 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് യാത്രക്കാർക്കും വിമാനത്തിലെ ജീവനക്കാർക്കും പരിക്കേൽക്കുകയും ക്യാബിനുള്ളിൽ കടുത്ത പരിഭ്രാന്തി സൃഷ്ടിക്കപ്പെടുകയും ചെയ്തു. യാത്രക്കാരിൽ ചിലർക്ക് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തെത്തുടർന്ന് വിമാനം സുരക്ഷിതമായി ഡൽഹിയിൽ ഇറക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം ആരംഭിച്ചു.

മോശം കാലാവസ്ഥയും എയർ ടർബുലൻസുമാണ് സംഭവത്തിന് കാരണമെന്നായിരുന്നു ആദ്യ ഘട്ടത്തിൽ നിരീക്ഷിക്കപ്പെട്ടത്. എന്നാൽ പിന്നീട് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ എയർ ടർബുലൻസിനേക്കുറിച്ച് പരാമർശമില്ല. വിമാനത്തിനുണ്ടായ സാങ്കേതിക തകരാറുകളാണ് അപകടത്തിന് കാരണമെന്ന് ചില മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹൈഡ്രോളിക് സിസ്റ്റത്തിലെ തകരാറുകളും ഓട്ടോപൈലറ്റ് സംവിധാനം പെട്ടെന്ന് പ്രവർത്തനരഹിതമായതുമാണ് ഇതിന് വഴിതെളിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിമാനത്തിന് ഗുരുതരമായ സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടതോടെ പൈലറ്റ്-ഇൻ-ചാർജ് വിമാനത്തിന്റെ മുൻഭാഗം താഴേക്ക് താഴ്ത്താൻ സഹപൈലറ്റിന് നിർദ്ദേശം നൽകിയെന്നും ഇത് മൂലം വിമാനം 300 അടിയോളം താഴേക്ക് പതിക്കുകയായിരുന്നു. പെട്ടെന്നുള്ള ഈ താഴ്ചയാണ് യാത്രക്കാർ ഉയർന്നുപൊങ്ങി തെറിച്ചു വീഴാൻ കാരണമായതെന്നും റിപ്പോർട്ടുകൾ പറയുന്നു.

അപകടത്തെ തുടർന്ന് നടത്തുന്ന സ്വാഭാവിക പരിശോധനകളുടെ ഭാഗമായി വിമാനത്തിന്റെ ക്യാപ്റ്റനെ ലഹരിപരിശോധനയ്ക്ക് വിധേയനാക്കിയപ്പോൾ പ്രാഥമിക പരിശോധനയിൽ തൃപ്തികരമല്ലാത്ത ഫലമാണ് ലഭിച്ചത്. ഇതിനെത്തുടർന്ന് കൂടുതൽ കൃത്യതയുള്ള രണ്ടാമത്തെ പരിശോധനയ്ക്കായി സാമ്പിളുകൾ ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. സാധാരണയായി ഉപയോഗിക്കുന്ന ചില മരുന്നുകൾ കഴിക്കുന്നത് മൂലവും പ്രാഥമിക പരിശോധനകളിൽ ഇത്തരം ഫലങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നുവോ എന്ന് രണ്ടാമത്തെ പരിശോധനാ ഫലം വന്നതിനു ശേഷം മാത്രമേ ഉറപ്പിക്കാൻ സാധിക്കൂ.

അപകടകരമായ സാഹചര്യം നേരിട്ടിട്ടും വിമാനം അടുത്തുള്ള ഏതെങ്കിലും വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കാതെ ഡൽഹിയിലേക്ക് യാത്ര തുടർന്നത് എന്തുകൊണ്ടാണെന്ന ചോദ്യവും ഉയരുന്നുണ്ട്. മധ്യപ്രദേശിന് മുകളിലൂടെയോ ഒഡീഷയ്ക്ക് മുകളിലൂടെയോ പറക്കുമ്പോഴാണ് ഈ തകരാർ ശ്രദ്ധയിൽപ്പെട്ടതെന്ന് കരുതപ്പെടുന്നു. ക്യാബിനുള്ളിലെ യാത്രക്കാരുടെ പരിക്കിന്റെ ഗുരുതരാവസ്ഥ പൈലറ്റുമാർ കൃത്യമായി അറിഞ്ഞിരിക്കാനിടയില്ലെന്നും അല്ലെങ്കിൽ വിമാനത്തിന്റെ തകരാറുകൾ പരിഹരിച്ച് നിയന്ത്രണം വീണ്ടെടുത്തതിനാലാകാം ഡൽഹിയിലേക്ക് തന്നെ പറക്കാൻ തീരുമാനിച്ചതെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീട്ടുജോലിക്കാരിക്ക് മർദനം, മുടിയിൽ പിടിച്ചുവലിച്ചു, ഫോൺ കൊണ്ട് അടിച്ചു; വീട്ടുടമയായ 52-കാരി അറസ്റ്റിൽ
കയ്യേറ്റത്തെച്ചൊല്ലി തർക്കം; അരുണാചൽ പ്രദേശ് - അസം അതിർത്തിയിൽ വെടിവെപ്പ്; എട്ടുപേർക്ക് പരിക്ക്